
R. Roshan
February 25, 2025 at 05:32 AM
*വിജയീഭവ സംരംഭക മഹോത്സവം 27-ന് കൊച്ചിയില്‍*
കൊച്ചി: കേരളത്തിലെ മുന്‍നിര സംരംഭക കൂട്ടായ്മയായ വിജയീഭവ അലുംനി അസോസിയേഷന്‍ (വി.ബി.എ) ഒരുക്കുന്ന എട്ടാമത് ബിസിനസ് സമ്മിറ്റ് 'സംരംഭക മഹോത്സവം' വ്യാഴാഴ്ച കാക്കനാട് തൃക്കാക്കര ചിറ്റിലപ്പിള്ളി സ്‌ക്വയറില്‍ അരങ്ങേറും. ഐ.എ.എസ്. ഉപേക്ഷിച്ച് സംരംഭകവഴി തിരഞ്ഞെടുത്ത സി.ബാലഗോപാലാണ് മുഖ്യാതിഥി. ലോകത്തിലെ ഏറ്റവും വലിയ ബ്ലഡ് ബാഗ് കമ്പനികളിലൊന്നായി വളര്‍ന്ന ടെറുമോ പെന്‍പോളിന്റെ സ്ഥാപകനായ അദ്ദേഹം നിലവില്‍ സംസ്ഥാന വ്യവസായ വികസന കോര്‍പ്പേറേഷന്‍ (കെ.എസ്.ഐ.ഡി.സി.) ചെയര്‍മാനാണ്. 24 ന്യൂസിന്റെയും ഫ്ളവേഴ്‌സ് ടി.വി.യുടെയും മാനേജിങ് ഡയറക്ടര്‍ ആര്‍. ശ്രീകണ്ഠന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തും. മാധ്യമ സംരംഭകനായി വളര്‍ന്ന തന്റെ ജീവിതകഥ അദ്ദേഹം വിവരിക്കും.
വി-ഗാര്‍ഡ് ഗ്രൂപ്പ് സ്ഥാപകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ ആഭിമുഖ്യത്തിലുള്ള ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെയും പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി സ്ഥാപനമായ വര്‍മ ആന്‍ഡ് വര്‍മയിലെ സീനിയര്‍ പാര്‍ട്ട്ണറായ വി. സത്യനാരായണന്റെയും നേതൃത്വത്തിലുള്ള സംരംഭകത്വ പരിശീലന പരിപാടിയാണ് വിജയീഭവ. വലുതും ചെറുതുമായ 750-ലേറെ സംരംഭകര്‍ പങ്കെടുക്കുന്ന ഈ സമ്മിറ്റിന്റെ ഇത്തവണത്തെ പ്രമേയം 'ദി ഫ്യൂച്ചര്‍ ഈസ് നൗ' (ഭാവി ഇതാ ഇപ്പോഴാണ്) എന്നതാണെന്ന് വി.ബി.എ. പ്രസിഡന്റ് രാജീവ് മന്ത്ര, സെക്രട്ടറി സുധീഷ് ഭാസ്‌കരന്‍ എന്നിവര്‍ അറിയിച്ചു.
രാവിലെ 10 മുതല്‍ വൈകീട്ട് ആറു വരെ നടക്കുന്ന സംരംഭക മഹോത്സവത്തില്‍ കേരളത്തിലും പുറത്തും ബിസിനസ് വളര്‍ത്താനുള്ള വഴികള്‍, ഡിജിറ്റല്‍ ലോകത്തെക്കുറിച്ചും മോഡേണ്‍ റീട്ടെയിലിനെക്കുറിച്ചുമുള്ള സെഷനുകള്‍, വ്യവസായ വിദഗ്ധരുമായുള്ള പാനല്‍ ചര്‍ച്ചകള്‍, സംരംഭക വിജയകഥകളുടെ അവതരണം എന്നിവയുണ്ടാകും. പുതിയ ഉത്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കുന്ന സ്റ്റാളുകള്‍, മികച്ച സംരംഭങ്ങള്‍ക്കുള്ള അംഗീകാരങ്ങളും അവാര്‍ഡുകളും നല്‍കുന്ന ചടങ്ങുകള്‍, വ്യവസായ രംഗത്തെ പ്രമുഖരുമായി സമ്പര്‍ക്കത്തിനുള്ള അവസരങ്ങള്‍, എ.ഐ. സാങ്കേതികവിദ്യയെ വിനിയോഗിക്കാവുന്ന വര്‍ക്ക് ഷോപ്പുകള്‍ തുടങ്ങി ആധുനിക ബിസിനസ് ലോകത്തെ നവീനസാധ്യതകളിലേക്ക് വാതില്‍ തുറക്കുന്ന നിരവധി പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്.
