SSF KERALA
January 30, 2025 at 01:31 PM
നമ്മുടെ രാഷ്ട്രപിതാവിന്റെ കൊലപാതകത്തിന് ഒരാണ്ടുകൂടി പിന്നിടുന്നു. ഗാന്ധി മുന്നോട്ടുവെച്ച സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സഹിഷ്ണുതയുടെയും മാനവിക മൂല്യങ്ങളെ ഉൾക്കൊള്ളാൻ കഴിയാത്ത സംഘപരിവാർ പ്രത്യയശാസ്ത്രത്തിന്റെ, സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഇരയായിരുന്നു ഗാന്ധി. അനേകം മനുഷ്യരും സംസ്കാരങ്ങളും എണ്ണിയാലൊടുങ്ങാത്ത വൈവിധ്യങ്ങളും കൊണ്ട് മനോഹരമായ ഇന്ത്യയെ ഏകശിലാത്മകമായ ഒരു പ്രത്യയശാസ്ത്രത്തിൽ വരിഞ്ഞുമുറുക്കാനുള്ള ഗൂഢാലോചനയുടെ ആദ്യത്തെ ലക്ഷ്യം ഗാന്ധിയായിരുന്നു. വ്യത്യസ്തതയുടെയും വ്യതിരിക്തതയുടെയും അനേകം കാരണങ്ങൾ ചുറ്റുമുള്ളപ്പോഴും ഗാന്ധി ഇന്ത്യൻ ജനതയെ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും ഒറ്റച്ചരടിൽ ചേർത്തുനിർത്തി. പരസ്പരം ഭിന്നിക്കുകയും വിദ്വേഷവും വെറുപ്പും വെച്ചുപുലർത്തുകയും ചെയ്യുന്ന ഒരു സമൂഹത്തിൽ മാത്രമേ തങ്ങളുടെ ആശയങ്ങൾക്ക് വേരുപിടിപ്പിക്കാനാവൂ എന്ന് തിരിച്ചറിഞ്ഞവർ ആ വലിയ മനുഷ്യന്റെ ജീവനെടുത്തു. പക്ഷേ, മൂന്ന് വെടിയുണ്ടകൾ കൊണ്ട് തീർക്കാനാവുന്നതായിരുന്നില്ല ഗാന്ധിയുടെ ജീവിതവും മാർഗവും. വെറുപ്പും വിദ്വേഷവും അധികാരത്തിലേക്കുള്ള എളുപ്പവഴിയായി കാണുന്നവർക്ക് ഇന്നും ഗാന്ധി തടസ്സംനിൽക്കുന്നു. ഗോഡ്സെക്കും അയാളുടെ പ്രത്യയശാസ്ത്രത്തിനും അനേകം അനുയായികളും ഭരണകൂട പിന്തുണയും ഉണ്ടാവുന്ന ഈ കാലത്തും ഗാന്ധിയിലൂടെ തന്നെ ഇന്ത്യൻ ജനത അതിനെ അതിജയിക്കും. രാഷ്ട്രപിതാവ് ഇന്ത്യൻ ജനതക്ക് പകർന്നുനൽകിയ അനേകം ജീവിതമൂല്യങ്ങൾ വെറുപ്പിന്റെ വക്താക്കൾക്ക് നശിപ്പിക്കാനാവാത്ത ഒരു പ്രതീകമായി ഇവിടെ വെളിച്ചം വീശുന്നു. മുന്നോട്ടുള്ള വഴിയിലും ഗാന്ധി നമ്മെ നയിക്കും... ഗാന്ധിയുടെ രാജ്യത്ത് ഗോഡ്‌സെ തോറ്റു പോകുന്നു. ഗാന്ധിയുടെ രാജ്യം പിന്നെയുമിവിടെ ബാക്കിയാവുന്നു... #ssfkerala #january30 #gandhi
❤️ 👍 😢 10

Comments