
SSF MALAPPURAM Dist (WEST)
February 14, 2025 at 12:12 PM
https://www.facebook.com/share/p/1BEWhN8sf4/?mibextid=wwXIfr
പരിത്രാണത്തിൻറെ പാരമ്യം,
ക്ഷണികമായ സൗഖ്യങ്ങളിൽ ഉല്ലാസം കണ്ടെത്താനാണ് മനുഷ്യ ദേഹത്തിന്റെ താല്പര്യം. അതിനാലാണ് നാം വഴികേടുകളിലേക്ക് കൂടുതൽ ആകൃഷ്ടരാവുന്നതും. ഇത്തരം ദേഹേച്ഛകളുടെ പ്രേരകങ്ങളെ അതിജയിക്കാനും നൈമിഷികമായ സന്തോഷങ്ങളെ പരിത്യജിക്കാനുമാണ് നാം ആത്മീയ ശേഷികളെ നിരന്തരം സജ്ജമാക്കുന്നത്.
അഹിതമായ ജീവിത ശീലങ്ങളിൽ വ്യാപൃതരായവർക്ക് പോലും പ്രതീക്ഷയറ്റു ജീവിക്കാൻ ഇസ്ലാമിൽ അവസരമില്ല. മാനസാന്തരത്തിന്റെയും കുറ്റബോധത്തിന്റെയും ചെറു വിചാരങ്ങൾക്ക് പോലും കാരുണ്യവാനായ അല്ലാഹു വലിയ സ്ഥാനം നൽകുന്നുണ്ട്. സൽവഴിയിലേക്കുള്ള പ്രതിഗമനത്തിന് അനേകായിരം അവസരങ്ങളുമുണ്ട്.
ഇന്ന് ബറാഅത്തിന്റെ രാവാണ്. അത്തരം വീണ്ടുവിചാരത്തിന് ഏറ്റവും യോഗ്യമായ സന്ദർഭം. പണ്ട് മുതലേ നമ്മുടെ നാട്ടിലെ സജ്ജനങ്ങൾ ആദരിക്കുകയും മൂന്ന് യാസീനും ദുഖാൻ സൂറത്തുമെല്ലാം പാരായണം ചെയ്ത് പ്രത്യേകമായി മസ്ജിദുകളിലും വീടുകളിലും പ്രാർഥനക്ക് വേണ്ടി ഒരുമിച്ച് കൂടുന്ന രാവ്.
പ്രമുഖ മുഹദ്ദിസുകളായ ഇമാം ഇബ്നു മാജയും അല്ലാമാ ബൈഹഖിയും റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ ഈ രാവിൽ പ്രാർത്ഥനാ നിരതരാവണമെന്നും പകൽ നോമ്പനുഷ്ടിക്കണമെന്നും മുത്ത് നബി തങ്ങൾ പ്രത്യേകം പറയുന്നുണ്ട്. ദുആക്ക് ഉത്തരം ഉറപ്പുള്ള അഞ്ച് രാവുകളിൽ ഒന്നായി ഇമാം ശാഫിഈ (റ) ബറാഅത് രവിനെയും എണ്ണിയിട്ടുണ്ട്. ഈ രാവിൽ തസ്ബീഹ് നിസ്കാരം പ്രത്യേകം ഉത്തമമാണെന്ന് ഇമാം ഖൽയൂബി പറഞ്ഞിട്ടുണ്ട്.
പതിവായി സുന്നത്ത് നോമ്പനുഷ്ടിക്കുന്നവരോ ഖളാ വീട്ടാൻ ബാക്കിയുള്ളവരോ അല്ലാത്തവർക്കൊക്കെ റമദാനിന് മുമ്പ് വ്രതം അനുഷ്ഠിക്കാൻ അനുവാദമുള്ള അവസാനദിനം കൂടിയാണിത്. ഇതോട് കൂടി പൂർണ്ണമായി റമദാനിനെ വരവേൽക്കാനുള്ള സമയമാവും, പിന്നെ ശരീരത്തിനും മനസ്സിനും ആത്മാവിനും നാടിനും വീടിനുമെല്ലാം നനച്ചുകുളിയുടെ പൂർത്തീകരണത്തിനുള്ള സമയമാണ്.
ഈ രാവിനെ സൽകർമ്മങ്ങളെ കൊണ്ട് സജീവമാക്കാൻ ഉതവി ഉണ്ടാവട്ടെ. ആമീൻ
©️ President, SSF Kerala
#baraath #ssfkerala #shabebarat