പരലോക വിജയത്തിന് ( Paraloka Vijayathinu)
പരലോക വിജയത്തിന് ( Paraloka Vijayathinu)
June 11, 2025 at 05:59 AM
*ഇസ്ലാമിക സംശയങ്ങളും മറുപടിയും* https://whatsapp.com/channel/0029Va5tOzKHAdNdRX21wv3A ചോ : ബാങ്കില്‍നിന്ന് ലോണ്‍ എടുക്കുന്നത് മാത്രമാണോ പലിശ ഇനത്തില്‍ ഉള്‍പ്പെടുക? നമ്മള്‍ ബാങ്ക് അക്കൗണ്ട്‌ തുടങ്ങി അതില്‍ പണം നിക്ഷേപിക്കുന്നതില്‍ പലിശ ഇല്ലേ? ഉ : ബാങ്കില്‍ നിക്ഷേപിക്കുന്നതിന് പ്രതിവര്‍ഷം ബാങ്ക് നല്‍കുന്നതും പലിശ തന്നെയാണ്. നാം നിബന്ധന വെക്കുന്നില്ലെങ്കിലും ബാങ്കിന്‍റെ വ്യവസ്ഥകളില്‍ അത് വ്യക്തമായി പ്രതിപാദിച്ചതാണല്ലോ. അതോടൊപ്പം, നാം ബാങ്കില്‍ നിക്ഷേപിക്കുന്ന പണം ഉപയോഗപ്പെടുത്തിയാണ് അവര്‍ മറ്റുള്ളവര്‍ക്ക് പലിശ ഈടാക്കി ലോണ്‍ നല്‍കുന്നത് എന്നതിനാല്‍ അത് പലിശയെ സഹായിക്കുന്ന ഇനത്തിലും ഉള്‍പ്പെടുമെന്നതും പ്രത്യേകം ഓര്‍ക്കേണ്ടതാണ്. പലിശ ഇടപാടുകള്‍ നടത്തുന്ന ബാങ്കുകളുമായി ഇടപാട് നടത്തുന്നതില്‍നിന്ന് പരമാവധി അകന്ന് നില്‍ക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ല. അതോടൊപ്പം ഇസ്ലാമിക നിയമങ്ങള്‍ അനുസരിക്കുന്ന ഇസ്ലാമിക് ബാങ്കുകള്‍ തുടങ്ങാനും പരമാവധി ശ്രമിക്കാവുന്നതാണ്. ചോ : പലിശയില്‍ നിന്ന് കര കയറാനുള്ള ദുആ പറയാമോ? ഉ : ആദ്യമായി പലിശ വന്‍ പാപമാണെന്നും അത് അല്ലാഹുവിന്‍റെ ശാപത്തിനു ഹേതുവാണെന്നും അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ക്ക് വിഘാതമാണെന്നും മനസ്സില്‍ ഉറപ്പിക്കുക. അതില്‍ നിന്ന് പൂര്‍ണ്ണമായും എല്ലാ നിബന്ധനകളും പാലിച്ച് തൌബ ചെയ്യുക. ഒരു തെറ്റില്‍ നിന്ന് തൌബ ചെയ്തിട്ടില്ലെങ്കില്‍ ആ തെറ്റ് വീണ്ടും ആവര്‍ത്തിക്കാനുള്ള മനസ്സും സാഹചര്യവും നല്‍കി അല്ലാഹു നമ്മെ ശിക്ഷിക്കും. എപ്പോഴും മരണത്തെ കുറിച്ചോര്‍ക്കുക. നിസ്കാരം ഭയഭക്തിയോടെ നില നിര്‍ത്തുക, ഇസ്തിഗ്ഫാറ് വര്‍ദ്ധിപ്പിക്കുക, സൂറതുല്‍ വാഖിഅ രാത്രിയില്‍ പതിവാക്കുക, താഴെ കൊടുത്ത പ്രാര്‍ത്ഥനകള്‍ പതിവാക്കുക. اَللهُمَّ اِنِّي اَعُوذُ بِكَ مِنَ الْهَمِّ وَالحُزْنِ وَاَعُوذُ بِكَ مِنَ الْجُبْنِ وَالْبُخْلِ وَاَعُوذُ بِكَ مِنَ الْعَجْزِ وَالْكَسْلِ وَاَعُوذُ بِكَ مِنْ غَلَبَةِ الدَّيْنِ وَقَهْرِ الرِّجَالِ (അല്ലാഹുവേ, വിഷമങ്ങളില്‍ നിന്നും ദുഃഖങ്ങളില്‍ നിന്നും നിന്നോട് ഞാന്‍ കാവല്‍ ചോദിക്കുന്നു. ഭയം, ലുബ്ധ് എന്നിവയില്‍ നിന്നും നിന്നോട് കാവല്‍ ചോദിക്കുന്നു. അശക്തത, ആലസ്യം എന്നിവയില്‍ നിന്നും നിന്നോടു കാവല്‍ ചോദിക്കുന്നു. കടാധിക്യത്തില്‍ നിന്നും ആളുകളുടെ ആക്രമണങ്ങളില്‍ നിന്നും നിന്നോട് ഞാന്‍ കാവല്‍ ചോദിക്കുന്നു.) اللَّهُمَّ اكْفِني بِحَلالِكَ عَنْ حَرَامِكَ، وَأغْنِني بِفَضْلِكَ عَمَّنْ سِواكَ (അല്ലാഹുവേ നീ നിഷിദ്ധമാക്കിയതിനു പകരമായി നീ അനുവദിച്ചത് എനിക്ക് പര്യപ്തമാക്കി തരേണമേ, നിന്‍റെ ഔദാര്യം മൂലം നീയല്ലാത്തവരില് നിന്നെനിക്ക് ഐശ്വര്യം പ്രദാനം ചെയ്യേണമേ.) വീട്ടില്‍ നിന്നു പുറപ്പെടുമ്പോള്‍ താഴെ കൊടുത്തത് ദുആ ചെയ്യുക بِسْمِ اللَّهِ على نَفْسِي ومَالي ودِينِي، اللَّهُمَّ رضّنِي بِقَضائِك، وباركْ لي فِيما قُدّرَ لي حتَّى لا أُحِبَّ تَعْجِيلَ ما أخَّرْتَ ولا تأخيرَ ما عَجَّلْتَ ‌‌‌‌‎ചോ : സ്വർണ്ണം കൊടുത്ത് നിശ്ചിത ലാഭം അനുവദനീയമോ? ഉ : ഒന്നിലധികം ആളുകള്‍ പങ്കാളികളായി മുതല്‍ ഇറക്കി നടത്തുന്ന പങ്കാളിത്ത കച്ചവടം ശിർകത്തുല്‍ അനാന്‍ എന്ന പേരിലാണ് ഫിഖ്‌ഹില്‍ അറിയപ്പെടുന്നത്. ശാഫി മദ്ഹബ് അടക്കമുള്ള എല്ലാ മദ്ഹബുകളും ഈ രൂപം അംഗീകരിച്ചിട്ടുണ്ട്. സ്വര്‍ണ്ണം, വെള്ളി മറ്റു കറന്‍സികള്‍ തുടങ്ങിയവ ഉപയോഗിച്ചോ സമാന വസ്തുക്കള്‍ മാര്‍ക്കറ്റില്‍ ലഭ്യമാവുന്ന (മിസ്‌ലി) ചരക്കുകളോ മുടക്കുമുതലായി ഇവിടെ ഉപയോഗിക്കാവുന്നതാണ്. ആ നിലക്ക് ജ്വല്ലറിയില്‍ സ്വര്‍ണ്ണം മുടക്കുമുതലായി നല്‍കി കച്ചവടത്തില്‍ പങ്കാളിയാകാവുന്നതാണ്. പങ്കാളികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും പങ്കാളിത്തത്തില്‍ നിന്ന് പിന്മാറാനുള്ള അവകാശം ഉണ്ട്. എന്നാല്‍ ലാഭം വിഹിതം വെക്കുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ പരിഗണിച്ചിരിക്കണം. 1) ശാഫിഈ മദ്ഹബ് പ്രകാരം ലാഭവും നഷ്ടവും മുടക്കമുതലിന്റെ തോതനുസരിച്ച് തീരുമാനിക്കണം. ബിസിനസില്‍ പങ്കാളികളില്‍ ചിലര്‍ കൂടുതല്‍ ജോലി ചെയ്തുവെന്നതിന്റെ പേരില്‍ കൂടുതല്‍ ലാഭം ഈടാക്കാവുന്നതല്ല. എന്നാല്‍ മറ്റു മദ്ഹബുകളില്‍ ഈ വിഷയത്തില്‍ വ്യതസ്ത അഭിപ്രായം ഉണ്ട്. നഷ്ടം വരുന്ന പക്ഷം മുടക്ക് മുതലിന്റെ തോതനുസരിച്ച് കണക്കാക്കണം. പക്ഷെ ലാഭം പങ്കാളികള്‍ തമ്മിലുള്ള ധാരണ പ്രകാരം കാണക്കാക്കാവുന്നതാണ്. 2) ലാഭം ഒരിക്കലും മുടക്ക് മുതലിന്റെ നിശ്ചിത ശതമാനം എന്ന് കണക്കാന്‍ പാടില്ല. മറിച്ചു ലഭ്യമായ ലാഭം മുടക്ക് മുതലിന്റെ ശതമാനമനുസരിച്ചോ പരസ്പര ധാരണ പ്രകാരമോ തീരുമാനിക്കണം. 3) ഒരു നിശ്ചിത തുക ലാഭമായി കരാര്‍ ചെയ്തുകൊണ്ട് പങ്കാളിത്ത ബിസിനസില്‍ ഏര്‍പ്പെടാവുന്നതല്ല. എന്നാല്‍ മാസം തോറും ഒരു നിശ്ചിത തുക നല്‍കുകയും വര്‍ഷാവസാനമോ മറ്റോ ഓഡിറ്റ്‌ നടത്തി പങ്കാളികളുടെ അര്‍ഹമായ ലാഭ വിഹിതം കണക്കാക്കി ഏറ്റക്കുറച്ചിലുകള്‍ പരിഹരിക്കുന്ന പക്ഷം തെറ്റില്ല. അല്ലാതെ നിശ്ചിത തുക മാസം തോറും കൈപറ്റുന്നത് ആ ഇടപാടിനെ അസാധുവാക്കുകയും അത് നിഷിദ്ധമായി തീരുകയും ചെയ്യും. തുഹ്ഫ ഉള്‍പ്പെടെയുള്ള ഫിഖ്‌ഹീ ഗ്രന്ഥങ്ങള്‍ ഇക്കാര്യങ്ങള്‍ പരാമര്‍ശിക്കുന്നു. ലാഭമായാലും നഷ്ടമായാലും അതൊന്നും ബാധകമാകാതെ നിശ്ചിത തുക ലാഭമായി മാസംതോറും നല്‍കുന്നുവെങ്കില്‍ അത്തരം കച്ചവടം സാധുവല്ല. ആ ഇടപാട് നിഷിദ്ധമായിത്തീരും. ഇത് നമ്മുടെ ഇസ്ലാം അനുവദിക്കുന്നില്ല. ഇത് പലിശ ഗണത്തിൽപ്പെടുന്ന ഇടപാടാണ് എന്നാണ് പണ്ഡിത മതം ‌‌‎ ചോ : പല കമ്പനികളും ഇപ്പോൾ ഓൺലൈൻ ആയി സ്വർണ്ണത്തിൽ നിക്ഷേപിക്കാൻ അവസരം ഒരുക്കുന്നു (സ്വര്‍ണ്ണ ഇ.