നന്മ
February 4, 2025 at 03:16 AM
ശഹീദ് മുഹമ്മദ് ദൈഫിന്റെ സഹോദരി എഴുതുന്നു: ✍️
യുദ്ധം - വാക്കുകൾക്കും വർണനകൾക്കും അപ്പുറമാണ് അത് എന്നും. കഠിനമായിരുന്നു അതിൻ്റെ ദുരിതപ്പെയ്ത്ത്. ഞങ്ങളുടെ നെഞ്ചിൽ ഒരു പർവതം കയറ്റിവെച്ചതു പോലെയായിരുന്നു അത്. മഹാനായ
ബിലാലു ബ്നു റബാഹിന്റെ (റ) മാറത്തുണ്ടായിരുന്ന ആ പാറക്കല്ലിനേക്കാൾ ഭീമാകാരമായിരുന്നു ഞങ്ങൾക്ക് ഈ യുദ്ധം ഏൽപിച്ച ക്ലേശഭാരം. ചുട്ടുപൊള്ളുന്ന പകലുകളിൽ, ദയയോ കരുണയോ തൊട്ടുതീണ്ടാത്ത ഉമയ്യത്ത് ബിലാലിനെ (റ) കഠിനമായി പ്രഹരിക്കുമായിരുന്നുവല്ലോ, എന്നിട്ടും അദ്ദേഹം പറഞ്ഞു: "അഹദുൻ അഹദ്". നമ്മൾ, മുറിവുകളിൽ അമർത്തിപ്പിടിച്ച് നിശബ്ദരായിരിക്കും, കണ്ണുനീർ പോലും പുറത്തേക്കൊഴുക്കാതെ അകത്തേക്ക് വലിച്ചെടുക്കും. അല്ലാഹുവിന് നന്ദി പറയുക മാത്രം ചെയ്യും, അതിന്റെ ബുദ്ധിമുട്ട് അസഹ്യമെങ്കിലും, ചുറ്റുമുള്ളവർക്ക് എല്ലാം പ്രതീക്ഷ മാത്രം നൽകാൻ ശ്രമിക്കും.
നമ്മുടെ പ്രിയപ്പെട്ടവരെയും കണ്ണിലെ കൃഷ്ണമണി പോലെ നാം കാത്തുസൂക്ഷിച്ചവരെയും നമ്മിൽ നിന്ന് കവർന്നെടുത്തു ഈ കഠിന യുദ്ധം. നമുക്ക് ധാരാളം വീര പുരുഷന്മാരെ നഷ്ടപ്പെട്ടു, അവർ ഓരോരുത്തരും ഓരോ പ്രസ്ഥാനമായിരുന്നു. നിരവധി വീരാംഗനകളെ നഷ്ടപ്പെട്ടു, അവരിലൂടെ എണ്ണമറ്റ തലമുറകളെയും. നിഷ്കളങ്കരായ ധാരാളം കുട്ടികളെ നമുക്ക് നഷ്ടപ്പെട്ടു. ഇനിയും എവിടെയെന്ന് അറിയാത്ത, യുദ്ധാവശിഷ്ടങ്ങളിൽ മൂടപ്പെട്ട പരസഹസ്രം സഹോദരി സഹോദരന്മാർ വേറെ. അല്ലാഹുവിൻ്റെ ഹബീബായ മുഹമ്മദ് നബി (സ) തന്റെ സ്നേഹനിധിയായ മകൻ ഇബ്രാഹീമിനെ നഷ്ടപ്പെട്ടപ്പോൾ ദുഃഖിതനായില്ലേ, അന്ന് പുണ്യ റസൂൽ പറഞ്ഞില്ലേ: "തീർച്ചയായും, കണ്ണുനീർ ധാരധാരയായി ഒഴുകുന്നു, ഹൃദയത്തിൽ ദുഃഖം തളംകെട്ടി നിൽക്കുന്നു, ഓ ഇബ്രാഹീം, നിൻ്റെ വേർപാടിൽ ഞങ്ങൾ ശരിക്കും ദുഃഖിതരാണ്." അതേ, ഞങ്ങളുടെ വേണ്ടപ്പെട്ടവരുടെ വേർപാടിൽ ഞങ്ങളും ദുഃഖിതരാണ്.
