ADHYAPAKAKKOOTTAM
January 29, 2025 at 06:17 AM
സ്‌കൂൾ - കാമറയിൽ പതിയാത്തത്
ഒരു സ്‌കൂളിൽ വിദ്യാർത്ഥി അധ്യാപകനെ ഭീഷണിപ്പെടുത്തുന്ന വീഡിയോ ക്ലിപ്പ് ആയിരുന്നല്ലോ കഴിഞ്ഞ ആഴ്ചയിലെ പ്രധാന ചർച്ചാ വിഷയം.
അധ്യാപകർക്ക് വടി തിരിച്ചു നൽകി കുട്ടികൾക്ക് ചുട്ട അടികൊടുത്തു തീർക്കാവുന്നതാണ് പ്രശ്നങ്ങൾ എന്ന് ഒരു വശം
പ്രകോപനം എന്ത് തന്നെ ആയാലും കുട്ടികളുടെ വീഡിയോ എടുത്ത് പ്രചരിപ്പിച്ചത് ശരിയായില്ല എന്ന് മറ്റൊരു വശം
കുട്ടികളെ ശിക്ഷിച്ച് പരിഹരിക്കാവുന്നതല്ല (സ്‌കൂളിലെ) പ്രശ്നങ്ങൾ എന്ന് വിദ്യഭ്യാസ മന്ത്രി.
സീരിയസ് ആയ വിഷയമാണ്.
പക്ഷെ ഒരാഴ്ച കഴിഞ്ഞതോടെ സമൂഹത്തിന്റെ ശ്രദ്ധ അതിൽ നിന്നും മാറി.
ഇന്നിപ്പോൾ അത് നമ്മുടെ ചർച്ചകളിലോ ചിന്തകളിലോ ഇല്ല.
പക്ഷെ പ്രശ്നം മാധ്യമങ്ങളിൽ നിന്നും പോയിട്ടുണെണ്ടെങ്കിലും സ്‌കൂളിൽ നിന്നും പോയിട്ടില്ല.
ഓരോ തവണ നാട്ടിൽ പോകുമ്പോഴും ഏതെങ്കിലും ഒക്കെ സ്‌കൂളുകൾ സന്ദർശിക്കുകയും അധ്യാപകരും വിദ്യാർത്ഥികളും മാതാപിതാക്കളും ആയി നിരന്തരം ചർച്ച ചെയ്യുകയും ചെയ്യുന്ന ഒരാൾ എന്ന നിലയിൽ കേരളത്തിലെ സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട്നാം അടിയന്തിരമായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്.
കേട്ട് മനസ്സിലാക്കിയിടത്തോളം നമ്മൾ കാമറയിൽ കണ്ടത് പ്രശ്നത്തിന്റെ ചെറിയൊരു അംശം മാത്രമാണ്.
സ്‌കൂളുകളിൽ മയക്കു മരുന്നിന്റെ സാന്നിധ്യത്തെ പറ്റി ഗ്രാമങ്ങളിൽ പോലും വിദ്യാർത്ഥികളും അധ്യാപകരും പറയുന്നുണ്ട്.
മയക്കുമരുന്ന് ഉപയോഗിക്കുന്നവരെയോ എത്തിച്ചു കൊടുക്കുന്നവരെയോ അറിയാമെങ്കിലും പരാതിപ്പെടാനോ ചൂണ്ടിക്കാണിക്കാനോ ഉള്ള ഭയം കുട്ടികൾക്ക് മാത്രമല്ല അധ്യാപകർക്ക് കൂടിയുണ്ട്.
