സത്യത്തിൻ്റെ പാതയിലൂടെ നന്മയുടെ പൂക്കൾ ചിരിച്ചുംചിന്തിച്ചും കാണാം കേൾക്കാം മനസ്സിലാക്കാം
March 1, 2025 at 02:25 AM
*☪ FRIDAY THOUGHT ☪*
*●≼≽≼≽≼≽≼≽≼≽≼≽≼≽≼≽≼≽≼≽≼≽●*
================= *Join WhatsApp*
*https://whatsapp.com/channel/0029VaCyEJwAojZ0IHd0vX2g*
•••••••┈┈•✿❁✿•┈┈•••••••
*📌 റമളാൻ; ഉദാരത ശീലിപ്പിക്കുന്ന വിദ്യാലയം*
✍🏼ദാനധര്‍മങ്ങള്‍ ചെയ്യാന്‍ ആളുകള്‍ക്ക് പരിശീലനവും പ്രേരണയും നല്‍കുന്ന ഒരു കേന്ദ്രം പോലെയാണ് റമളാന്‍ കാലം പ്രവര്‍ത്തിക്കുന്നത്.
അല്ലാഹു ﷻ പറയുന്നു: 'സ്വന്തത്തിനു വേണ്ടി നിങ്ങള്‍ എന്തൊരു നന്മ മുന്‍കൂട്ടി ചെയ്തുവെക്കുകയാണെങ്കിലും അല്ലാഹുﷻവിങ്കല്‍ അത് ഏറ്റവും ഗുണകരവും മഹത്തായ പ്രതിഫലമുള്ളതുമായി നിങ്ങള്‍ കണ്ടെത്തുന്നതാണ്' (73: 20).
📚'അല്ലാഹുﷻവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നവരുടെ ഉപമ ഒരു ധാന്യമണി പോലെയാണ്. അത് ഏഴു കതിരുകള്‍ ഉല്‍പാദിപ്പിച്ചു. ഓരോ കതിരും നൂറ് ധാന്യമണിയും. അല്ലാഹു ﷻ താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇരട്ടിയായി നല്‍കുന്നു. അല്ലാഹു ﷻ വിപുലമായ കഴിവുകളുള്ളവനും എല്ലാം അറിയുന്നവനുമാണ്' (2: 261).
✒ഇബ്‌നു അബ്ബാസ് (റ) വില്‍നിന്നും നിവേദനം ചെയ്യപ്പെട്ട ഒരു ഹദീസില്‍ കാണാം: ജനങ്ങളില്‍വെച്ച് ഏറ്റവും വലിയ ധര്‍മിഷ്ഠനായിരുന്നു പ്രവാചകന്‍ ﷺ. റമളാനില്‍ ജിബ് രീല്‍ ഇറങ്ങിവരുന്ന സമയമായാല്‍ പ്രവാചകന്‍ ﷺ അതിധര്‍മിഷ്ഠനായി മാറുന്നു. അഴിച്ചുവിടപ്പെട്ട കാറ്റിനെക്കാള്‍ വലിയ ഉദാരമതിയായാണ് ഈ കാലം പ്രവാചകൻ ﷺ കാണപ്പെടുന്നത്.
🍲വിശന്നവന് ഭക്ഷണം കൊടുക്കാനും പാവപ്പെട്ടവന് ദാനധര്‍മങ്ങള്‍ ചെയ്യാനുമാണ് നോമ്പുകാലം ആഹ്വാനം ചെയ്യുന്നത്. റമളാന്‍ മാസം ഉദാരമതികളുടെ ഇഷ്ട കാലവും ധര്‍മിഷ്ടരുടെ സുവര്‍ണാവസരവുമാണ്.
🔅ഒരു കവിയുടെ വാക്കുകള്‍ ഏറെ ചിന്തോദ്ദീപകം തന്നെ. അദ്ദേഹം പറയുന്നു: 'അല്ലാഹു ﷻ നിനക്ക് നല്‍കിയ സമ്പാദ്യത്തില്‍നിന്നും നീ ചെലവഴിക്കുക. നിശ്ചയം സമ്പത്ത് കടം പോലെയാണ്; അത് തിരിച്ചുകൊടുക്കേണ്ടിവരും; വയസ്സ് തീര്‍ന്നുപോകുന്നതുമാണ്.
