എന്റെ കേരളം
June 12, 2025 at 05:04 AM
പൂഞ്ഞാർ നിയോജക മണ്ഡലം എം എൽ എ ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച റൈസിങ്ങ് പൂഞ്ഞാർ 2k25 നിക്ഷേപക സംഗമം വലിയ വിജയമാണ് നേടിയിരിക്കുന്നത്. ഈ സംഗമത്തിലൂടെ 308 സംരംഭകരിൽ നിന്നായി 2456.88 കോടി രൂപയുടെ താല്പര്യപത്രങ്ങളാണ് മണ്ഡലത്തിന് ലഭിച്ചിരിക്കുന്നത്. ഇതിൽ 38 സംരംഭങ്ങൾ പത്തു കോടി രൂപയിലധികം മുതൽമുടക്ക് വരുന്നതും, 88 സംരംഭങ്ങൾ ഒരു കോടിയിലധികം രൂപ മുതൽമുടക്ക് വരുന്നതുമാണ്. ഇതുവഴി 11342 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഈ നിക്ഷേപക സംഗമത്തിൽ ബഹു. ജലവിഭവവകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിനും രാജ്യസഭാംഗം ശ്രീ. ജോസ് കെ മാണിയും വിവിധ സെഷനുകളിൽ പങ്കെടുത്തു.
റൈസിങ് പൂഞ്ഞാറിൽ ലഭിച്ച താല്പര്യ പത്രങ്ങൾ ഒരു പ്രത്യേക-ഡാഷ് ബോർഡ് രൂപീകരിച്ച് നടപടിക്രമങ്ങൾ പാലിച്ച് സമയബന്ധിതമായി സംരംഭങ്ങൾ ആരംഭിക്കാൻ അവസരം ഒരുക്കും. സംസ്ഥാനം വ്യവസായ പുരോഗതിയിൽ കുതിച്ചുചാട്ടത്തിലാണിപ്പോൾ. ഹൈടെക് വ്യവസായങ്ങൾ കൂടുതലായി വരുന്ന സംസ്ഥാനത്ത് വ്യവസായ പുരോഗതിക്കായി ഡിജിറ്റലൈസേഷന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്താനും സർക്കാർ ശ്രമിക്കുന്നുണ്ട്.
