Dr. Bahauddeen Muhammed Nadwi
                                
                            
                            
                    
                                
                                
                                February 6, 2025 at 01:58 AM
                               
                            
                        
                            https://www.facebook.com/share/p/19eiHVRrZg/
ഇന്നാലില്ലാഹ്...
ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ സഹസഞ്ചാരി, വാഴ്സിറ്റിയുടെ പശ്ചിമ ബംഗാള്‍ കാമ്പസിന്റെ സര്‍വസ്വവുമായ ഡോ. മുന്‍കിര്‍ ഹുസൈന്‍ സാഹിബ് നാഥനിലേക്ക് മടങ്ങിയിരിക്കുന്നു.
അറിയപ്പെട്ട ശാസ്ത്രജ്ഞനായിട്ടും, തികഞ്ഞ മതഭക്തനായി, വിനയാന്വിതനായി ജീവിക്കുകയും നിശബ്ദമായ വിദ്യാഭ്യാസ-സാമൂഹിക പ്രവര്‍ത്തനങ്ങളില്‍  ഏര്‍പെട്ടിരിക്കുകയുമായിരുന്നു അദ്ദേഹം. അല്‍പകാലം അസുഖബാധിതനായി ചികിത്സയിലായിരുന്നു.
മുന്‍കിര്‍ ഹുസൈന്‍ സാഹിബ് ചെയര്‍മാനായ അസ്സകീന ട്രസ്റ്റ് ദാനമായി നല്‍കിയ പത്ത് ഏക്കര്‍ സ്ഥലത്താണ് ദാറുല്‍ഹുദാ കാമ്പസും അനുബന്ധ സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്നത്.
ദയനീയമായ ഉത്തരേന്ത്യന്‍ സാഹചര്യത്തില്‍ ജനിച്ച് സ്വപ്രയത്നത്തിലൂടെ ഉന്നതങ്ങള്‍ കീഴടക്കിയ ചരിത്രമാണ് അദ്ദേഹത്തിന്റേത്. ബംഗാളിലെ ബീര്‍ഭൂമില്‍ കര്‍ഷക കുടുംബത്തിലായിരുന്നു ജനനം. ഉപജീവന മാര്‍ഗത്തിന് കാര്‍ഷിക വൃത്തിക്കപ്പുറം  മറ്റൊന്നും സ്വപ്നം പോലും കാണാത്ത കാലത്ത് ആ ഗ്രാമത്തിലാദ്യമായി ഉന്നതപഠനത്തിന് അദ്ദേഹം ഇറങ്ങിത്തിരിച്ചു.  ജപ്പാനിലെയും തായ്‌വാനിലെയും ഉന്നതമായ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളില്‍ ദീര്‍ഘകാലം സേവനം ചെയ്തു. പിന്നീടു  എല്ലാം ത്യജിച്ച് സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങി. തന്റെ സമൂഹത്തിന്റെ അരക്ഷിതാവസ്ഥക്ക് കാരണം വൈജ്ഞാനികമായ അധോഗതിയാണെന്ന് ബോധ്യപ്പെട്ടു നിരവധി പരിഹാര മാര്‍ഗങ്ങള്‍ അദ്ദേഹം ആലോചിച്ചു. അങ്ങനെയാണ് ദാറുല്‍ഹുദായെ കണ്ടെത്തിയതും  കാമ്പസ് നിര്‍മാണത്തിനായി ഭൂമി നല്‍കിയതും.  തന്റെ സമുദായത്തിന്റെ വൈജ്ഞാനിക അധോഗതിക്ക് പരിഹാരമാവുന്ന ഒരു രസതന്ത്രം ദാറുല്‍ഹുദായിലൂടെ കണ്ടെത്തിയതിന്റെ സന്തോഷവും സംതൃപ്തിയും അദ്ദേഹം പലപ്പോഴും പങ്കുവെക്കാറുണ്ടായിരുന്നു.
തന്റെ ലൗകിക സമ്പാദ്യങ്ങളൊക്കെ മത വൈജ്ഞാനിക-സാമൂഹിക മേഖലകളില്‍ നിക്ഷേപിച്ചു ത്യാഗ നിര്‍ഭരമായ ജീവിതം നയിച്ച ശേഷമാണ് അദ്ദേഹം വിടവാങ്ങിയിരിക്കുന്നത്. കുടുംബവും സന്താനങ്ങളുമൊന്നുമില്ലെങ്കിലും ബംഗാളിലെ ദാറുല്‍ഹുദാ സന്തതികളിലൂടെ നിരവധി യുവപണ്ഡിതരെ സൃഷ്ടിച്ചെടുക്കാന്‍ അദ്ദേഹത്തിനു സൗഭാഗ്യമുണ്ടായി.
സര്‍വ ശക്തന്‍ അദ്ദേഹത്തിന്റെ സേവനങ്ങളത്രയും സ്വീകരിക്കട്ടെ, പാരത്രിക ജീവിതം ധന്യമാക്കട്ടെ. നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഉള്‍പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
Dr. Bahauddeen Muhammed Nadwi
                        
                    
                    
                    
                    
                    
                                    
                                        
                                            🤲
                                        
                                    
                                        
                                            ❤️
                                        
                                    
                                        
                                            😢
                                        
                                    
                                        
                                            🤍
                                        
                                    
                                    
                                        10