SHAFI DESIGN
                                
                            
                            
                    
                                
                                
                                February 23, 2025 at 06:03 AM
                               
                            
                        
                            ഹൃദയത്തിൽ തട്ടുന്ന ആത്മീയ ഉപദേശങ്ങൾ നൽകുന്ന പ്രഭാഷകനും ആധികാരികമായ മതാധ്യാപനത്തിന് നേതൃത്വം നൽകുന്ന മുദരിസും ലളിതമായ ജീവിതവും ആത്മീയ ചിട്ടയും ഉന്നതന്മാരായ ഉസ്താദുമാരുടെ ആത്മീയ സംതൃപ്തിയും ഒക്കെ സൗഭാഗ്യമായി ലഭിച്ച യുവ പണ്ഡിതനും പ്രഭാഷകനുമായിരുന്നു ബഹുമാനപ്പെട്ട മസ്ഊദ് സഖാഫി ഗൂഡല്ലൂർ. കർമ വഴിയിൽ സജീവമായ കാലത്ത് തന്നെ അദ്ദേഹം അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നൽകി യാത്രയായി. 
നൂറുകണക്കിന് പാതിരാവുകൾ ആത്മീയ ഉപദേശം കൊണ്ടും പ്രാർഥന കൊണ്ടും സമ്പന്നമാക്കുകയും ആയിരക്കണക്കിനാളുകളുടെ ഹൃദയങ്ങളിൽ ആത്മീയ വിചാരം ഉണർത്തുകയും ചെയ്ത അദ്ദേഹത്തിന്റെ കർമങ്ങളെല്ലാം അല്ലാഹു സ്വീകരിക്കട്ടെ! പകരക്കാരായ ആലിമീങ്ങളെ ഈ സമുദായത്തിന് അല്ലാഹു സമ്മാനിക്കട്ടെ!
പരിശുദ്ധ ഖുർആൻ ചെറുപ്പത്തിൽ തന്നെ ഹൃദ്യസ്ഥമാക്കുകയും അതിനെ കൃത്യമായി ഓർമയോടെ പരിപാലിക്കുകയും ചെയ്ത ഒരു ഹാഫിള് കൂടിയായിരുന്നു അദ്ദേഹം. സഹവസിച്ചവർക്കൊക്കെ നല്ലതുമാത്രം പറയാനുള്ള അവസ്ഥയിൽ യാത്രയാവാൻ കഴിയുക എന്നത് വലിയ സൗഭാഗ്യമാണ്. കഴിഞ്ഞ രാത്രിയിലും പ്രഭാഷണം കഴിഞ്ഞ് വീട്ടിലേക്ക് എത്തിയ അദ്ദേഹം ഇന്നും കാസർഗോഡ് ജില്ലയിൽ ഒരു പ്രഭാഷണത്തിന് വേണ്ടി പോകാൻ കരുതിയിരുന്നവരായിരുന്നു. അതിനിടയിലാണ് അദ്ദേഹം ഈ ലോകത്ത് നിന്ന് തന്നെ യാത്രയായത്. 
കണ്ടുമുട്ടുമ്പോഴെല്ലാം സ്നേഹ സന്തോഷങ്ങളോടെയും വിനയ സൗമനസ്സ്യത്തോടെയും സ്വീകരിക്കുകയും പരസ്പരം സന്തോഷം പങ്കുവെക്കുകയും ചെയ്ത ഒരു ആത്മസുഹൃത്ത് കൂടിയായിരുന്നു അദ്ദേഹം. അല്ലാഹു അദ്ദേഹത്തിന്റെ പരലോക ജീവിതം സ്വർഗീയമാക്കുമാറകട്ടെ. സ്വർഗീയ വസന്തത്തിൽ പുണ്യ നബിﷺയുടെ ചാരത്ത് ഒരുമിച്ചു കൂട്ടട്ടെ! എല്ലാവരും അദ്ദേഹത്തിൻ്റെ പരലോക പദവികൾക്ക് വേണ്ടി ദുആ ചെയ്യണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. 
✍️-ഡോ.മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി
                        
                    
                    
                    
                        
                        
                                    
                                        
                                            🤲
                                        
                                    
                                        
                                            😢
                                        
                                    
                                        
                                            😭
                                        
                                    
                                        
                                            🥺
                                        
                                    
                                    
                                        15