ടി.എഫ്). നമുക്ക് ആവശ്യമുള്ളപ്പോൾ നാം ഓൺലൈൻ ആയി വാങ്ങിയ സ്വർണ്ണത്തിന്റെ വിപണി വില അനുസരിച്ചുള്ള തുക നമ്മുടെ ബാങ്ക് അക്കൗണ്ടിലേക്ക് പിന്നീട് മാറ്റുവാനും സാധിക്കും. ഈ ഇടപാട് അനുവദനീയമാണോ..? സ്വര്‍ണ്ണവില കുതിച്ചുയരുന്ന പുതിയ സാഹചര്യത്തില്‍ നിക്ഷേപകര്‍ക്ക് സ്വർണനിക്ഷേപത്തില്‍ താല്‍പര്യം വര്‍ദ്ധിച്ചിരിക്കുകയാണ്. എന്നാല്‍ സ്വര്‍ണം വാങ്ങുമ്പോഴുള്ള പണിക്കൂലി, പണിക്കുറവ് തുടങ്ങിയവ മൂലമുള്ള ലാഭനഷ്ടം, ആഭരണം സൂക്ഷിക്കാനുള്ള ലോക്കര്‍ ചെലവ്, വീട്ടില്‍ സൂക്ഷിക്കുമ്പോഴുള്ള മോഷണസാധ്യത എന്നിത്യാദി പ്രയാസങ്ങളൊഴിവാക്കാനുള്ള സൗകര്യപൂര്‍ണമായ നിക്ഷേപമാര്‍ഗ്ഗമായാണ് ‘ഗോൾഡ് എക്സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്’ അഥവാ ‘സ്വർണ ഇ.ടി.എഫ്.’ നിക്ഷേപകര്‍ക്കിടയില്‍ പ്രിയമേറിയിട്ടുള്ളത്. ചുരുക്കത്തില്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കാനുള്ള വഴിയാണ് ഗോള്‍ഡ് ഇ.ടി.എഫുകള്‍. ഒരു തരം മ്യൂച്വല്‍ ഫണ്ട് തന്നെയാണല്ലോ ഗോള്‍ഡ് എക്സ്ചേഞ്ച് ട്രേഡ് ഫണ്ട് (ഇ.ടി.എഫ്.) എന്നു പറയുന്നത്. സ്വർണത്തിൽ നിക്ഷേപിക്കുന്ന ഫണ്ടുകളാണ് സ്വർണ ഇ.ടി.എഫ്. യൂണിറ്റായിട്ടാണ് ഇതിൽ വ്യാപാരം നടക്കുന്നത്. പൊതുവേ ഒരു ഗ്രാം സ്വർണത്തെയാണ് ഒരു യൂണിറ്റ് എന്ന് പറയുന്നത്. നിക്ഷേപകന്‍ ഒരു യൂണിറ്റു വാങ്ങുമ്പോള്‍ ഗോള്‍ഡ് ഇ.ടി.എഫ് അതിനു തുല്യമായ സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നു. ഏതെങ്കിലും ബ്രോക്കിംഗ് കമ്പനിയില്‍ ഡീമാറ്റ് അക്കൗണ്ട് ഉണ്ടെങ്കില്‍ ഗോള്‍ഡ് ഇ.ടി.എഫ് വാങ്ങാന്‍ സാധിക്കുന്നു. സ്വർണത്തിന്റെ വില കൂടുന്നതനുസരിച്ച് നമ്മുടെ നിക്ഷേപത്തിന്റെ മൂല്യവും വർധിക്കും. അതുപോലെ സ്വർണ വില കുറയുകയാണെങ്കിൽ നിക്ഷേപത്തിന്റെ മൂല്യവും കുറയും. നിക്ഷേപകന് ഉദ്ദേശിക്കുന്ന സമയത്ത് തന്‍റെ നിക്ഷേപമായ സ്വര്‍ണത്തെ അപ്പോഴത്തെ മാര്‍ക്കറ്റ് വിലയനുസരിച്ച് പണമാക്കി മാറ്റുകയും ചെയ്യാം. ആദ്യം ഇവിടെ നടക്കുന്ന ഇടപാടെന്താണെന്ന് നോക്കാം. നിക്ഷേപകന്‍ പണം നിക്ഷേപിക്കുമ്പോള്‍ ആ പണത്തിന് തുല്യമായ സ്വര്‍ണം അയാള്‍ക്ക് വേണ്ടി ഇ.ടി.എഫ് സ്ഥാപനം വാങ്ങി സൂക്ഷിക്കുന്നു. നിക്ഷേപകന്‍ നിക്ഷേപം പിന്‍വലിക്കാനാഗ്രഹിക്കുമ്പോള്‍ ഇ.ടി.എഫ് സ്ഥാപനം നിക്ഷേപകന്‍റെ സ്വര്‍ണം അപ്പോഴത്തെ മാര്‍ക്കറ്റ് വിലക്ക് വില്‍പന നടത്തി നിക്ഷേപകന് പണം നല്‍കുന്നു. ഇവിടെ യാഥാര്‍ത്ഥത്തില്‍ നാം നിക്ഷേപം നടത്തുന്നതും നമുക്ക് വേണ്ടി നിക്ഷേപതുകക്ക് തുല്യമായ സ്വര്‍ണം വാങ്ങുകയും ആവശ്യപ്പെടുന്ന സമയത്ത് വില്‍ക്കുകയും ചെയ്യുന്ന ഇടപാടുകള്‍ നടത്തുന്നതുമെല്ലാം മ്യൂച്ചല്‍ ഫണ്ട് സ്ഥാപനങ്ങളാണല്ലോ. കൂടാതെ ഓഹരിവില്‍പന പോലെത്തന്നെ സ്റ്റോക്ക് എക്സ്ചേഞ്ച് വഴിയാണ് ഇ.ടി.എഫ് ഇടപാടുകള്‍ നടക്കുന്നതും. ഇ.ടി.എഫ് നിക്ഷേപം നടത്തണമെങ്കില്‍ തന്നെ നിക്ഷേപകന് ഏതെങ്കിലും ബ്രോക്കിംഗ് കമ്പനിയില്‍ ഡീമാറ്റ് എക്കൌണ്ട് തുറക്കണമെന്ന് മുമ്പ് പറഞ്ഞുവല്ലോ. ചുരുക്കത്തില്‍, ഈ ഇടപാട് നടക്കുന്നത് പലിശ സ്ഥാപനങ്ങളായ മ്യൂച്ചല്‍ഫണ്ടുകള്‍ വഴിയാണ്. കൂടാതെ ഇത് ശരിരായ സ്റ്റോക് എക്സ്ചേഞ്ച് ഇടപാട് തന്നെയാണ്. മ്യൂച്ചല്‍ഫണ്ട് സ്ഥാപനങ്ങള്‍ വഴി സ്റ്റോക്ക് എക്സ്ചേഞ്ച് ഇടപാട് രീതിയില്‍ നടക്കുന്ന ഈ വ്യവഹാരത്തെ ശറഇന്‍റെ വിധിവിലക്കുകള്‍ അനുസരിച്ചുള്ള ഇടപാടാണെന്ന് പറയാന്‍ സാധ്യമല്ല. കാരണം മ്യൂച്ചല്‍ഫണ്ടും സ്റ്റോക്ക് എക്ചേഞ്ചും പലിശയിലധിഷ്ടിതമായ ഇടപാടുകളുടെ തുറന്ന മേഖലകളാണ്. ഹലാലായ രീതിയില്‍ ധനസമ്പാധനം നടത്താനും പലിശമുക്തമായ സമ്പത്ത് സ്വായത്തമാക്കാനും നാഥൻ തൗഫീഖ് നൽകട്ടെ.... ആമീൻ ചോ :സ്ത്രീകള്‍ വീടുകള്‍ക്കുള്ളില്‍ തലമറക്കേണ്ടതുണ്ടോ? ഉ : സ്ത്രീകള്‍ക്കു എല്ലാ സമയത്തും ഒരേ ഔറത് അല്ല ഇസ്‍ലാം നിശ്ചയിച്ചിട്ടുള്ളത്. എല്ലാ സമയത്തും അവള്‍ ശരീരമാസകലം മറച്ചിരിക്കണമെന്ന് ഇസ്‍ലാം നിഷ്കര്‍ഷിച്ചിട്ടുമില്ല. നിസ്കാരത്തില്‍ മുഖവും മുന്‍കയ്യും ഒഴിച്ച് മറ്റുള്ളവ മറക്കല്‍ നിര്‍ബന്ധമാണ്. നിസ്കാരത്തിലല്ലാത്ത അവസരത്തില്‍ അവള്‍ സമീപിക്കുന്ന ആളുകള്‍ക്കനുസരിച്ച് ഔറത് വിത്യാസപ്പെടും. മുസ്‍ലിം സ്ത്രീകളുടേയും വിവാഹ ബന്ധം നിഷിദ്ധമായ പുരുഷന്മാരുടേയും സമീപത്തായിരിക്കുമ്പോള്‍ അവള്‍ കാല്‍മുട്ടുകളുടേയും പൊക്കിളിന്റേയും ഇടയിലുള്ളതാണ് മറക്കേണ്ടത്. അല്ലാത്തത് മറക്കേണ്ടതില്ല. അന്യ പുരുഷന്മാരുടെ സന്നധിയില്‍ അവള്‍ ശരീരം മുഴുവന്‍ മറക്കേണ്ടതാണ്. ഇങ്ങനെയാണ് ഇസ്‍ലാം സ്ത്രീയുടെ ഔറത് നിശ്ചയിച്ചിട്ടുള്ളത്. അവളെ കാണുന്ന ആളുകള്‍ക്കനുസരിച്ചാണ് മറക്കേണ്ട ഭാഗങ്ങള്‍ തീരുമാനിക്കേണ്ടത്. വീട്ടിലായിരിക്കുക പുറത്തായിരിക്കുക എന്നതല്ല ഔറത് നിശ്ചയിക്കാനുള്ള മാനദണ്ഡം. അപ്പോള്‍ വീട്ടില്‍ അന്യപുരുഷന്മാര്‍ കാണാത്ത അവസരത്തില്‍ അവള്‍ തല മറക്കൽ നിർബന്ധമില്ല. എങ്കിലും എല്ലാ സമയത്തും തല മറക്കുന്നതാണ് നല്ലത് ചോ : തഹജ്ജുദ് നിസ്കാരത്തില്‍ നബി എന്തായിരുന്നു ദുആ ചെയ്തിരുന്നത്? ഉ :നബി തങ്ങള്‍ തഹജ്ജുദ് നിസ്കാരത്തിന് തക്ബീര്‍ കെട്ടിയതിന് ശെഷം ഇങ്ങനെ ദുആ ചെയ്യുമായിരുന്നു اللَّهُمَّ رَبَّنَا لَكَ الحَمْدُ، أنْتَ قَيِّمُ السَّمَوَاتِ والأرْضِ وَمَنْ فِيهنَّ، وَلَكَ الحَمْدُ، لَكَ مُلْكُ السَّمَوَاتِ والأرضِ وَمَن فيهن، وَلَكَ الحَمْدُ أنْت نُورُ السَّمَوَاتِ والأرْضِ ومَنْ فِيهنَّ، ولكَ الحَمدُ أنْتَ الحَقُّ، وَوَعْدُكَ الحَقّ، ولِقَاؤُكَ حَقٌّ، وَقَوْلُكَ حَقٌّ، والجَنَّةُ حَقٌّ، والنَّارُ حَقٌّ، ومُحَمَّدٌ حَقٌّ، والسَّاعَةُ حَقٌّ، اللَّهُمَّ لَكَ أسْلَمْتُ، وَبِكَ آمَنْتُ، وَعَلَيْكَ تَوَكَّلْتُ، وَإِلَيْكَ أَنَبْتُ، وبِكَ خاصَمْتُ، وَإلَيْكَ حاكَمْتُ، فاغْفِرْ لي ما قَدَّمْتُ وَمَا أخَّرْتُ وَمَا أَسْرَرْتُ وَمَا أعْلَنْتُ، أنْتَ المُقَدِّمُ وأنْتَ المُؤَخِّرُ، لا إلهَ إِلاَّ أنتَ ചോ : അമുസ്‍ലിം സ്ത്രീയുടെ മുല കൂടിച്ചാല്‍ മുലകുടി ബന്ധം സ്ഥിരപ്പെടുമോ? ഉ : മുല കൂടി ബന്ധം സ്ഥിരപ്പെടാന്‍ മുല കൊടുത്ത സ്ത്രീയോ മുല കുടിച്ച കുട്ടിയോ മുസ്‍ലിമാവണമെന്ന് നിബന്ധനയില്ല. മുസ്‍ലിം, അമുസ്‍ലിം സ്ത്രീയുടെ മുല കുടിച്ചാല്‍ അല്ലെങ്കില്‍ തിരിച്ചോ സംഭവിച്ചാലും മുല കുടി ബന്ധം സ്ഥിരപ്പെടും. മുല കൊടുത്തത് ഒമ്പത് വയസ്സായ ജീവനുള്ള സ്തീയായിരിക്കുക എന്നിവയാണ് മുല കുടി ബന്ധം സ്ഥിരപ്പെടാന്‍ മുലകൊടുക്കുന്ന സ്ത്രീയിലുണ്ടായിരിക്കേണ്ട നിബന്ധനകള്‍. ജീവനുള്ള രണ്ടു വയസ്സ് പൂര്‍ത്തിയാവാത്ത കുട്ടി അഞ്ച് തവണ മുല കുടിക്കുക എന്നതാണ് മുല കുടിക്കുന്നവനുലുണ്ടാവേണ്ട നിബന്ധനകള്‍. എന്നാല്‍ മുലയൂട്ടുന്ന സ്ത്രീകളെ തിരഞ്ഞെടുക്കുമ്പോള്‍ സല്‍സ്വഭാവിയും ദീനീനിഷ്ഠയുമുള്ള സ്ത്രീകളാവല്‍ ഉത്തമമാണ്. മുലയൂട്ടുന്ന സ്ത്രീകളുടെ സ്വഭാവങ്ങളും ജീവിത രീതിയും മുലയൂട്ടപ്പെടുന്ന കുട്ടികളിലും കാണപ്പെടുന്നുവെന്നു ആധുനിക ശാസ്ത്രം പോലും തെളിയിച്ചിട്ടുണ്ട്. അത് കൊണ്ട് മാതാവ്‌ മുലയൂട്ടുന്നതാണ് ഏറ്റവും ഉത്തമം. മാതാവിന്‍റെ വാത്സല്യവും സ്നേഹവും പകര്‍ന്നു നല്‍കുവാനും കുട്ടികളെ സല്‍സ്വഭാവികളക്കാനും അതു വഴി സാധിക്കും. അറിയാനും, പഠിക്കാനും, അതിനനുസരിച്ചു പ്രവർത്തിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ... ആമീൻ صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ ഇൻശാ അല്ലാഹ്... തുടരും

Comments