ഞങ്ങളുടെ വീടുകളും, പറമ്പുകളും, ലാൻ്റ് മാർക്കുകളും എവിടെയെന്ന് മനസ്സിലാക്കാൻ കഴിയാത്ത വിധം നിലംപരിശാക്കി ഗർത്തങ്ങളിലെറിഞ്ഞിരിക്കുന്നു അവർ . യൂസുഫ് നബിയുടെ സഹോദരന്മാർ തങ്ങളുടെ സഹോദരനെ വലിച്ചെറിഞ്ഞ കിണറിന്റെ ആഴങ്ങളിലേക്കെന്ന പോലെ. എത്രയെത്ര സഹോദരന്മാർ സഹോദരന്മാരിൽ നിന്ന് വേർപെട്ടു, സഹോദരിമാർക്ക് സഹോദരിമാരെ നഷ്ടപ്പെട്ടു, ഉമ്മമാർക്ക് മക്കളെ നഷ്ടപ്പെട്ടു, നാമെല്ലാവരും ചിതറിപ്പോയി. ഞങ്ങൾക്ക് ഞങ്ങളുടെ കുടുംബങ്ങളെക്കുറിച്ച് ഒന്നും അറിയാൻ കഴിയാത്ത, അവരെ അന്വേഷിക്കാനോ അവരുടെ പേരുകൾ പോലും പറയാനോ കഴിയാത്ത ഒരു സ്ഥലമായി ഇവിടം മാറിയിരിക്കുന്നു. കൂടാരങ്ങൾ കെട്ടി താമസിക്കേണ്ടിവന്നു. പല പല സ്ഥലങ്ങളിലേക്കും മാറി മാറി താമസിക്കേണ്ടി വന്നു. അവയിൽ ചിലത് ശത്രുക്കൾ അടുത്തുവരുന്നതിനാലും ചിലത് ആളുകൾക്ക് ഞങ്ങൾ അവരുടെ കൂടെയുള്ളതുകൊണ്ട് ഭയമുള്ളതിനാലും ഞങ്ങൾക്ക് ഉപേക്ഷിക്കേണ്ടിവന്നു. പലരും ഞങ്ങളെ ഭയപ്പെട്ടിരുന്നു. അത് ഞങ്ങളുടെ ധാർമികതയിലോ പെരുമാറ്റത്തിലോ ഉള്ള പോരായ്മ കൊണ്ടായിരുന്നില്ല, മുഹമ്മദ് ദൈഫിൻ്റെ കുടുംബമായതിനാൽ ഏത് നിമിഷവും ഞങ്ങൾ താമസിക്കുന്ന ഇടങ്ങളും പരിസരത്തെ കൂടാരങ്ങളും ആക്രമിക്കപ്പെട്ടു കൊണ്ടിരുന്നു എന്നതിനാലായിരുന്നു അത്. ആളുകൾ സ്വാഭാവികമായും തങ്ങളുടെ ജീവനു നേരെ വരുന്ന ഭീഷണിയിൽ ആശങ്കപ്പെട്ടു; ഞങ്ങളുടെ കുടുംബനാമം മരണത്തിന്റെ മാലാഖയാണെന്ന പോലെ കണ്ടു അവരിൽ ചിലർ. നമ്മൾ ഒരു സ്ഥലത്തേക്കെത്തുമ്പോൾ മരണത്തിന്റെ മാലാഖ വന്ന് ഞങ്ങൾക്ക് ചുറ്റുമുള്ളവരെ കൊണ്ടുപോകുന്ന ദാരുണാവസ്ഥ.