എ.ബി.സി. ഗ്രൂപ്പ് സ്ഥാപകന്‍ മുഹമ്മദ് മദനി ആഗോള ബിസിനസ് സാധ്യതകളെക്കുറിച്ച് പ്രഭാഷണം നടത്തും. ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജീസ് കോഫൗണ്ടറും സി.ഇ.ഒ.യുമായ അനീഷ് അച്യുതന്‍ ഫിന്‍ ടെക് രംഗത്തെ സാധ്യതകളെക്കുറിച്ച് സംസാരിക്കും. 'ദി ഫ്യൂച്ചര്‍ ഈസ് നൗ, ഫ്രം ഐഡിയാസ് ടു ആക്ഷന്‍' എന്ന പാനല്‍ ചര്‍ച്ചയില്‍ വ്യവസായ രംഗത്തെ പ്രമുഖരായ വര്‍മ ആന്‍ഡ് വര്‍മ സി.എ. സീനിയര്‍ പാര്‍ട്ട്ണര്‍ വിവേക് കൃഷ്ണ ഗോവിന്ദ്, വി-സ്റ്റാര്‍ ക്രിയേഷന്‍സ് സ്ഥാപക ഷീല കൊച്ചൗസേഫ്, കെയര്‍ ഫോര്‍ യു മാനേജിങ് പാര്‍ട്ണര്‍ ലൈല സുധീഷ്, ഇ.വി.എം. മോട്ടോര്‍സ് ചീഫ് എച്ച്.ആര്‍. ഓഫീസര്‍ ജോണ്‍സണ്‍ മാത്യൂ, മെഡിവിഷന്‍ ഗ്രൂപ്പ് ഡയറക്ടര്‍ ബിബു പുന്നൂരാന്‍ എന്നിവര്‍ പങ്കെടുക്കും. 'ഹൗ ടു ഇന്‍ഫ്ളുവന്‍സ് ഫ്യൂച്ചര്‍' എന്ന വിഷയത്തിലുള്ള സമഗ്രമായ പാനല്‍ ചര്‍ച്ചയില്‍ പ്രശസ്ത യൂട്യൂബറും ട്രാവല്‍-ഓട്ടോമൊബൈല്‍ ജേര്‍ണലിസ്റ്റുമായ ബൈജു എന്‍. നായര്‍, പെന്റാഡ് സെക്യൂരിറ്റീസ് സി.ഇ.ഒ. നിഖില്‍ ഗോപാലകൃഷ്ണന്‍, ബിസിനസ് ജേര്‍ണലിസ്റ്റ് ആര്‍. റോഷന്‍, കെന്‍ പ്രൈമോ ടെക്‌നോ സൊല്യൂഷന്‍സ് ഫൗണ്ടര്‍ എം.കെ. നൗഷാദ് എന്നിവര്‍ പങ്കെടുക്കും. എ.ഐ. സാങ്കേതികവിദ്യയെക്കുറിച്ചുള്ള പാനല്‍ ചര്‍ച്ചയില്‍ ഡോക്ടര്‍ അസിസ്റ്റ് എ.ഐ.യുടെ കോഫൗണ്ടറും സി.എ.ഒ.യുമായ അഭിലാഷ് രഘുനന്ദനന്‍, എച്ച് ആന്‍ഡ് കെ കണ്‍സല്‍ട്ടന്‍സി മാനേജിങ് ഡയറക്ടര്‍ ഹുസൈന്‍ നൂറുദ്ദീന്‍ കുഞ്ഞു, കോണ്‍വയ് ഇന്നവേഷന്‍സ് സി.ഇ.ഒ. എം.നന്ദകിഷോര്‍, ഹാഷ് ഫ്യൂച്ചര്‍ സ്‌കൂള്‍ കോഫൗണ്ടറും സി.എ.ഒ.യുമായ പി.കെ.ശിഹാബുദ്ദീന്‍ എന്നിവരും പങ്കെടുക്കും.
വാണിജ്യരംഗത്തെയും സാങ്കേതിക രംഗത്തെയും മറ്റു പ്രമുഖരും സമ്മിറ്റിന്റെ ഭാഗമാകും. വി.ബി.എ. അംഗങ്ങള്‍ അല്ലാത്ത സംരംഭകര്‍ക്കും സമ്മിറ്റില്‍ പങ്കെടുക്കാനും. വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും: 9074059990.

❤️
1