പരലോക വിജയത്തിന് ( Paraloka Vijayathinu)
പരലോക വിജയത്തിന് ( Paraloka Vijayathinu)
February 11, 2025 at 04:08 PM
*ഇമാം മഹ്ദി (റ) കാലം കൊതിക്കുന്ന യുഗ പുരുഷൻ* *ഭാഗം : 35* 08) അഹ്ലുൽ കഹ്ഫിന് സലാം പറയുന്നു: വിഗ്രഹാരാധനയ്ക്ക് രാജാവ് നിർബന്ധിച്ചപ്പോൾ അതിന് തയ്യാറാവാതെ, വിശ്വാസ സംരക്ഷണത്തിനായി നാടും വീടും കുടുംബവുമെല്ലാം ഉപേക്ഷിച്ച് മല മുകളിലെ ഗുഹയിൽ അഭയം തേടിയ ആദർശ ധീരരായ ഏഴു യുവാക്കളാണ് അഹ്ലു കഹ്ഫ് എന്നറിയപ്പെടുന്നത്. ഈസാ നബി (അ) ന്റെ സമുദായത്തിൽപ്പെട്ട ഈ ഏഴു പേരെക്കുറിച്ച് പരാമർശിക്കുന്ന സുറത്താണ് സൂറത്തുൽ കഹ്ഫ്... നീണ്ട മുന്നൂറ് വർഷം അല്ലാഹു ﷻ അവരെ ഉറക്കികിടത്തിയതായി പരിശുദ്ധ ഖുർആൻ പറയുന്നു. പിന്നീടവരെ തികച്ചും അനുകൂലമായ സാഹചര്യത്തിൽ ഉണർത്തി. അത് വഴി അല്ലാഹു ﷻ തന്റെ മഹത്തായ ദൃഷ്ടാന്തം ജനങ്ങൾക്ക് കാണിച്ചുകൊടുത്തു. അഹ്ലുൽ കഹ്ഫ് പിന്നീട് മരണപ്പെടുകയും ആ ഗുഹയിൽതന്നെ അവരെ മറമാടപ്പെടുകയും ചെയ്തുവെന്ന് ഒരു വിഭാഗം പണ്ഡിതൻമാർ പറയുമ്പോൾ, മറ്റൊരു വിഭാഗം അവർ വീണ്ടും ഉറക്കിലേക്ക് തന്നെ മടങ്ങിയെന്നും ഇന്നും അവർ ഉറങ്ങിക്കൊണ്ടിരിക്കുകയാണെന്നും അഭിപ്രായപ്പെടുന്നു. ഇമാം മഹ്ദി (റ) അഹ്‌ലുൽ കഹ്ഫ് വിശ്രമിക്കുന്ന ഗുഹായിലെത്തും. അങ്ങനെ അഹ്ലുൽ കഹ്ഫിനോട് സലാം പറയും. അപ്പോൾ അല്ലാഹു ﷻ അവരെ ജീവിപ്പിക്കും. അഥവാ ഉണർത്തും. മഹ്ദിയുടെ (റ) സലാം മടക്കിയ ശേഷം അവർ വീണ്ടും ഉറക്കിലേക്ക് അഥവാ മരണത്തിലേക്ക് വീഴും. പിന്നീട് ഖിയാമത്ത് നാൾ സംഭവിക്കുമ്പോഴാണ് അവർ ഉയർത്തെഴുന്നേൽപ്പിക്കപ്പെടുക. ഇമാം അബു ഇസ്ഹാഖു സാഅലബി (റ) തന്റെ തഫ്‌സിറു സഅലബിയിൽ ഈ കാര്യം വിശദീകരിച്ചതായി കാണാം. 09) താബുത്ത് കണ്ടെടുക്കും: ബനി ഇസ്രായീല്യർക്ക് അല്ലാഹു ﷻ നൽകിയ പ്രത്യേകമായൊരു അഗ്രഹമായിരുന്നു താബുത്ത്. അഥവാ ഒരു പ്രത്യേകതരം പെട്ടി. മൂസാ നബി (അ) ന്റെ വടിയടക്കം നബിമാരുടെ തിരുശേഷിപ്പുകൾ അടക്കം ചെയ്തിട്ടുള്ള ആ പേടകം സമാധാനത്തിന്റെ ചിഹ്നമായിരുന്നു. ആ പെട്ടി മുന്നിൽ വെച്ച് യുദ്ധം ചെയ്യുമ്പോഴെല്ലാം ബനൂ ഇസ്രായീല്യർ വിജയം വരിക്കുകയും ചെയ്യാറുണ്ടായിരുന്നു... വിശുദ്ധ ഖുർആൻ സൂറത്തുൽ ബഖറ 248-ാം സൂക്തത്തിൽ പ്രസ്തുത പെട്ടിയെ പരാമർശിക്കുന്നുണ്ട്... وَقَالَ لَهُمْ نَبِيُّهُمْ إِنَّ آيَةَ مُلْكِهِ أَنْ يَأْتِيَكُمُ التَّابُوتُ فِيهِ سَكِينَةٌ مِنْ رَبِّكُمْ وَبَقِيَّةٌ مِمَّا تَرَكَ آلُ مُوسَىٰ وَآلُ هَارُونَ تَحْمِلُهُ الْمَلَائِكَةُ ۚ إِنَّ فِي ذَٰلِكَ لَآيَةً لَكُمْ إِنْ كُنْتُمْ مُؤْمِنِينَ അവരോട് അവരുടെ പ്രവാചകന്‍ പറഞ്ഞു: ത്വാലൂതിന്റെ രാജാധികാരത്തിനുള്ള തെളിവ് ആ പെട്ടി നിങ്ങളുടെ അടുത്ത് വന്നെത്തുക എന്നതാണ്‌. അതില്‍ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള മനഃശാന്തിയും മൂസായുടെയും ഹാറൂന്‍റെയും കുടുംബങ്ങള്‍ വിട്ടേച്ചുപോയ അവശിഷ്ടങ്ങളുമുണ്ട്‌. മലക്കുകള്‍ അത് വഹിച്ച് കൊണ്ടുവരുന്നതാണ്‌. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിസ്സംശയം നിങ്ങള്‍ക്കതില്‍ മഹത്തായ ദൃഷ്ടാന്തമുണ്ട്‌. കാലാന്തരത്തിൽ ഇസ്രായീല്യർക്ക് കൈമോശം വന്നുപോയ ആ പെട്ടി ഇമാം മഹ്ദി (റ) കണ്ടെടുക്കുമെന്ന് ഹദീസിൽ കാണാം. സുലൈമനുബ്നു ഈസാൻ (റ) പറയുന്നു : "ഇമാം മഹ്ദിയുടെ (റ) കരങ്ങളാൽ സമാധാനത്തിന്റെ ചിഹ്നമായ പ്രസ്തുത പെട്ടി 'ത്വബരിയ്യാ' തടാകത്തിൽ നിന്ന് കണ്ടെടുക്കപ്പെടും. അത് ചുമന്നു കൊണ്ട് വന്ന് ബൈത്തുൽ മുഖദ്ദസിൽ ഇമാം മഹ്ദിയുടെ (റ) മുമ്പിൽ വെക്കപ്പെടും. അത് കാണുന്ന ജൂതൻമ്മാരെല്ലാം പരിശുദ്ധ ഇസ്‌ലാം മതം സ്വീകരിക്കും. വളരെകുറച്ചു പേരൊഴികെ" (ഹാഫിള് അബുനുഐം) മഹ്ദി ഇമാമിന്റെ (റ) ഭരണകാലത്ത് സംഭവിക്കാനിരിക്കുന്ന കാറമത്തുകളും അത്ഭുതങ്ങളും നിരവധിയാണ്. ആവർത്തനവിരസത അനുഭവപ്പെടുന്നതുകൊണ്ട് ഏറെക്കുറെ അവയെല്ലാം മുൻ അദ്ധ്യായങ്ങളിൽ പലയിടങ്ങളിലായി വിവരിച്ചിട്ടുണ്ട്... ‌അല്ലാഹു ﷻഏൽപ്പിച്ച ദൗത്യങ്ങളെല്ലാം ഭംഗിയായി പൂർത്തിയാക്കിയ ശേഷം ഇമാം മഹ്ദി (റ) വും മരണത്തിന് കീഴടങ്ങുന്നതാണ്. എന്നാൽ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം വലിയൊരു വിപത്തായിരിക്കും ഇമാം മഹ്ദിയുടെ (റ) വിയോഗം... ഇമാം മഹ്ദി (റ) രക്തസാക്ഷിയായി മരണപ്പെടുമെന്നും, അതല്ല വിരിപ്പിൽ കിടന്ന് മരണപ്പെടുമെന്നും അഭിപ്രായങ്ങൾ നിലനിൽക്കുന്നു. യുദ്ധത്തിൽ പങ്കെടുത്ത ശേഷം വിരിപ്പിൽ കിടന്ന് മരിക്കേണ്ടി വന്നാൽ രണ്ടും ശരിയാവാനും സാധ്യതയുണ്ട്. ബദ്റിലെ പതിനാല് രക്തസാക്ഷികളിൽ ഒരാളായ ഉബൈദത്ത് (റ) ഇങ്ങനെ രണ്ടും സംഭവിച്ച മഹാനാണ്. ബദ്ർ യുദ്ധത്തിലേറ്റ മുറിവ് കാരണം മടക്കയാത്രയിൽ 'സ്വഫ്‌റാഹ് ' എന്ന സ്ഥലത്തെത്തിയപ്പോഴാണ് മഹാനായ ആ സ്വാഹാബീവര്യൻ വിരിപ്പിൽ കിടന്ന് ശാഹീദായത്... ഇനി 