ശത്രുക്കൾ ഞങ്ങളെ അംഗഭംഗപ്പെടുത്തി. എന്നാൽ ഹബീബായ മുഹമ്മദ് (സ) ഗുഹക്കകത്തു വെച്ച് അബൂബക്കറിനോട് (റ) പറഞ്ഞത് ഞങ്ങളോർത്തു: “നിങ്ങൾ ദുഃഖിക്കരുത്, അല്ലാഹു നമ്മോടൊപ്പമുണ്ട്.” അതേ, അല്ലാഹു നമ്മോടൊപ്പമുണ്ടെന്ന് നമുക്ക് പൂർണമായും ഉറപ്പുണ്ട്, സമൃദ്ധിയിൽ അവനെ സ്തുതിച്ചതുപോലെ ഈ ദുരിതത്തിലും നാം അവനെ തന്നെ സ്തുതിക്കുന്നു.
മുമ്പ് ഞങ്ങൾ ജോലിക്ക് പോകുന്ന സമയങ്ങളിലും, പൊതുഗതാഗതം വഴി യാത്ര ചെയ്യുമ്പോഴും, തെരുവുകളിലൂടെ നടന്നു പോകുമ്പോഴും, മറുനാടുകളിൽ നിന്നും വന്ന ഞങ്ങൾ ആരാണെന്ന് തിരിച്ചറിയാത്ത പലരോടൊപ്പവും സഞ്ചരിക്കുമായിരുന്നു. ഞങ്ങളുടെ കുടുംബത്തിനും, ബന്ധുക്കൾക്കും, സഹോദരനുമെതിരെ ചില ദുർബല മനസ്കർ ആക്ഷേപവാക്കുകൾ പറയുന്നത് നേരിട്ട് കേൾക്കാറുണ്ടായിരുന്നു. ഞങ്ങളാണ് യുദ്ധത്തിന് കാരണമെന്ന് അവരിൽ ചിലർ പറയുന്നത് കേൾക്കാറുണ്ടായിരുന്നു. ഹൃദയത്തെ കീറിമുറിക്കുന്ന, ആത്മാവിനെ ഉരുക്കിക്കളയുന്ന വാക്കുകൾ. അപ്പോഴെല്ലാം ഉമ്മുൽ മുഅ്മിനീൻ ആഇശ (റ) പറഞ്ഞതുപോലെ ഞങ്ങൾ പറയാറുണ്ടായിരുന്നു: “മനോഹരമായ ക്ഷമ കൈക്കൊള്ളുക, നിങ്ങൾ പറഞ്ഞുണ്ടാക്കുന്ന കാര്യത്തിൽ സഹായം തേടേണ്ടത് അല്ലാഹുവോടാകുന്നു."
https://chat.whatsapp.com/GWGaA1NFIME3Nr9n0H6uXo
ശത്രുക്കളിൽ നിന്നും നാം അനുഭവിച്ച വിനാശകരമായ യുദ്ധത്തെപ്പോലെ തന്നെയായിരുന്നു ഇത്തരം ചില സ്വന്തക്കാരിൽ നിന്നും നമുക്ക് കേൾക്കേണ്ടി വന്ന ഈ വാക്കുകൾ. ഈ കഠിന വാക്കുകൾ നമ്മുടെ അസ്ഥികളെയും വസതികളെയും തകർക്കുന്നതിനുമുമ്പ് ഞങ്ങളുടെ ആത്മവീര്യത്തെ തകർത്തു കളയുമാറ് വിനാശകരമായിരുന്നു. പക്ഷേ ഞങ്ങൾ റബ്ബിൻ്റെ വിധിയിൽ വിശ്വസിക്കുന്നു, നന്മയിലും തിന്മയിലും വിശ്വസിക്കുന്നു. ദൈവം ശരീരത്തിലേക്ക് ആത്മാവിനെ സന്നിവേശിപ്പിച്ചപ്പോൾ ജനിമൃതികളെയും സുഖദുഃഖങ്ങളെയും ഓരോരുത്തരോടും ചേർത്ത് എഴുതിവെച്ചതാണല്ലോ. ആരും സമയമെത്തുന്നതിന് മുമ്പ് ഈ ലോകം വിടില്ലെന്നാണല്ലോ നമ്മുടെ വിശ്വാസം.
