Arogyakeralam
7.1K subscribers
About Arogyakeralam
Official whatsApp Channel of National Health Mission, Kerala.. Be with us for timely health alerts
Similar Channels
Swipe to see more
Posts
*കോവിഡ്, ജില്ലകള്‍ നിരീക്ഷണം ശക്തമാക്കണം: മന്ത്രി വീണാ ജോര്‍ജ്* *മഞ്ഞപ്പിത്തം ബാധിക്കുന്നവര്‍ രോഗം പകരാന്‍ സാധ്യതയുള്ള കാലയളവില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം* *രോഗമുള്ളവർ ഭക്ഷണ ശാലകളിൽ ജോലിചെയ്യാൻ പാടില്ല* *മന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടേയും ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍മാരുടേയും യോഗം ചേര്‍ന്നു* തിരുവനന്തപുരം: ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ജില്ലകള്‍ നിരീക്ഷണം ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എവിടെയെങ്കിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നുണ്ടോയെന്ന് കണ്ടെത്തി അതനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. ജില്ലകള്‍ കൃത്യമായി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടേയും ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍മാരുടേയും യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. 273 കോവിഡ് കേസുകളാണ് മേയ് മാസത്തില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കോട്ടയം ജില്ലയില്‍ 82, തിരുവനന്തപുരം 73, എറണാകുളം 49, പത്തനംതിട്ട 30, തൃശൂര്‍ 26 എന്നിങ്ങനെയാണ് ഈ മാസത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കോവിഡിന് സ്വയം പ്രതിരോധം പ്രധാനമാണ്. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. പ്രായമായവരും, ഗര്‍ഭിണികളും, ഗുരുതര രോഗമുള്ളവരും പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണ്. ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം. ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് നല്ലത്. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. കോളറ, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) എന്നീ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം. കുടിവെള്ളം മലിനമാക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമ പ്രകാരം നടപടി സ്വീകരിക്കണം. അവബോധം ശക്തമാക്കണം. ഹെപ്പറ്റൈറ്റിസ് എ ബാധിക്കുന്നവര്‍ രോഗം പകരാന്‍ സാധ്യതയുള്ള കാലയളവില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. പ്രതിരോധ മാര്‍ഗങ്ങള്‍ · മഞ്ഞപ്പിത്തം ബാധിച്ചവര്‍ ഭക്ഷണം പാകം ചെയ്യുമ്പോള്‍ രോഗം പടരാന്‍ സാധ്യതയുള്ളതിനാല്‍ അവര്‍ ഭക്ഷണം പാകം ചെയ്യാന്‍ പാടില്ല. · മഞ്ഞപ്പിത്തം ബാധിച്ചവര്‍ സ്വയം സൂക്ഷിക്കുകയും മറ്റുള്ളവരോട് സമ്പര്‍ക്കം പുലര്‍ത്താതിരിക്കുകയും ചെയ്യണം. . രോഗമുള്ളവർ ഭക്ഷണ ശാലകളിൽ ജോലിചെയ്യാൻ പാടില്ല. · രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുക. · തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. · കുടിവെള്ളം മലിനമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. · ഭക്ഷണം കഴിക്കുന്നതിന് മുമ്പും മലമൂത്ര വിസര്‍ജ്ജനത്തിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക. · പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ വളരെ ശ്രദ്ധിക്കണം. മഴക്കാലമായതിനാല്‍ ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങള്‍ എന്നിവ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കണം. തദ്ദേശ സ്ഥാപന തലത്തില്‍ മൈക്രോ പ്ലാന്‍ തയ്യാറാക്കി ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണം. ഹോട്ട് സ്‌പോട്ടുകള്‍ കണ്ടെത്തി പ്രവര്‍ത്തനങ്ങള്ഡ ഏകോപിപ്പിക്കണം. തദ്ദേശ സ്ഥാപന തലത്തില്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടത്തുന്നുണ്ടെന്ന് ഉറപ്പാക്കണം. ക്ലസ്റ്റര്‍ ഉണ്ടാകുന്നില്ല എന്നും ഉറപ്പാക്കണം. മരുന്ന് ലഭ്യത ഉറപ്പാക്കണം. വയറിളക്ക രോഗങ്ങള്‍ക്കെതിരേയും ജാഗ്രത പുലര്‍ത്തണം. എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
https://www.facebook.com/share/r/159zJvrSFN/?mibextid=wwXIfr
