P Rajeev
June 8, 2025 at 03:04 PM
ഇത്രയും വ്യവസായ സൗഹൃദമായിട്ടും എന്തുകൊണ്ട് കേരളത്തിൽ HCLTech ഇല്ല എന്ന ചോദ്യം കഴിഞ്ഞ വർഷം എൻ്റെ ഒരു കുറിപ്പിനടിയിൽ വന്ന കമൻ്റായിരുന്നു. ഇപ്പോഴിതാ 7 മാസം കൊണ്ട് 2 യൂണിറ്റുകൾ കേരളത്തിൽ ആരംഭിച്ച് HCLTech കേരളത്തിൽ മറ്റൊരു ചരിത്രം രചിക്കുകയാണ്. 2024 ഒക്ടോബർ അവസാന വാരമാണ് ലോകപ്രശസ്ത കമ്പനിയായ HCLTech കേരളത്തിൽ അവരുടെ ആദ്യ യൂണിറ്റ് ആരംഭിക്കുന്നത്. ആ യൂണിറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് കേരളത്തിലെ സാധ്യതകളെ കൂടുതൽ പ്രയോജനപ്പെടുത്താൻ HCLTechന് സാധിക്കുമെന്ന് ഞാൻ പറഞ്ഞിരുന്നു. കൊച്ചി ഇൻഫോപാർക്കിൽ യൂണിറ്റ് ആരംഭിച്ചതിൻ്റെ തൊട്ടടുത്ത ദിവസം തന്നെ ഞങ്ങൾക്ക് കമ്പനിയുടെ കോർപ്പറേറ്റ് വൈസ് പ്രസിഡൻ്റും എഞ്ചിനീയറിങ്ങ് - R&D വിഭാഗം തലവനുമായ ഹരി സാദരഹള്ളിയുടെ സന്ദേശം ലഭിച്ചു. കേരളം ഞങ്ങൾക്ക് വളരെ ഇഷ്ടമായെന്നും വളരെ പെട്ടെന്നു തന്നെ ഒരു യൂണിറ്റ് കൂടി ഇവിടെ ആരംഭിക്കാൻ കമ്പനി ആഗ്രഹിക്കുന്നുവെന്നുമായിരുന്നു അത്. ഇതാ തിരുവനന്തപുരം ടെക്നോപാർക്കിൽ HCLTech ൻ്റെ യൂണിറ്റ് വരികയാണ്. നാളെമുതൽ പ്രവർത്തനം ആരംഭിക്കുകയാണ്.
‘കേരളത്തിൽ ഒരു യൂണിറ്റ് ഇട്ടുനോക്കൂ.. വളരെപ്പെട്ടെന്നുതന്നെ ആ യൂണിറ്റ് വിപുലീകരിക്കുകയോ അല്ലെങ്കിൽ പുതിയ യൂണിറ്റ് ഇടുകയോ ചെയ്യും’ എന്ന ഞങ്ങളുടെ ആത്മവിശ്വാസത്തോടെയുള്ള വാക്കുകൾക്ക് ശക്തിപകരുന്ന പുതിയ ഉദാഹരണമായി ഇതോടെ HCLTech മാറുകയാണ്.
കൊച്ചിയിലെ യൂണിറ്റിൽ നിന്ന് ലോകത്തിലെ തന്നെ പ്രമുഖ ഓട്ടോമൊബൈൽ, സെമികണ്ടക്ടർ, മെഡിക്കൽ മേഖലയിലെ കമ്പനികൾക്കും മറ്റ് വ്യവസായങ്ങൾക്കും ആവശ്യമായ എഞ്ചിനീയറിങ്ങ് സഹായങ്ങളും R&D സഹായങ്ങളും ലഭ്യമാക്കുകയാണ് ചെയ്യുന്നതെങ്കിൽ തിരുവനന്തപുരം യൂണിറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഐടി സർവീസ് മേഖലയിലാണ്. 60ലധികം രാജ്യങ്ങളിലായി 2 ലക്ഷത്തിലധികം ജീവനക്കാരുള്ള കമ്പനി കേരളം ലക്ഷ്യം വെക്കുന്ന നൂതന വ്യവസായങ്ങളുടെ ഗണത്തിൽ വരുന്നതാണ് എന്നതും നമുക്ക് അഭികാമ്യമായ കാര്യമാണ്.
എന്തുകൊണ്ട് കേരളം എന്ന ചോദ്യത്തിന് ശ്രീ. ഹരി സാദരഹള്ളി അന്നുതന്നെ ഉത്തരം നൽകിയിരുന്നതാണ്. ഇവിടെ നിർലോഭം ലഭ്യമായിട്ടുള്ള മികച്ച മാനവവിഭവവും പശ്ചാത്തലസൗകര്യവും കേരളത്തിലേക്ക് കമ്പനിയുടെ ശ്രദ്ധ ആകർഷിച്ചു എന്ന അദ്ദേഹത്തിൻ്റെ വാക്കുകൾ കൂടുതൽ കമ്പനികളെ കേരളത്തിലെത്തിക്കുമെന്നാണ് ഞങ്ങൾ കരുതുന്നത്.
അഡ്വാൻസ്ഡ് ടെക്നോളജിയിലെ സുപ്രധാന മേഖലകളിൽ ഇടപെടുന്ന HCLTech നൊപ്പമുള്ള ഈ മികച്ച സഹകരണം നമ്മുടെ ചെറുപ്പക്കാർക്ക് ഇവിടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായകമാകുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.
#comeonkerala
👍
❤️
❤
💪
16