NORKA ROOTS
February 23, 2025 at 10:13 AM
ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസില്‍ (NSW) വയോജനപരിചരണം, നഴ്സിംങ് മേഖലകളിലേയ്ക്ക് കേരളത്തില്‍ നിന്നുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് റിക്രൂട്ട്മെന്റ് സാധ്യത ഒരുക്കുന്ന ത്രികക്ഷി (നോർക്ക റൂട്ട്സ്, കെ-ഡിസ്ക് , ദ മൈഗ്രേഷൻ ഏജൻസി) ധാരണാപത്രം (MoU) ഒപ്പിട്ടു. കൊച്ചിയില്‍ നടന്ന ആഗോള നിക്ഷേപ സംഗമമായ ഇൻവെസ്റ്റ് കേരള ഉച്ചകോടിയുടെ ഭാഗമായി നടന്ന ചടങ്ങില്‍ കെ-ഡിസ്ക് മെമ്പര്‍ സെക്രട്ടറി ഡോ. പി.വി. ഉണ്ണികൃഷ്ണൻ, നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അജിത് കൊളശ്ശേരി, ദ മൈഗ്രേഷൻ ഏജൻസിയുടെ മാനേജിംഗ് ഡയറക്ടർ സാറാ താപ്പ എന്നിവര്‍ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ന്യൂ സൗത്ത് വെയിൽസിലെ വയോജന പരിപാലനം, നഴ്സിംഗ് മേഖലകളിലുള്ള വിദഗ്ദ്ധരുടെ കുറവ് പരിഹരിക്കുന്നതിനായി കേരളത്തിൽ നിന്നുളള പ്രൊഫഷണലുകളെ പരിശീലിപ്പിച്ച് റിക്രൂട്ട്ചെയ്യുകയാണ് ലക്ഷ്യം. ന്യൂ സൗത്ത് വെയിൽസ് സര്‍ക്കാറിന്റെ ഇന്‍വെസ്റ്റ്മെന്റ് NSW വിന്റെ പിന്തുണയോടെയാണ് റിക്രൂട്ട്മെന്റ്. കെ-ഡിസ്ക് എക്സിക്യുട്ടീവ് ഡയറക്ടർ പി.എം. റിയാസ്, നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് മാനേജര്‍ പ്രകാശ് പി ജോസഫ്, സാറാ താപ്പ എന്നിവരാണ് ധാരണാപത്രം കൈമാറിയത്.

👍
❤️
16