ഒമ്പതാം ക്‌ളാസ്സിലെ കുട്ടികൾ മുതൽ സ്‌കൂളുകളിൽ മറ്റു വിദ്യാർത്ഥി/വിദ്യാർത്ഥിനികളുടെ മുന്നിൽ ഒക്കെ നഗ്നതാ പ്രദർശനം നടത്തുന്നതും ചിലയിടത്തെങ്കിലും ക്‌ളാസ്സ്‌റൂമിൽ ഇരുന്നു സ്വയംഭോഗം ചെയ്യുന്നതും നേരിട്ട് കണ്ട അധ്യാപകർ അക്കാര്യം പറഞ്ഞിട്ടുണ്ട്
കുട്ടികളുടെ അക്രമവാസന അടിപിടിയിൽ നിന്നും കത്തിക്കുത്തിലേക്ക് വരുന്നത്, സ്കൂളിലെ പ്രശ്നങ്ങളിൽ ഇടപെടാൻ കൊട്ടേഷൻ ഗാംഗിനെ വിളിക്കുന്നത് ഒക്കെ സംഭവിക്കുന്നു
പ്രൊഫഷണൽ കോളേളുകളിൽ മാത്രം ഉണ്ടായിരുന്ന റാഗ്ഗിംഗ് എന്ന ക്രൈം സ്കൂളുകളിൽ എത്തുന്നു
മൊബൈൽ ഫോൺ വഴി സ്വദേശിയും വിദേശിയും ആയ പോൺ ഒഴുകുന്നു, കൈമാറ്റം ചെയ്യപ്പെടുന്നു
കുട്ടികളുടെ പെരുമാറ്റത്തെ പറ്റി മാതാപിതാക്കളോട് പരാതി പറഞ്ഞാൽ സ്വന്തം മക്കളെ ന്യായീകരിക്കുകയും അധ്യാപകരെയും സ്‌കൂളിനെ തന്നെയും കുറ്റപ്പെടുത്തുന്ന രീതിയാണ് ഭൂരിഭാഗം മാതാപിതാക്കളും സ്വീകരിക്കുക എന്നാണ് അധ്യാപകർ പറയുന്നത്.
സ്‌കൂളുകളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഉടൻ പോലീസിൽ എത്തുന്നതും അധ്യാപകരും മാനേജ്‌മെന്റും ഒക്കെ പ്രതികൾ ആകുന്നതും അപൂർവ്വമല്ല
ഇതൊക്കെ അധ്യാപകരുടെ മനസ്സിൽ ഉണ്ട്.
സ്‌കൂളിൽ എത്തുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞു വരികയും സ്‌കൂളുകളുടെ എണ്ണം വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അധ്യാപകരുടെ തൊഴിൽ സ്ഥിരത എയ്‌ഡഡ് സ്‌കൂളുകളിൽ പോലും കുട്ടികളുടെ എണ്ണത്തെ ആണ് ആശ്രയിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഉള്ള കുട്ടികളെ എങ്ങനെയെങ്കിലും പിടിച്ചു നിർത്താൻ അവരുടെ പെരുമാറ്റ ദൂഷ്യങ്ങൾക്കെതിരെ കണ്ണടക്കാനാണ് ഇപ്പോൾ അധ്യാപകർ ശ്രമിക്കുന്നത്.
പണ്ടൊക്കെ ഒരു ഗ്രാമത്തിൽ ഒരു സ്‌കൂൾ അല്ലെങ്കിൽ പല ഗ്രാമങ്ങൾക്ക് കൂടി രു സ്‌കൂൾ എന്നതായിരുന്നു രീതി. കുട്ടികൾ അവരുടെ ഏറ്റവുമടുത്തുള്ള സ്‌കൂളുകളിൽ ആണ് പോയിരുന്നത്. ഓരോ സ്‌കൂളിലെ വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും അധ്യാപകരും ഒക്കെ തന്നെ പരിസരം അറിയുന്നവർ ആയിരുന്നു. അതുകൊണ്ട് തന്നെ സ്‌കൂളിൽ ഒരു പ്രശ്നം ഉണ്ടായാൽ അതിനെ ഉടൻ പോലീസിലോ മാധ്യമശ്രദ്ധയിലോ കൊണ്ടു വന്ന് അധ്യാപകരെയോ കുട്ടികളെയോ മാനേജ്‌മെന്റിനെയോ ഒക്കെ " കാൻസൽ" ചെയ്യുന്ന രീതി ഇല്ലായിരുന്നു.
ഇന്നിപ്പോൾ അത് മൊത്തം മാറി. വെങ്ങോല പോലുള്ള ഒരു ഗ്രാമത്തിൽ നിന്നും പതിനെട്ട് വ്യത്യസ്ത സ്‌കൂളുകളിലേക്കാണ് ദിവസേന സ്‌കൂൾ ബസുകൾ പോകുന്നത്. ഒരു വീട്ടിൽ ഉള്ള കുട്ടികൾ പോലും വ്യത്യസ്ത സ്‌കൂളുകളിൽ ആണ് പഠിക്കുന്നത്. സ്‌കൂൾ അധ്യാപകരും മാതാപിതാക്കളും അതുവഴി കുട്ടികളും തമ്മിലുള്ള സോഷ്യൽ കാപ്പിറ്റൽ ഇപ്പോൾ ഇല്ല.
ഇതിനോട് കൂടി സ്‌കൂളുകൾ തമ്മിലുള്ള മത്സരം, മാധ്യമങ്ങൾ തമ്മിലുള്ള മത്സരം, സോഷ്യൽ മീഡിയ ഒക്കെ ചേർന്നപ്പോൾ ചെറിയ പ്രശ്നങ്ങളെ വലുതാക്കുക എന്നത് സ്റ്റാൻഡേർഡ് ആയി.
