പരലോക വിജയത്തിന് ( Paraloka Vijayathinu)
February 11, 2025 at 06:34 AM
*പാമ്പ് ജമാൽ...🐍*
✍🏼ജമാൽ നഗരത്തിൽ അറിയപ്പെടുന്ന പാമ്പ് പിടുത്തക്കാരനാണ്. ജമാലിൻ്റെ വീരകൃത്യങ്ങൾ നാട്ടിൻപുറത്തെ ചായ പീടികയിലും, കല്യാണ തലേന്നു പച്ചക്കറി മുറിക്കുമ്പോഴും, ഇല തുടക്കുമ്പോഴും ആളുകളുടെ സംസാര വിഷയമായിരുന്നു...
സ്ക്കൂൾ കുട്ടികളായ ഞങ്ങൾ ആ കഥകൾ കേട്ട് വലുതാവുമ്പോൾ ഒരു പാമ്പ് പിടുത്തക്കാരനാവാൻ കൊതിച്ചു.
ഈയിടെയാണ് ഞാൻ ജോലി നോക്കുന്ന സ്ഥാപനത്തിൽ ജമാൽ വന്നത്. പാമ്പ് പിടിക്കാനല്ല. മദ്യപാന ശീലം നിർത്തുന്ന ചികിത്സ തേടി വന്നതാണ്.
ഒരു ദിവസം വൈകുന്നേരം ചായ കുടിക്കുന്ന നേരം ഞാനും ജമാലും ഒറ്റക്കായ്, ഞാൻ ആ കൈകളിലേക്കും കണ്ണിലേക്കും നോക്കി. കൈ പിടിച്ച് പതുക്കെ തലോടി,
അദ്ദേഹം കുറച്ച് നേരം മൗനിയായ്.
പിന്നീട് അദ്ദേഹം വിതുമ്പുമാറ് ഇങ്ങനെ പറഞ്ഞ് ഒപ്പിച്ചു.
ഈ കൈ ഇന്നേവരെ ആരും ഇത്രയും സ്നേഹത്താൽ തൊട്ടിട്ടില്ല.
അതെന്താ..?
എത്രപേർ ജമാൽക്കയെ ഈ കൈവിരുത് കൊണ്ട് പ്രശംസിച്ചിട്ടുണ്ട്.
"പ്രശംസകളെല്ലാം വലിയ കെണിയാണ്."
ആ സത്യം അറിയുമ്പോഴേക്ക് കരകയറാൻ കഴിയാത്തവിധം ഞാൻ ആണ്ട് പോയ്. പ്രായമേറെയായ്, കുടത്തിൽ പെട്ട ഒരു പാമ്പിനെ പോലെ എനിക്ക് എന്നിലേക്ക് കരകയറാൻ കഴിഞ്ഞില്ല.
ജമാൽക്ക ഒരു ദീർഘ നിശ്വാസം വിട്ട് തൻ്റെ കഥ പറയാൻ തുടങ്ങി.
എൻ്റെ ചെറുപ്പത്തിലേ ബാപ്പ മരിച്ചു. വീട്ടിൽ പട്ടിണിയായിരുന്നു..
സ്ക്കൂൾ പഠനം നിലച്ചു. കൂട്ടുകാരോടൊന്നിച്ച് കിണർ കുത്തുന്ന പണിക്ക് പോയ് തുടങ്ങി. ഇടക്ക് ചെറിയ തോതിൽ മദ്യപാനവും...
അങ്ങിനെയിരിക്കെ ഒരു ദിവസം പഴയ കിണർ വൃത്തിയാക്കുന്നതിനിടയിൽ ഒരു വലിയ പാമ്പിനെ കണ്ടു. എല്ലാവരും ഭയപ്പെട്ടു ഓടിയപ്പോൾ, മദ്യ ലഹരിയിലായിരുന്ന ഞാൻ പാമ്പിനെ പിടിച്ചു കുടത്തിലാക്കി. ഒന്നും സ്വയം ബോധം കൊണ്ട് ചെയ്തതായിരുന്നില്ല. മദ്യം ചെയ്യിപ്പിച്ചതായിരുന്നു.
