
𝗨𝗗𝗙ㄥ工∨モ
March 1, 2025 at 07:50 AM
നമ്മുടെ പുതുതലമുറയുടെ മനസ്സുകളെ ഡീടോക്സിഫൈ ചെയ്യാനുള്ള ഒരു വലിയ ഇടപെടൽ അടിയന്തരമായി കേരളത്തിൽ നടത്തേണ്ടിയിരിക്കുന്നു. വയലൻസിനോട് സീറോ ടോളറൻസ് എന്നതായിരിക്കണം ലക്ഷ്യം. വയലൻസ് ഉണ്ടായതിന് ശേഷമുള്ള നിയമ നടപടികൾ മാത്രമല്ല, അതിലേക്ക് വഴിവക്കുന്ന സാഹചര്യങ്ങളിലും മനോഭാവങ്ങളിലും മാറ്റം വരുത്താനാണ് കൂടുതൽ ഇടപെടലുകൾ ഉണ്ടാവേണ്ടത്. സിനിമകളും സീരിയലുകളും മാധ്യമങ്ങളും സാങ്കേതിക വിദ്യകളും രാഷ്ട്രീയവും സാഹിത്യവുമടക്കം ആളുകളെ സ്വാധീനിക്കുന്ന മുഴുവൻ മേഖലകളിലും അക്രമവും ഹിംസാത്മകതയും പൂർണ്ണമായിത്തന്നെ ഒഴിവാക്കണം. വയലൻസിനെ ഗ്ലോറിഫൈ ചെയ്യുന്ന പ്രത്യയശാസ്ത്രങ്ങളും വീരേതിഹാസങ്ങളുമടക്കം പുനർവിചിന്തനത്തിന് വിധേയമാവണം. ആണത്തം, ഹീറോയിസം എന്നിങ്ങനെയുള്ള ആശയങ്ങളിലെ ഹിംസാത്മകത സമൂഹത്തിന് തിരിച്ചറിയാനാവണം. രാഷ്ട്രീയ നേതാക്കളും ഭരണാധികാരികളും അക്രമ പ്രവർത്തനങ്ങളെ പിന്തുണക്കുകയോ ന്യായീകരിക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണം. "ലക്ഷ്യം മാർഗത്തെ സാധൂകരിക്കുന്നു" എന്നത് ഒരു പ്രാകൃതകാലത്തെ ആശയമായിരുന്നു എന്നും ലക്ഷ്യത്തേപ്പോലെത്തന്നെ മാർഗവും എല്ലാവർക്കും സ്വീകാര്യമാവണം എന്നുള്ള ജനാധിപത്യകാല ചിന്തയാണ് ഇവിടെ പുലരേണ്ടത് എന്നും ഏവരേക്കൊണ്ടും അംഗീകരിപ്പിക്കണം.
എല്ലാവരും ചേർന്നുള്ള ഒരു സാമൂഹ്യദൗത്യമായി ഇത് മാറണം. കേരളത്തിൽ മനുഷ്യർക്ക് ഇനിയും ജീവിക്കേണ്ടതുണ്ട്.