സ്‌കൂളിലെ പ്രശ്നങ്ങൾ വേഗത്തിൽ പോലീസ് കേസാക്കാനും അതിൽ കുരുങ്ങുന്ന അധ്യാപകർക്ക് മാനവും തൊഴിലും ഒക്കെ നഷ്ടപ്പെടുന്ന സാഹചര്യവും ഉണ്ടാകുന്നു.
സ്‌കൂളുകൾ എന്നാൽ വിദ്യ അഭ്യസിക്കുന്ന സ്ഥലം മാത്രമല്ല കുട്ടികളെ സമൂഹത്തിൽ നല്ല പൗരന്മാരായി വളർത്തുന്ന സ്ഥലം കൂടി ആയിട്ടാണ് വിഭാവനം ചെയ്തിട്ടുള്ളത്. പക്ഷെ മാറിയ സാഹചര്യത്തിൽ അധ്യാപകർ വിദ്യാഭ്യാസം എന്ന ലക്ഷ്യത്തിലേക്ക് അവരുടെ ഉത്തരവാദിത്തത്തെ ചുരുക്കിയിട്ടുണ്ട്.
പണ്ട് കാലത്ത് എല്ലാം നല്ലതായിരുന്നുവെന്ന് ഒട്ടും അഭിപ്രായം ഉള്ള ആളല്ല ഞാൻ. അധ്യാപകരുടെ ഏകാധിപത്യം ആയിരുന്നു അന്ന്. പഠനത്തിന്റെ രീതി നന്നായി പഠിക്കുന്നവരെ മുന്നോട്ട് കൊണ്ടുപോകാനും മറ്റുള്ളവരുടെ ആത്മവിശ്വാസം നശിപ്പിക്കുന്നതും ആയിരുന്നു. വിദ്യാർത്ഥികളെ ക്രൂരമായി ശിക്ഷിക്കുന്നതിൽ ആനന്ദം കണ്ടെത്തിയ അധ്യാപകർ ഉണ്ടായിരുന്നു. അധ്യാപകർ ചെയ്യുന്നത് എല്ലാം കുട്ടികളുടെ നന്മക്കാണ് എന്ന് ചിന്തിച്ചിരുന്ന മാതാപിതാക്കൾ ഉണ്ടായിരുന്നു. ഇതൊന്നും ശരിയായ കാര്യങ്ങൾ ആയിരുന്നില്ല.
പക്ഷെ ഇപ്പോൾ പെൻഡുലം മറ്റേ അറ്റത്തേക്ക് പോയിരിക്കുന്നു.
നമ്മുടെ സ്‌കൂളുകൾ വിദ്യാർത്ഥികളെ മികച്ച പൗരന്മാരാക്കി മാറ്റേണ്ട ഉത്തരവാദിത്തത്തിൽ നിന്നും മാറി ഫുൾഎ പ്ലസ് വാങ്ങുകയും എൻട്രൻസിന് ഉയർന്ന റാങ്ക് വാങ്ങുകയും മാത്രം ചെയ്യാൻ സഹായിക്കുകയും വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനത്തിൽ ശ്രദ്ധ കൊടുക്കുകയും ചെയ്യാതിരുന്നാൽ ഉണ്ടാകുന്ന സമൂഹം നാം ആഗ്രഹിക്കുന്നതോ ഇഷ്ടപ്പെടുന്നതോ ആകില്ല.
വിദ്യാഭ്യസ മന്ത്രി പറഞ്ഞത് പോലെ കുട്ടികളെ ശിക്ഷിച്ചു മാറ്റാവുന്ന വിഷയങ്ങൾ അല്ല സ്‌കൂളിൽ ഉള്ളത്.
പക്ഷെ നമ്മുടെ സ്‌കൂളിൽ പ്രശ്നങ്ങൾ ഉണ്ട്.
കാമറ ഒഴിവാക്കിയാൽ തീരുന്നതല്ല നമ്മുടെ പ്രശ്നങ്ങൾ
അത് പഠിക്കണം, പരിഹാരം ഉണ്ടാക്കണം.
നമ്മുടെ വിദ്യാർഥികൾ നമ്മുടെ ഭാവിയാണ്
അവിടേക്ക് കാമറ ഇല്ലെങ്കിലും സമൂഹത്തിന്റെ ശ്രദ്ധ എപ്പോഴും വേണം
മുരളി തുമ്മാരുകുടി
https://www.facebook.com/share/p/1KL6xRxemQ/
👍
👏
😂
🙏
6