
നന്മ
March 2, 2025 at 01:36 AM
വിശുദ്ധ ഖുർആൻ ഒരു മഹാത്ഭുതമാണ്. ലോകത്തെ ഏറ്റവും വലിയ അത്ഭുതം ഖുർആനാണെന്ന് ഞാൻ പറയും.
വെറുതെ പറയുന്നതല്ല, നിരവധി കാരണങ്ങളുണ്ട്; ന്യായമായ കാരണങ്ങൾ:
'ഖുർആൻ' എന്ന വാക്കിൻ്റെ അർത്ഥം വ്യക്തമാക്കുന്നതു പോലെ ലോകത്ത് ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന ഗ്രന്ഥം!
ലളിതവും എന്നാൽ ഗംഭീരവുമായ ഭാഷയും ആഖ്യാന ശൈലിയുമുള്ള വേദഗ്രന്ഥം!
അറബി ഭാഷയുടെ അടിസ്ഥാനമായി മാറുകയും ആ ഭാഷയെ നിത്യനൂതനമാക്കി നിലനിർത്തുകയും ചെയ്യുന്ന ഗ്രന്ഥം!
പദ്യമോ ഗദ്യമോ അല്ലാത്ത, രണ്ടും ചേർന്നു നിൽക്കുന്ന മൗലിക ശൈലിയുള്ള ഗ്രന്ഥം!
ഏതൊരു സംഗീതത്തേയും വെല്ലുന്ന മധുര സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ഗ്രന്ഥം!
ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ അക്ഷരം തെറ്റാതെ മന:പാഠമാക്കുകയും ആവർത്തിച്ചുറപ്പിക്കുകയും ചെയ്യുന്ന ഗ്രന്ഥം!
ജീവിതത്തിൻ്റെ അർത്ഥവും ലക്ഷ്യവും കൃത്യമായി നിർവചിക്കുന്ന ഗ്രന്ഥം!
താൻ എവിടെനിന്നു വന്നു? എന്തിനു വന്നു? എങ്ങോട്ടു പോകുന്നു എന്ന ചോദ്യങ്ങൾക്ക് മനുഷ്യന് വ്യക്തമായ ഉത്തരം നൽകുന്ന ഗ്രന്ഥം!
ഭൂമിയിൽ മനുഷ്യൻ്റെ സ്ഥാനവും പദവിയും ദൗത്യവും നിർണയിച്ചു നൽകുന്ന ഗ്രന്ഥം!
മനുഷ്യനും മൃഗവും തമ്മിലുള്ള അന്തരം കൃത്യമായി അടയാളപ്പെടുത്തുന്ന ഗ്രന്ഥം!
പ്രപഞ്ചസൃഷ്ടാവിൻ്റെ മഹത്വവും ഗംഭീര്യവും തികവോടെ ഓതിത്തരുന്ന ഗ്രന്ഥം!
ലോകത്തിൻ്റെ ഭൂതവും വർത്തമാനവും ഭാവിയും ഒരുപോലെ ചർച്ച ചെയ്യുന്ന ഗ്രന്ഥം!
മനുഷ്യന് സത്യവിശ്വാസവും സദാചാരവും സൽകർമവും പഠിപ്പിച്ച ഗ്രന്ഥം!
ഉത്തമ സ്വഭാവഗുണങ്ങളും ഉന്നത ധാർമിക ചിന്തയും പകർന്നു നൽകിയ ഗ്രന്ഥം!
ദുശ്ശീലങ്ങളും ദുസ്വഭാവങ്ങളും ദുർവിചാരങ്ങളും ദുരീകരിക്കാൻ നിരന്തരം ഉൽബോധനം ചെയ്ത ഗ്രന്ഥം!
അന്ധവിശ്വാസങ്ങളിൽ നിന്നും അനാചാരങ്ങളിൽ നിന്നും മനുഷ്യനെ മോചിപ്പിച്ച ഗ്രന്ഥം!
ദൈവാരാധനയുടെ ലളിത രീതിയും ദൈവസ്മരണയുടെ മഹിത ഫലങ്ങളും പഠിപ്പിച്ച ഗ്രന്ഥം!
മനുഷ്യന് ഇഹലോകത്ത് മോചനവും പരലോകത്ത് മോക്ഷവും വാഗ്ദാനം ചെയ്ത ഗ്രന്ഥം!
അടുക്കള മുതൽ അന്താരാഷ്ട്രതലം വരെ മനുഷ്യൻ്റെ പ്രശ്നങ്ങൾ അവലോകനം ചെയ്യുന്ന സമ്പൂർണ്ണ ഗ്രന്ഥം!
അഴിമതിയും കരിഞ്ചന്തയും കൃത്രിമങ്ങളും ചൂഷണങ്ങളും അവസാനിപ്പിച്ച ഗ്രന്ഥം!
പട്ടിണിയും പരിവട്ടവും അവസാനിപ്പിച്ച് സുഭിക്ഷ സമൂഹത്തെ സൃഷ്ടിച്ച ഗ്രന്ഥം!
തൊഴിലാളിയുടെ ന്യായമായ അവകാശങ്ങൾ സ്ഥാപിച്ചു നൽകാൻ പ്രചോദനമേകിയ ഗ്രന്ഥം!
അനാഥയെയും അഗതിയെയും അവഗണിക്കുന്നവൻ മതനിഷേധിയെന്ന് പ്രഖ്യാപിച്ച ഗ്രന്ഥം!
എന്നും അവഗണിക്കപ്പെട്ട സ്ത്രീ സമൂഹത്തിന് ആദരവും മാന്യതയും മൗലികാവകാശങ്ങളും കൽപിച്ചു നൽകിയ ഗ്രന്ഥം!