എന്താണ് സംഭവിച്ചതെന്നും അത് ശരിയാണോ തെറ്റാണോ എന്നും ചിലർ ചർച്ച ചെയ്തുകൊണ്ടിരുന്നു എന്നതാണ് ദയനീയമായ ഒരു കാര്യം. അല്ലാഹുവിങ്കൽ നമ്മുടെ വിധി എത്ര കയ്പേറിയതാണെങ്കിലും, അത് നമുക്കറിയാത്ത ഒരു നന്മക്ക് വേണ്ടിയാണെന്ന് നാം വിശ്വസിക്കുന്നു. അല്ലാഹു സാക്ഷി. മനുഷ്യൻ അദൃശ്യമായ കാര്യങ്ങൾ അറിഞ്ഞിരുന്നെങ്കിൽ, അവൻ അല്ലാഹുവിൻ്റെ കാരുണ്യത്തിനായി കണ്ണീർ വാർക്കുകയും അല്ലാഹു അവനു വിധിച്ചതിൽ സംതൃപ്തനാകുകയും ചെയ്യുമായിരുന്നു.
അവസാനമായി, നമ്മൾ പരസ്പരം സ്നേഹിക്കണം, നമ്മുടെ ജീവിതത്തെ വീണ്ടെടുക്കണം, മുറിവുകൾ ഉണക്കണം, പക്ഷപാതം മാറ്റിവെക്കണം, പരസ്പരം ആശ്വസിപ്പിക്കണം, കാരണം നമുക്കോരോരുത്തർക്കും ഹൃദയഭേദകമായ കഥകൾ പറയാനുണ്ട്.
അല്ലാഹുവാണ് സത്യം, എന്റെ സഹോദരൻ മുഹമ്മദ് ദൈഫ് ഒരു ചലിക്കുന്ന ഖുർആൻ ആയിരുന്നു. എന്നാൽ, ലോകത്തിൻ്റെ പല നാടുകളിൽ സംസാരിച്ചുകൊണ്ടിരിക്കുന്ന പലരും അദ്ദേഹത്തോട് നീതി പുലർത്തുന്നില്ല. അല്ലാഹു ഉദ്ദേശിക്കുന്നവരെ അവൻ ശിക്ഷിക്കുകയും അവൻ ഉദ്ദേശിക്കുന്നവരെ ആദരിക്കുകയും ചെയ്യും. അല്ലാഹുവാണ, ജീവിതകാലത്ത് അദ്ദേഹം ശത്രുക്കളുടെ തൊണ്ടയിൽ കുടുങ്ങിയ ഒരു മുള്ളു പോലെയായിരുന്നു, രക്തസാക്ഷിത്വത്തിനു ശേഷവും അദ്ദേഹം ശത്രുക്കൾക്ക് തീരാ തലവേദനയായി മാറും. അദ്ദേഹത്തെപ്പോലെ കരുത്തനായ ഒരാൾ തങ്ങളുടെ കൂട്ടത്തിൽ ഉണ്ടായിരുന്നുവെങ്കിൽ എന്ന് ശത്രു പോലും ഒരുവേള ആഗ്രഹിച്ചിട്ടുണ്ടാവും.
അല്ലാഹുവേ, പ്രവാചകന്മാർക്കും രക്തസാക്ഷികൾക്കും, നീതിമാന്മാർക്കുമൊപ്പം മഹനീയ സ്ഥാനം നൽകി അദ്ദേഹത്തെ നീ സ്വീകരിക്കേണമേ, അവരാണല്ലോ അദ്ദേഹത്തിൻ്റെ കൂട്ടാളികൾ.
(വിവ: മുഹമ്മദ് സബാഹ്)
💦💦💦
*Join WhatsApp Group* 👇🏼👇🏼
https://chat.whatsapp.com/GWGaA1NFIME3Nr9n0H6uXo
*Join WhatsApp channel*👇🏼👇🏼
https://whatsapp.com/channel/0029VaAF9bA1dAwCLoMTkn0F
💕💕💕