*ശക്തമായ മഴ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി: മന്ത്രി വീണാ ജോര്‍ജ്* *ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവര്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കണം* *തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണം* തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം കാരണം നിരവധി പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. വെള്ളം കയറാന്‍ സാധ്യതയുള്ള ആരോഗ്യ സ്ഥാപനങ്ങള്‍ ആവശ്യമായ ബദല്‍ ക്രമീകരണങ്ങള്‍ ഒരുക്കണം. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാന്‍ നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കണം പ്രവര്‍ത്തിക്കേണ്ടത്. ജലജന്യ രോഗങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. മഴ തുടരുന്നതിനാല്‍ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കും സാധ്യതയുണ്ട്. കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കൊതുകിന്റെ ഉറവിടങ്ങള്‍ നശിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം. എലിപ്പനി പ്രതിരോധം പ്രധാനമാണ്. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഗംബൂട്ട്, ഗ്ലൗസ് മുതലായ വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഇറങ്ങുന്നവര്‍ കൈകാലുകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക. വെള്ളത്തിലിറങ്ങുന്നവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. കെട്ടി നില്‍ക്കുന്ന വെള്ളത്തില്‍ കുട്ടികള്‍ കളിക്കുകയോ കുളിക്കുകയോ ചെയ്യരുത്. വയറിളക്ക രോഗങ്ങള്‍, മഞ്ഞപ്പിത്തം, ടൈഫോയിഡ് തുടങ്ങിയവ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. മഞ്ഞപ്പിത്തം ബാധിച്ചവര്‍ ഭക്ഷണം പാകം ചെയ്യുമ്പോള്‍ രോഗം പടരാന്‍ സാധ്യതയുള്ളതിനാല്‍ അവര്‍ ഭക്ഷണം പാകം ചെയ്യാന്‍ പാടില്ല. അവര്‍ സ്വയം സൂക്ഷിക്കുകയും മറ്റുള്ളവരോട് സമ്പര്‍ക്കം പുലര്‍ത്താതിരിക്കുകയും ചെയ്യണം. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. ഭക്ഷണം കഴിക്കുന്നതിന് മുമ്പും മലമൂത്ര വിസര്‍ജ്ജനത്തിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക.
*ഡെങ്കിപ്പനിയില്‍ നിന്നും രക്ഷനേടാം: സഞ്ചരിക്കുന്ന അവബോധ വാന്‍* *മന്ത്രി വീണാ ജോര്‍ജ് ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചു* തിരുവനന്തപുരം: ഡെങ്കിപ്പനി അവബോധത്തിന് സജ്ജമാക്കിയ സഞ്ചരിക്കുന്ന അവബോധ വാനിന്റെ ഫ്‌ളാഗ് ഓഫ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ഈ അവബോധ വാന്‍ തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് അവബോധം നല്‍കുന്നതാണ്. ഈ വാനിലൂടെ ഡെങ്കിപ്പനി അവബോധ വീഡിയോകള്‍ പ്രദര്‍ശിപ്പിക്കും. കൊതുകിന്റെ ഉറവിട നശീകരണത്തില്‍ സ്വന്തം വീട്ടിലും സ്ഥാപനത്തിലും അവരവര്‍ക്ക് ചെയ്യാന്‍ കഴിയുന്നത് വ്യക്തമാക്കുന്നതാണ് വീഡിയോകള്‍. മഴക്കാലം മുന്നില്‍ കണ്ട് ദേശീയ ഡെങ്കിപ്പനി ആചരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് എല്ലാ ജില്ലകളിലും അവബോധം ശക്തമാക്കിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം കാരണം ഡെങ്കിപ്പനിയ്‌ക്കെതിരെ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഉറവിട നശീകരണത്തിന് എല്ലാ തദ്ദേശ സ്ഥാപനങ്ങളും പൊതുജനങ്ങളും ശ്രദ്ധിക്കണം. വീട്ടിലോ സ്ഥാപനത്തിലോ അകത്തോ പുറത്തോ വെള്ളം കെട്ടി നില്‍ക്കുന്ന സാഹചര്യം ഉണ്ടാകരുത്. കൃത്യമായ ചികിത്സയും പരിചരണവും ഉറപ്പാക്കാനും സംസ്ഥാനത്ത് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ആവശ്യമായ പരിശീലനങ്ങളും സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. പനി ബാധിച്ചാല്‍ സ്വയം ചികിത്സ പാടില്ല. ഏത് പനിയും പകര്‍ച്ചപ്പനി ആകാന്‍ സാധ്യതയുള്ളതിനാല്‍ വൈദ്യ സഹായം തേടണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും മറ്റ് സന്നദ്ധ സംഘടനകളുടെയും പങ്കാളിത്തത്തോടുകൂടി ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടന്ന് വരികയാണ്. മേയ് 23, മേയ് 30 തീയതികളില്‍ പ്രത്യേക പ്രവര്‍ത്തനങ്ങള്‍ നടക്കും. ഇത് കൂടാതെ എല്ലാ വീടുകളിലും എല്ലാ സ്ഥാപനങ്ങളിലും സ്‌പെഷ്യല്‍ ഡ്രൈ ഡേയും ആചരിക്കണം. സ്‌കൂള്‍ തുറക്കുന്നത് മുന്നില്‍ കണ്ട് സ്‌കൂളും പരിസരവും കൂടി ശ്രദ്ധിക്കേണ്ടതാണ്. എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. വിനയ് ഗോയല്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. റീത്ത, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു മോഹന്‍ തുടങ്ങിയവർ പങ്കെടുത്തു.