P Rajeev

11.2K subscribers

Verified Channel
P Rajeev
February 28, 2025 at 05:33 PM
ബഹു. പ്രതിപക്ഷനേതാവ് ആഴക്കടൽ ഖനനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിലും ഒരു ഫാക്ച്വൽ എറർ സംഭവിച്ചിട്ടുണ്ട്. നിയമസഭയിൽ നടന്ന ചർച്ചക്കിടെ ആഴക്കടൽ ഖനന വിഷയത്തിൽ സംസ്ഥാന സർക്കാർ ഇടപെടും എന്നാണ് പ്രതിപക്ഷത്തിന് മറുപടി നൽകിയത് എന്നദ്ദേഹം പറഞ്ഞത് വസ്തുതാപരമായി ശരിയല്ല. ഞങ്ങൾ ഈ വിഷയത്തിൽ ഒന്നിലധികം തവണ ഇടപെടൽ നടത്തിയതിൻ്റെ രേഖകളാണ് അന്ന് ഞാൻ അവതരിപ്പിച്ചത്. ആഴക്കടൽ ഖനനം സംബന്ധിച്ച് സംസ്ഥാന സർക്കാരിനോട് അഭിപ്രായം ആരാഞ്ഞപ്പോൾ തന്നെ ഇക്കാര്യത്തിൽ അതിശക്തമായി നമ്മുടെ വിയോജിപ്പ് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരി 11-ന് കൊച്ചിയിൽ കേന്ദ്ര ഖനന വകുപ്പിന്റെ സെക്രട്ടറി പങ്കെടുത്തുകൊണ്ട് നടന്ന റോഡ് ഷോയിലും വ്യവസായ വകുപ്പിൻ്റെ പ്രിൻസിപ്പൽ സെക്രട്ടറി സംസ്ഥാനത്തിൻ്റെ നയപരമായ നിലപാടും വിയോജിപ്പും അതിശക്തമായിത്തന്നെ അറിയിച്ചിട്ടുണ്ട്. ഓഫ് ഷോർ മിനറൽ സാമൂഹികവുമായ ഡ്രെഡ്‌ജിംഗ് ഉയർത്താവുന്ന പാരിസ്ഥിതികവും വിഷയങ്ങളെ സംബന്ധിച്ച് കേരളം വിശദീകരിക്കുകയും സർക്കാരിന്റെ എതിർപ്പ് ആ മീറ്റിംഗിൽ തന്നെ അറിയിക്കുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങളടങ്ങിയ എൻ്റെ പ്രസംഗം നിയമസഭാ രേഖകളിലും സഭാ ടിവിയുടെ യുട്യൂബ് ചാനലിലും ലഭ്യമാണ്. ഇന്നത്തെ മനോരമ പത്രത്തിൽ ‘വിവാദങ്ങൾക്കിടെ പരിസ്ഥിതി ആഘാതം പഠിച്ചതിന് ശേഷം ഖനനം’ എന്ന നിലയിൽ വന്ന വാർത്തയും വസ്തുതകളെ മറച്ചുപിടിക്കുന്നതാണ്. സത്യത്തിൽ വിവാദങ്ങൾ കാരണമല്ല പഠനം നടത്താൻ യൂണിയൻ ഗവണ്മെൻ്റ് തീരുമാനിക്കുന്നത്. 2025 ജനുവരി 19-ന് ഒഡീഷയിലെ ഭുവനേശ്വറിൽ നടന്ന 64-ാമത് സെൻട്രൽ ജിയോളജിക്കൽ പ്രോഗ്രാമിങ് ബോർഡ് മീറ്റിങിൽ ആഴക്കടൽ ഖനനം ചർച്ചയ്ക്ക് വന്നപ്പോൾ കേരളത്തിൻ്റെ അഭിപ്രായവും നമ്മുടെ ശക്തമായ വിയോജിപ്പും അറിയിച്ചിരുന്നു. ഇതിനെത്തുടർന്ന് കേരളത്തിൻ്റെ എതിർപ്പ് അവർ രേഖപ്പെടുത്തുകയും വിഷയത്തിൽ ഒരു മാറ്റം വരുത്തുകയും ചെയ്തു. അങ്ങനെയാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി എന്ന സ്ഥാപനത്തോട് ഓഫ് ഷോർ മൈനിംഗ് സംബന്ധിച്ച് പാരിസ്ഥിതിക വിഷയങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ തീരുമാനിച്ചത്. ഇതും നിയമസഭയിൽ അന്ന് നടത്തിയ മറുപടിയിൽ തന്നെ പറഞ്ഞിട്ടുള്ളതാണ്.
👍 ❤️ 18

Comments