മനുഷ്യ സമത്വം സ്ഥാപിക്കുകയും മനുഷ്യാവകാശങ്ങൾ ഉൽഘോഷിക്കുകയും ചെയ്ത ഗ്രന്ഥം!
മാനവരൊക്കെയും ഒരു ദൈവത്തിൻ്റെ സൃഷ്ടികളും ഒരു മാതാപിതാക്കളുടെ മക്കളും എന്നോതിയ ഗ്രന്ഥം!
സ്നേഹവും കരുണയും സാഹോദര്യവും
അടിത്തറയായി സമൂഹസൃഷ്ടി നടത്തിയ ഗ്രന്ഥം!
പലിശയും ചൂതാട്ടവും നിരോധിക്കുകയും സകാത്ത് നിർബന്ധമാക്കുകയും ദാനം പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഗ്രന്ഥം!
സമ്പത്ത് ദൈവത്തിൻ്റേതാണെന്നും മനുഷ്യൻ വെറും കൈകാര്യകർത്താവ് മാത്രമാണെന്നും വ്യക്തമാക്കിയ ഗ്രന്ഥം!
ഉള്ളവൻ്റെ സമ്പത്തിൽ ഇല്ലാത്തവനും അവകാശമുണ്ടെന്ന് നിഷ്കർഷിച്ച ഗ്രന്ഥം!
നീതിയും നിയമവും സ്ഥാപിച്ച് സുരക്ഷിത സമൂഹത്തെ സൃഷ്ടിച്ച ഗ്രന്ഥം!
പാതിരാവിലും ഒരു പെൺകൊടിക്ക് തെരുവിലൂടെ സഞ്ചരിക്കാൻ നിർഭയത്വം നൽകിയ ഗ്രന്ഥം!
പറഞ്ഞ തത്വങ്ങളത്രയും ഭൂമിയിൽ പ്രയോഗിച്ച് മാതൃക കാണിച്ച ഗ്രന്ഥം!
അക്ഷരജ്ഞാനമില്ലാത്ത അധമരായിരുന്ന അറബികളെ ലോകനേതാക്കളാക്കി മാറ്റിയ ഗ്രന്ഥം!
ലോകത്ത് വിജ്ഞാനത്തിൻ്റെ പ്രഭ പരത്തുകയും ശാസ്ത്ര പുരോഗതിയിലേക്ക് നയിക്കുകയും ചെയ്ത ഗ്രന്ഥം!
മുണ്ടുടുക്കാനും പല്ലു തേക്കാനും അറിയാതിരുന്ന യൂറോപ്പിന് അറിവിൻ്റെ വാതിൽ തുറന്നുകൊടുത്ത ഗ്രന്ഥം!
ആ ഗ്രന്ഥത്തിൻ്റെ അത്ഭുതങ്ങൾ അവസാനിക്കുന്നില്ല... !!
പക്ഷെ, ഇന്നത് ഗ്രന്ഥം ചുമക്കുന്ന കഴുതകളുടെ കയ്യിലാണ്.
ഏട്ടിലെ പശു പുല്ലു തിന്നാത്തതുപോലെ ആ ഗ്രന്ഥത്തിൻ്റെ സമഗ്ര സ്വാധീനം ഇസ്ലാമിക സമൂഹത്തിൽ എവിടെയും യഥാവിധി ഇന്ന് പ്രകടമാകുന്നില്ല.
വിശുദ്ധ ഖുർആനിനെ കേവല പാരായണത്തിലൊതുക്കിയതിൻ്റെ ദുരന്തഫലം.
അതിൻ്റെ നിയമനിർദ്ദേശങ്ങൾ ജീവിതത്തിലേക്ക് ചേർത്തുവെക്കാത്തതിൻ്റെ തിക്തഫലം.
പല നിറത്തിലും രൂപത്തിലും അത് അച്ചടിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നവരൊന്നും അത് ജീവിത മാർഗമായി സ്വീകരിക്കാത്തതിൻ്റെ ദോഷഫലം.
ഖുർആൻ കൊണ്ട് ചിലർ ഉയരുകയും ചിലർ താഴ്ന്നു പോവുകയും ചെയ്യുമെന്ന് പ്രവാചകൻ്റെ ദീർഘദർശനം ഇവിടെ പുലരുകയാണ്.
ഖുർആൻ കയ്യിലേന്തി ലോകത്തെ നയിച്ചവരുടെ പിൻതലമുറ ഇന്ന് പതിതരും അടിമകളുമായി ജീവിക്കുന്നതിൻ്റെ മുഖ്യ കാരണം ഖുർആനിനെ പ്രയോഗത്തിൽ അവഗണിച്ചതാണ്.
ഖുർആനിലേക്ക് തിരിച്ചുപോകാൻ അവർ തയ്യാറായാൽ അൽഭുതം ഇനിയും ആവർത്തിക്കും.
ഖുർആനിൻ്റെ അത്ഭുതങ്ങൾ അവസാനിക്കുന്നില്ല..
നാഥാ, ഖുർആൻ കൊണ്ട് ഞങ്ങളെ അനുഗ്രഹിക്കേണമേ..
- സക്കീർ ഹുസൈൻ തുവ്വൂർ ❤️
💦💦💦
*Join WhatsApp Group* 👇🏼👇🏼
https://chat.whatsapp.com/GWGaA1NFIME3Nr9n0H6uXo
*Join WhatsApp channel*👇🏼👇🏼
https://whatsapp.com/channel/0029VaAF9bA1dAwCLoMTkn0F
💕💕💕