
പ്രവാചക ജീവചരിത്രം
4 subscribers
About പ്രവാചക ജീവചരിത്രം
ലോകം കണ്ട ഏറ്റവും വലിയ മഹാനാണ് മുഹമ്മദ് നബി(സ്വ). മാതൃകാപരമായ പെരുമാറ്റത്തിലൂടെ ശത്രുക്കളുടെ പോലും ആദരവും സ്‌നേഹവും പിടിച്ചുപറ്റിയ വ്യക്തിത്വത്തിന്റെ ഉടമ. ആ പ്രവാചകന്റെ ജീവിതം എല്ലാവര്‍ക്കും മാതൃകയാണ്. അധ്യാപകന്നും വിദ്യാര്‍ഥിക്കും നേതാവിന്നും ഭരണാധികാരിക്കും സൈനിക മേധാവിക്കുമെല്ലാം മാതൃക. അദ്ദേഹത്തിന്റെ ജീവിതം നല്‍കിയ സന്ദേശം സാര്‍വകാലികവും സാര്‍വലൗകികവുമാണ്. അവിടുത്തെ നിയോഗമനം ലോകത്തിനാകമാനം കാരുണ്യമാണ്. 'ലോകത്തിന് മുഴുവന്‍ കാരുണ്യമായിക്കൊണ്ടല്ലാതെ താങ്കളെ നാം നിയോഗിച്ചിട്ടില്ല''എന്ന് അല്ലാഹു പറയുന്നു. ഇരുലോകത്തും നന്മമാത്രം പ്രദാനം ചെയ്യുന്ന തത്ത്വങ്ങള്‍ മാത്രം പഠിപ്പിച്ച ആ പ്രവാചകനെ(സ്വ) അല്ലാഹു പരിചയപ്പെടുത്തുന്നത് കാണുക: ''(അതായത്) തങ്ങളുടെ പക്കലുള്ള തൗറാത്തിലും ഇന്‍ജീലിലും രേഖപ്പെടുത്തപ്പെട്ടതായി അവര്‍ക്ക് കണ്ടെത്താന്‍ കഴിയുന്ന ആ അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതനെ (മുഹമ്മദ് നബിയെ) പിന്‍പറ്റുന്നവര്‍ക്ക് (ആ കാരുണ്യം രേഖപ്പെടുത്തുന്നതാണ്). അവരോട് അദ്ദേഹം സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കള്‍ അവര്‍ക്ക് അനുവദനീയമാക്കുകയും, ചീത്ത വസ്തുക്കള്‍ അവരുടെമേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു. അപ്പോള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ പിന്തുണക്കുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കപ്പെട്ടിട്ടുള്ള ആ പ്രകാശത്തെ പിന്‍പറ്റുകയും ചെയ്തവരാരോ, അവര്‍ തന്നെയാണ് വിജയികള്‍. പറയുക: മനുഷ്യരേ, തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ഏതൊരുവന്നാണോ അവന്റെ (ദൂതന്‍)''(അല്‍ അഅ്‌റാഫ് 157,158). ജീവിതത്തിന്റെ ഏതു മേഖലയിയും അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഉദാത്തമായ മാതൃകയുണ്ട്: ''തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്'' (അല്‍ അഹ്‌സാബ് 21).
Similar Channels
Swipe to see more