🍶പണം വെള്ളം പോലെയാണ്. ചെലവഴിക്കാതെ കെട്ടിനിര്‍ത്തിയാല്‍ അത് ദുഷിച്ചുപോകും. അതിനെ ഒഴുകാന്‍ അനുവദിച്ചാല്‍ അത് തെളിമയാര്‍ന്നതും മധുരതരവുമാവും.
ആയതിനാല്‍, ദാനധര്‍മം അതിമഹത്തരവും പവിത്രവുമായ ഒരു സംഗതി തന്നെ. ഒരു ഹദീസില്‍ കാണാം. പ്രവാചകന്‍ ﷺ പറഞ്ഞു: 'അല്ലാഹുﷻവിന് രണ്ടു മലക്കുകളുണ്ട്. ഓരോ ദിവസവും പ്രഭാതത്തില്‍ അതിലൊരാള്‍ ഇങ്ങനെ വിളിച്ചുപറയും: 'അല്ലാഹുവേ, നീ ചെലവഴിക്കുന്നവന് വീണ്ടും വീണ്ടും വര്‍ദ്ധിപ്പിച്ച് നല്‍കേണമേ.' രണ്ടാമത്തെ മലക്ക് ഇങ്ങനെ പറയും: 'അല്ലാഹുവേ, നീ ചെലവഴിക്കാതെ പിടിച്ചുവെക്കുന്നവന് നാശം നല്‍കേണമേ.'
💴സമ്പത്ത് നല്ല മാര്‍ഗങ്ങളില്‍ ചെലഴിക്കുന്നവനാണ് വിശ്വാസി. ചെലവഴിക്കുംതോറും അല്ലാഹു ﷻ അവന്റെ ഭക്ഷണത്തില്‍ വിശാലതയും മനസ്സില്‍ സ്വസ്ഥതയും ശരീരത്തില്‍ പുഷ്ടിയും നല്‍കുന്നതാണ്.
🌹പ്രവാചകന്‍ ﷺ പറഞ്ഞു: 'വെള്ളം തീ അണയ്ക്കുന്നപോലെ ദാനധര്‍മങ്ങള്‍ പാപങ്ങളെ അണയ്ക്കുന്നതാണ്.' മനുഷ്യന്‍ ചെയ്തുകൂട്ടുന്ന തെറ്റുകള്‍ അവന്റെ ഹൃദയത്തില്‍ ഒരു തരം ചൂടും ജ്വലനവും സൃഷ്ടിക്കും. അഗ്നിപോലെ സദാ അത് അവന്റെ ഉള്ളില്‍ കത്തിക്കൊണ്ടിരിക്കും. തണുപ്പാര്‍ന്നതും സൗഖ്യപൂര്‍ണവുമായ സ്വദഖകള്‍ക്കേ അത് തുടച്ചുമാറ്റാന്‍ സാധിക്കുകയുള്ളൂ. കാരണം, മനസ്സിനു കുളിരു നല്‍കുന്നതും ഹൃദയത്തിനു നനവു പകരുന്നതുമായ അനുഭവമാണ് സ്വദഖകള്‍. അത് പാപങ്ങളെ മായ്ച്ചുകളയുന്നതാണ്.
📖മറ്റൊരു ഹദീസില്‍ കാണാം. പ്രവാചകന്‍ ﷺ പറഞ്ഞു: 'പാരത്രിക ലോകത്ത് ഓരോ അടിമയും താന്‍ ചെയ്ത സ്വദഖയുടെ നിഴലിലായിരിക്കും; ജനങ്ങള്‍ക്കിടയില്‍ അല്ലാഹുﷻവിന്റെ വിധി നടപ്പാക്കപ്പെടുന്നതു വരെ.'
🍃കാര്യം എത്ര അല്‍ഭുതം..! താന്‍ ചെയ്യുന്ന ഓരോ ദാനധര്‍മങ്ങളും അന്ത്യനാളില്‍ അവന് തണല്‍ നല്‍കാന്‍ കടന്നുവരുമെന്നാണ് പ്രവാചകന്‍ ﷺ ഇതിലൂടെ വ്യക്തമാക്കുന്നത്. ഓരോരുത്തര്‍ക്കും താന്‍ ഭൂമിയില്‍ വെച്ചു ചെയ്ത സ്വദഖകളുടെ തോതനുസരിച്ച് ആ തണലിന്റെ ശക്തിയും വലിപ്പവും വ്യത്യാസപ്പെടുന്നതായിരിക്കും.
👑ഉസ്മാന്‍ (റ) ധാരാളം സമ്പാദ്യമുള്ള വലിയ മുതലാളിയായിരുന്നു. പക്ഷെ, അദ്ദേഹം തന്റെ സമ്പാദ്യം മുഴുവന്‍ അല്ലാഹു ﷻ ഇഷ്ടപ്പെട്ട മാര്‍ഗങ്ങളില്‍ ചെലവഴിച്ചു. തബൂക്ക് യുദ്ധത്തിനുവേണ്ടി മുസ്‌ലിം സൈന്യം തമ്പടിച്ചപ്പോള്‍ അവര്‍ക്ക് യഥേഷ്ടം വെള്ളമുപയോഗിക്കാനായി ബിഅ്‌റു റൂമാ എന്ന കിണര്‍ സ്വന്തമായി വിലക്കു വാങ്ങി. മുസ്‌ലിംകള്‍ക്ക് ദാനം ചെയ്തു.
👑അബ്ദുര്‍റഹ്മാന്‍ ബിന്‍ ഔഫ് (റ) ആയിരുന്നു സ്വഹാബികള്‍ക്കിടയിലെ മറ്റൊരു ധനികന്‍. മദീനയിലെ പാവപ്പെട്ടവര്‍ക്കായി അദ്ദേഹം ഒരിക്കല്‍ 700 ഒട്ടകം സംഭാവന ചെയ്യുകയുണ്ടായി. അല്ലാഹുﷻവില്‍നിന്നും പ്രതിഫലം കാംക്ഷിച്ചുമാത്രമായിരുന്നു അദ്ദേഹം ഇത് ചെയ്തത്.
🍞ഒരു റൊട്ടിയുടെ കഷ്ണമോ ഒരു കാരക്കയുടെ ചീന്തോ ലഭ്യമാവാത്ത എത്രയെത്ര നോമ്പുകാരുണ്ട് നമുക്കിടയില്‍. കുടിക്കാന്‍ ഒരിറക്ക് പാലുപോലും അവര്‍ക്ക് ലഭിക്കുന്നില്ല. തല ചായ്ക്കാന്‍ ഒരിടമോ യാത്ര ചെയ്യാന്‍ ഒരു വാഹനമോ സമാശ്വസിക്കാന്‍ ഒരു കൂട്ടാളിയോ അവര്‍ക്കില്ല. എന്തിനു പറയണം, സന്തോഷം പോലെ നോമ്പ് തുറക്കാനോ അത്താഴം കഴിക്കാനോ വേണ്ട അത്യാവശ്യ ഭക്ഷണം പോലും അവര്‍ക്ക് ലഭിക്കുന്നില്ല. ഇത്തരത്തിലുള്ള ആളുകളെ കണ്ടെത്തി അവരെ സഹായിക്കുകയാണ് വിശ്വാസി റമളാനില്‍ ചെയ്യേണ്ടത്. അത് വലിയ പ്രതിഫലം ലഭിക്കാന്‍ കാരണമാകും.
🌷പ്രവാചകന്‍ ﷺ പറഞ്ഞു: 'ആരെങ്കിലും ഒരു നോമ്പുകാരനെ നോമ്പ് തുറപ്പിച്ചാൽ ഒട്ടും കുറഞ്ഞുപോകാതെ നോമ്പുകാരന്റെ അതേ പ്രതിഫലം അവനും ലഭിക്കുന്നതാണ്.'
🍂 സച്ചരിതരായ മുന്‍കാല ജ്ഞാനികള്‍ റമളാന്‍ കാലത്ത് ഔദാര്യ പ്രവര്‍ത്തനങ്ങള്‍ ധാരാളമായി ചെയ്യുന്നവരായിരുന്നു. ആവശ്യക്കാരെ കണ്ടെത്തി അവരെ സഹായിക്കാനും അവരുടെ സങ്കടങ്ങള്‍ കേള്‍ക്കാനും അവര്‍ സമയം കണ്ടെത്തിയിരുന്നു. പാവപ്പെട്ടവരെ മാത്രം സംഘടിപ്പിച്ച് അവര്‍ക്ക് നോമ്പ് തുറക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. അല്ലാഹുﷻവിന്റെ തൃപ്തി കരസ്ഥമാക്കുകയെന്നതു മാത്രമാണ് ഇതിലൂടെയെല്ലാം അവര്‍ ആഗ്രഹിച്ചിരുന്നത്.
മുന്‍ഗാമികളുടെ പള്ളികളില്‍ പാവപ്പെട്ടവര്‍ക്കുള്ള ഭക്ഷണവും സജ്ജീകരിക്കപ്പെട്ടിരുന്നു. ആയതിനാല്‍, വിശന്നവനെയോ ആവശ്യക്കാരനെയോ അവിടെ കാണാന്‍ സാധിക്കുമായിരുന്നില്ല.
💶അല്ലാഹുﷻവിന്റെ പ്രീതി കാംക്ഷിച്ച് ചെലവഴിച്ചതിനു മാത്രമേ നാളെ അവനു മുമ്പില്‍നിന്നും പ്രതിഫലം ലഭിക്കുകയുള്ളൂ. അല്ലാതെ, വൃഥാ ചെലവഴിച്ചതെല്ലാം തെളിവുകള്‍ ശേഷിക്കാതെ നശിച്ചുപോകുന്നതും മാഞ്ഞുപോകുന്നതുമാണ്.
📖ഖുര്‍ആന്‍ പറയുന്നു: 'നിങ്ങള്‍ അല്ലാഹുവിന് ഉത്തമമായ കടം കൊടുക്കുന്ന പക്ഷം അവനത് നിങ്ങള്‍ക്ക് ഇരട്ടിയാക്കിത്തരികയും നിങ്ങള്‍ക്ക് പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ നന്ദിയുള്ളവനും സഹനശീലനുമാകുന്നു.' (64: 17).
👉🏼 അതുകൊണ്ട്, നോമ്പുകാരന്റെ ദാനധര്‍മങ്ങള്‍ അന്ത്യനാളില്‍ അവര്‍ അഭിമുഖീരിക്കുന്ന ഇല്ലായ്മയുടെയും ദാരിദ്ര്യത്തിന്റെയും നേരങ്ങളില്‍ തിരിച്ചു നല്‍കാനായി അവര്‍ അല്ലാഹുﷻവിന് നല്‍കുന്ന കടമാണ്. ആ വിഷമ ഘട്ടത്തില്‍ പൂര്‍ണ പ്രതിഫലത്തോടെ അവനത് തിരിച്ചുതരുന്നതുമായിരിക്കും.
ആയതിനാല്‍, പാവപ്പെട്ടവര്‍ക്കും അവകാശികള്‍ക്കും നല്‍കുന്ന ഓരോ പിടി ഭക്ഷണവും ഓരോ ചീള് കാരക്കയും ഓരോ ഇറക്ക് വെള്ളവും നോമ്പുകാരനെ സംബന്ധിച്ചിടത്തോളം സ്വര്‍ഗത്തിലേക്കുള്ള വഴി സുഗമമാക്കുന്ന ഘടകങ്ങളാണ്. സ്വദഖയും സക്കാത്തും നല്‍കല്‍ കൊണ്ടല്ലാതെ അവന്റെ സമ്പാദ്യത്തിന് യാതൊരുവിധ സുരക്ഷിതത്വവും ഉണ്ടാവുന്നില്ല.
എത്രയെത്ര സമ്പന്നരും കോടീശ്വരന്മാരുമാണ് അതെല്ലാം ഉപേക്ഷിച്ച്, കൈ മലര്‍ത്തി കടന്നുപോയത്. അവരുടെ സമ്പാദ്യങ്ങള്‍ക്കോ കൊട്ടാരങ്ങള്‍ക്കോ ശേഖരങ്ങള്‍ക്കോ അവര്‍ക്കായി യാതൊന്നും തന്നെ ചെയ്യാന്‍ സാധിച്ചിട്ടില്ല. അല്ലാഹുﷻവിന്റെ മാര്‍ഗത്തില്‍ വേണ്ടവിധം ചെലവഴിക്കാത്തതുകൊണ്ടുതന്നെ അത് അവര്‍ക്ക് വലിയ ഖേദവും ദു:ഖമാണ് സമ്മാനിക്കുന്നത്. നാളെ അന്ത്യദിനത്തില്‍ ആ നഷ്ടത്തിന്റെ തിക്തഫലം അവര്‍ അനുഭവിക്കുകയും ചെയ്യും... തീര്‍ച്ച.
*_✍🏼ഡോ: ആഇദുല്‍ ഖര്‍നി_*
*☝🏼അല്ലാഹു അഅ്ലം☝🏼*
🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🌹
⚜⚜⚜⚜⚜⚜⚜⚜⚜⚜