നാട്ടുകാരുടെ മുന്നിൽ അന്നുമുതൽ ഞാൻ ഒരു വീരനായകനായി. പിന്നീട് എവിടെ പാമ്പിനെ കണ്ടാലും അവയെ പിടിക്കാൻ നാട്ടുകാർ എന്നെ തേടി വരും. ഞാൻ ആ വാഴ്ത്തലിൽ അഭിരമിച്ചു. വെറും ജമാലായിരുന്ന ഞാൻ പാമ്പ് ജമാലായി.
കിണർപണി നിർത്തി. ബന്ധുക്കൾ കൊണ്ടുവന്ന ഗൾഫ് ജോലികൾ വേണ്ടന്നു വെച്ചു. പാമ്പ് പിടുത്തമായ് ജോലി.
കാലം ഇഴഞ്ഞ് ഇഴഞ്ഞ് പോയി.. പാമ്പിനെ പിടിക്കുവാനുള്ള ധൈര്യത്തിനു മദ്യപാനം തുടങ്ങി. പിന്നീട് ഞാൻ മുഴുക്കുടിയനായി... ഇപ്പോൾ
കൈവിറയായ്, പഴയ പോലെ പാമ്പിനെ പിടിക്കാൻ കഴിയാതെയായി.
സത്യത്തിൽ ഞാൻ ആഗ്രഹിച്ച ജോലിയായിരുന്നില്ല പാമ്പിനെ പിടുത്തും. ആളുകളുടെ നിർബന്ധവും വീര കഥാപാത്ര പരിവേഷവും എന്നെ വെട്ടിലാക്കി.
കാലം തിരിഞ്ഞ് കൊത്തുന്നു.
പൊട്ടകിണറ്റിൽ ഇപ്പോൾ പാമ്പില്ല, ഞാൻ മാത്രം. ആർപ്പുവിളിയും ആൾക്കൂട്ടവും മറ്റൊരു വീരനായകനെ തേടി പോയിരിക്കുന്നു...
ജമാൽക്കയുടെ മാത്രം കഥയല്ല ഇത്..,
മനുഷ്യൻ മാത്രമാണ് സ്വന്തം ജീവിതം ജീവിക്കാതെ പോവുന്നത്. ആരുടെയെല്ലാമോ തൃപ്തിക്ക് വേണ്ടി, ആരുടെയെല്ലാമോ ഹായ് കേട്ട്, ആരുടെയെല്ലാമോ നിർബന്ധത്തിനു വഴങ്ങി, ആരുടെയോ വേഷം ആടി, ആരോ പാടുന്ന പാട്ടിനു ചുവട് വെച്ച് ജീവിതം തീർക്കുന്നത്...
ഒറ്റക്കിരുക്കുമ്പോൾ, ഒറ്റയാവുമ്പോൾ, തന്നോട് തന്നെ സംസാരിച്ചിരുക്കുമ്പോൾ, ആരാണ് സ്വന്തം ജീവിതം ഓർത്ത് കരഞ്ഞ് പോവാത്തത്...
മാനസിക ആരോഗ്യ കേന്ദ്രത്തിലെ ഇടനാഴിയിൽ നിന്നും പല കഥകളും എന്നിൽ കൂടെ പോരും, ചിലപ്പോൾ കണ്ണ് നിറയും...
അന്നു ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ ജമാൽക്ക എന്നെ വരിഞ്ഞ് മുറുക്കി. നാട്ടിലേക്കുള്ള അവസാന ബസ്സ് സമയം വരെ കുറ്റിപ്പുറത്തെ ഭാരതപ്പുഴയോരത്തെ മണൽ പരപ്പിൽ ആകാശം നോക്കി കിടന്നു.
പക്ഷികൾ സന്ധ്യക്ക് കൂടും തേടി പറന്നു പോവുന്നു. പരൽ മീനുകൾ വെള്ളത്തിൽ നീന്തിത്തുടിക്കുന്നു.
മനുഷ്യൻ, മനുഷ്യൻ മാത്രം ശാന്തിയില്ലാതെ വീട്ടിലേക്ക് വേച്ച് വേച്ച് നടന്നു പോവുന്നു...
✍🏼റഹീം NA
അറിയാനും, പഠിക്കാനും, അതിനനുസരിച്ചു പ്രവർത്തിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ... ആമീൻ
*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ*
*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ*
*اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ*
ദുആ വസിയ്യത്തോടെ....
♡ ㅤ ❍ㅤ ⎙ㅤ ⌲
ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢᵃᵛᵉ ˢʰᵃʳᵉ
👍
😂
😢
🙏
7