'ശഹീദ് 'എന്ന പദത്തിന്റെ വ്യാപകമായ അർത്ഥം ഉദ്ദേശിച്ചതാകാനും ഇടയുണ്ട്. മതപഠനത്തിനിടെ മരണപ്പെട്ട വിദ്യാർത്ഥിയും, പ്രസവവേദനയിൽ മരണപ്പെട്ട സ്ത്രീയും "ശഹീദി"ന്റെ ഗണത്തിൽ പെടുന്നത് ഈ അർത്ഥത്തിലാണ്. ഇത് മനസ്സിലാക്കിയാൽ പിന്നെ താഴെ വിവരിക്കുന്ന ഹദീസുകളിൽ വൈരുദ്ധ്യം അനുഭവപ്പെടില്ല. സ്വഹാബിവര്യനും പണ്ഡിത പ്രമുഖനുമായ കഹ്ബൂൽ അഹ്ബാർ (റ) പറയുന്നു : وعن كعب الأخبار رضي اللّه عنه قال:المنصور المهدي يصلى عليه أهل الأرض،وطير السماء ،يبتلى بقتل الروم والملاحم عشرين سنة ، ثم يقتل شهيدًا هو وألفان معه ،كلهم أمير صاحب راية ،فلم تصب المسلمين مصيبة بعد رسول اللّه صلى اللّه عليه وسلم أعظم منها.. "ഇമാം മഹ്ദി (റ) ശാഹീദായി മരിക്കും. ഭൂമി ലോകത്തുളള മുഴുവൻ മുസ്‌ലിംകളും അദേഹത്തിന്റെ മേൽ മയ്യിത്ത് നിസ്കരിക്കും. നബിﷺതങ്ങളുടെ വഫാത്തിന് ശേഷം അതിനേക്കാൾ വലിയൊരാപത്ത് മുസ്ലിങ്ങൾക്കിനി വരാനില്ല" (ഹാഫിള് അബുനുഐം) ഇമാം മഹ്ദി (റ) സ്വാഭാവിക മരണം വരിക്കുമെന്നും, മുസ്‌ലിംകൾ മഹാന്റെ പേരിൽ മയ്യിത്ത് നിസ്കരിക്കുമെന്നും, ഇമാം അബൂദാവൂദ് (റ) റിപ്പോർട്ട് ചെയ്ത മറ്റൊരു ഹദീസിലും വന്നിട്ടുണ്ട്... وعن أم سلمة رضي اللّه عنه،زوج النبي صلى الله عليه وسلم عن النبي صلى الله عليه وسلم،في قصة المهدي رضي اللّه عنه قال:فيقسم المال،ويعمل في الناس بسنة نبيهم صلى الله عليه وسلم ويلقى الاءسالم بجرانه الى الأرض،فيلبث سبع سنين،ثم يتوقف في،ويصلي عليه المسلمون.. നബിﷺയുടെ പത്നിയായ ഹസ്റത്ത്‌ ഉമ്മുസലമാ (റ) പറയുന്നു: "നബിﷺതങ്ങൾ പറയുന്നതായി ഞാൻ കേട്ടു, ഇമാം മഹ്ദി (റ) എന്റെ തിരുചര്യയനുസരിച്ച് ജനങ്ങളോട് ഇടപഴകും. സമ്പത്ത് നീതി യുക്തമായി വീതിച്ചു കൊടുക്കും. ഏഴു വർഷത്തെ സൽഭരണത്തിന് ശേഷം വഫാത്താകും. മുസ്‌ലിംകൾ മഹാന്റെ പേരിൽ മയ്യിത്ത് നിസ്കരിക്കും" (അബുദാവൂദ്) ആർത്വാത് (റ) പറയുന്നു: "എനിക്ക് സത്യസന്ധമായി വിവരം ലഭിച്ചിരിക്കുന്നു. മഹ്ദി ഇമാം (റ) നാൽപ്പത് വയസ്സ് വരെ ജീവിക്കും. പിന്നീട് വിരിപ്പിൽ കിടന്ന് മരിക്കും" (കിത്താബുൽ ഫിതൻ) അറിയാനും, പഠിക്കാനും, അതിനനുസരിച്ചു പ്രവർത്തിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ... ആമീൻ صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ ഇൻശാ അല്ലാഹ്... തുടരും
😢 1

Comments