CAREER TRACK
February 6, 2025 at 11:29 AM
തിരുവനന്തപുരം: സംസ്ഥാനത്ത് മായം കലര്‍ന്ന വെളിച്ചെണ്ണ വ്യാപകമായി ഒഴുകുന്നതായി കേരഫെഡ് ചെയര്‍മാന്‍ വി. ചാത്തുണ്ണി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വ്യാജ വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ പ്രധാന വെല്ലുവിളിയാണ്. കേരഫെഡ് ‘കേര’ എന്ന പേരും പാക്കേജിംഗും അനുകരിച്ച് നിരവധി വ്യാജ ബ്രാന്‍ഡുകള്‍ വിപണിയില്‍ സുലഭമാകുന്നു.
സര്‍ക്കാറിന്റെ ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയില്‍ പലതവണ പെടുത്തിയിട്ടും വ്യാജ ബ്രാന്‍ഡുകളും മായം കലര്‍ന്ന വെളിച്ചെണ്ണയും തടയാന്‍ കഴിഞ്ഞിട്ടില്ല. ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ മാധ്യമങ്ങളുടെ സഹായം ആവശ്യമാണ്, ചാത്തുണ്ണി പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഇതര സംസ്ഥാനങ്ങളില്‍ നിന്നു ഗുണമേന്മ കുറഞ്ഞ വെളിച്ചെണ്ണ ടാങ്കറുകളില്‍ എത്തിച്ച്, ആരോഗ്യത്തിന് ഹാനികരമായ മിശ്രിതങ്ങള്‍ കലര്‍ത്തി നിര്‍മിക്കുന്ന വ്യാജ എണ്ണ വലിയ തോതില്‍ വില്‍ക്കപ്പെടുന്നു. നിലവാരമില്ലാത്ത വെളിച്ചെണ്ണ ദോഷകരമായ പദാര്‍ത്ഥങ്ങളുമായി കലര്‍ത്തുന്നത് ആരോഗ്യത്തിന് അപകടകരമാണ്. കേരഫെഡിന്റെ പോലെ യഥാര്‍ത്ഥ ബ്രാന്‍ഡുകളിലുള്ള ഉപഭോക്തൃ വിശ്വാസത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു.