District Collector Wayanad
January 21, 2025 at 04:08 AM
ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ പെട്ട് കാണാതായി ഇതുവരെയും തിരിച്ചറിയാത്ത 32 പേരുടെ ലിസ്റ്റ് 20/01/25 ന് ചേർന്ന ദുരന്ത നിവാരണ അതോറിറ്റി യോഗം അംഗീകരിച്ചു. ദുരന്തത്തിൽ ഉൾപ്പെട്ട 231 മൃതദേഹങ്ങളും 223 മൃതദേഹഭാഗങ്ങളും അടക്കം മൊത്തം 454 മൃതദേഹം/ഭാഗങ്ങൾ ആണ് കണ്ടെടുത്തത്. ഇതിൽ ആദ്യ ദിവസം തിരിച്ചറിഞ് ബന്ധുക്കൾ ക്ക് വിട്ടുകൊടുത്ത 19 മൃതദേഹങ്ങളും ഡി.എൻ.എ സാമ്പിളുകൾ ശേഖരിക്കാൻ കഴിയാത്ത 3 മൃതദേഹഭാഗങ്ങളും ഒഴികെ ബാക്കി 432 മൃതദേഹം/ഭാഗങ്ങളിൽ നിന്നും ഡി.എൻ.എ സാമ്പിളുകൾ ശേഖരിക്കയുണ്ടായി.കണ്ണൂർ റീജിയണൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ ആണ് ആദ്യ ഘട്ടത്തിൽ ഡി.എൻ.എ സാമ്പിളുകളുടെ പരിശോധന നടത്തിയത്. 223 മൃതദേഹം/ഭാഗങ്ങൾ അവിടെ നടത്തിയ പരിശോധനയിൽ തിരിച്ചറിഞ്ഞു. ഇതിലൂടെ 77 പേരെ തിരിച്ചറിയാൻ കഴിഞ്ഞു. കണ്ണൂർ ഫോറെൻസിക് സയൻസ് ലാബിൽ തിരിച്ചറിയാൻ കഴിയാതിരുന്ന 209 മൃതദേഹം/ഭാഗങ്ങൾ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയിലേക്കു അയക്കുകയുണ്ടായി. അവിടെ നടത്തിയ പരിശോധനയിൽ ദുരന്തത്തിൽ കാണാതായ 22 പേരെ തിരിച്ചറിയുകയുണ്ടായി. ഇത്തരത്തിൽ ആകെ 99 പേരെ ഡി.എൻ.എ പരിശോധനയിൽ തിരിച്ചറിയുകയുണ്ടായി. ദുരന്തത്തിൽ ഉൾപ്പെട്ടു മരണപ്പെട്ട 167 പേരെ ബന്ധുക്കൾ തിരിച്ചറിഞ്ഞിരുന്നു. ഇത്തരത്തിൽ 266 പേരെ ആകെ തിരിച്ചറിയുകയുണ്ടായി. ദുരന്തത്തിൽ ഉൾപ്പെട്ട് കാണാതായ ബാക്കിയുള്ള 32 പേരുടെ ലിസ്റ്റാണ് ഇപ്പോൾ അംഗീകരിച്ചിട്ടുള്ളത്. ഇത്തരത്തിൽ ആകെ 298 പേർ ദുരന്തത്തിൽ നഷ്ടപ്പെട്ടതായി കണക്കാക്കാവുന്നതാണ്. സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വെള്ളരിമല വില്ലേജ് ഓഫീസർ , മേപ്പാടി പഞ്ചായത് സെക്രട്ടറി, മേപ്പാടി സ്റ്റേഷൻ ഹൗസ് ഓഫീസർ എന്നിവർ ചേർന്ന് തയാറാക്കിയ ലിസ്റ്റാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഇന്ന് അംഗീകരിച്ചത്. പ്രസ്തുത ലിസ്റ്റ് ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി, റെവന്യൂ & ദുരന്ത നിവാരണം പ്രിൻസിപ്പൽ സെക്രട്ടറി, തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ സെക്രട്ടറി എന്നിവർ അടങ്ങിയ സംസ്ഥാനതല സമിതി പരിശോധിക്കുകയും അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇവരെ ദുരന്തത്തിൽ മരണപെട്ടവരായി കണക്കാക്കി സർക്കാർ ഉത്തരവ് ഉടൻ ഇറങ്ങുന്നതാണ്. സർക്കാർ ഉത്തരവിന്റ അടിസ്ഥാനത്തിൽ ദുരന്തത്തിൽ മരണപ്പെട്ട മറ്റുള്ളവരുടെ ആശ്രിതർക്ക് നൽകിയിട്ടുള്ള എല്ലാ ആനുകൂല്യങ്ങളും ഇവരുടെ ബന്ധുക്കൾക്ക് താമസം കൂടാതെ ലഭിക്കുന്നതായിരിക്കും. ഇവരുടെ മരണം രജിസ്റ്റർ ചെയ്യാൻവേണ്ട നടപടിക്രമങ്ങളും സർക്കാർ പുറത്തിറക്കിയിട്ടുള്ളതാണ്.ആയതിന്റെ അടിസ്ഥാനത്തിൽ ഇവരുടെ മരണം രജിസ്റ്റർ ചെയ്തു മരണസർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.
🙏 👍 😢 ❤️ 🎉 💔 24

Comments