
Jamaat-e-Islami Hind Kerala
May 18, 2025 at 07:43 AM
പ്രിയങ്കരനായ ജനാബ് പി.കെ. ജമാൽ സാഹിബ് അല്ലാഹുവിലേക്ക് യാതയായി. അത്യന്തം ദു:ഖപൂർണമായ ഒരു വിടവാങ്ങൽ.
ശാന്തപുരം പൂർവവിദ്യാർഥികളിലെ പ്രമുഖരിൽ ഒരാളും വാഗ്മിയും എഴുത്തുകാരനും സംഘാടകനും ഒക്കെയായിരുന്ന അദ്ദേഹം, ഇത്തിഹാദുൽ ഉലമാ കേരളയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു.
_fb_ https://www.facebook.com/share/p/19sDd8xGoi/
_insta_ https://www.instagram.com/p/DJySiTsvivh/
1948-ല്‍ കോഴിക്കോട് ജില്ലയിലെ വേങ്ങേരിയിലാണ് ജമാൽ സാഹിബ് ജനിച്ചത്. പിതാവ്, മുഹമ്മദ് കോയ. മാതാവ്: ഹലീമ. വേങ്ങേരി അല്‍മദ്റസത്തുല്‍ ഇസ്ലാമിയയിലേയും യു.പി. സ്കൂളിലേയും പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം 1962-1969 -ല്‍ ശാന്തപുരം ഇസ്ലാമിയാ കോളേജില്‍ പഠിച്ച് എഫ്.ഡി, ബി.എസ്.എസ്.സി ബിരുദങ്ങൾ നേടി. 1969-1971 കാലത്ത് ആലുവ മേഖലയില്‍ ജമാഅത്തെ ഇസ്ലാമിയുടെ മുഴുസമയ പ്രവർത്തകനായി. 1971 മുതല്‍ 1977 വരെ ചന്ദ്രിക ദിനപത്രം, ആഴ്ചപ്പതിപ്പ് എന്നിവയുടെ പത്രാധിപ സമിതിയില്‍ അംഗവും വാരാന്തപ്പതിപ്പ്, വാരിക എന്നിവയുടെ എഡിറ്റര്‍ ഇന്‍ ചാര്‍ജുമായി പ്രവര്‍ത്തിച്ചു.
1973 -ല്‍ വേങ്ങേരിയില്‍ ഇസ്ലാമിക് കള്‍ചറല്‍ സെന്റര്‍ സ്ഥാപിക്കുന്നതില്‍ നേതൃത്വപരമായ പങ്ക് വഹിച്ചു. കോഴിക്കോട് പട്ടാളപ്പള്ളി, പന്നിയങ്കര അബ്ദു ബറാമി പള്ളി, കോഴിക്കോട് മസ്ജിദ് ലുഅലുഅ എന്നിവിടങ്ങളില്‍ ഖുത്വുബ നിർവഹിച്ചു. കുവൈത്ത് നാഷനല്‍ പെട്രോളിയം കമ്പനിയില്‍ ദീര്‍ഘകാലം ഉദ്യോഗസ്ഥനായിരുന്നു.1992 മുതല്‍ കുവൈത്ത് ഔഖാഫ് മന്ത്രാലയത്തിന്റെ കീഴില്‍ മലയാളത്തിലെ ഔദ്യോഗിക ഖത്വീബായിരുന്നു. 1977-2002 കാലത്ത് വിവിധ ഘട്ടങ്ങളില്‍ കുവൈത്ത് കെ.ഐ.ജി പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചു.
2015-2017 വർഷങ്ങളിൽ കോഴിക്കോട് ഹൈലൈറ്റ് സിറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യുമൻ കെയർ ഫൗണ്ടേഷനിൽ ലൈഫ് കോച്ച് ആയി പ്രവർത്തിച്ചു. 2018 മുതൽ ഏതാനും വർഷം പെരുമ്പിലാവ് അൻസാർ വിമൻസ് കോളേജിൽ ലൈഫ് സ്കിൽ എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റ് തലവനായി സേവനമനുഷ്ഠി ച്ചിരുന്നു. കുവൈത്ത് ഇസ്ലാം പ്രസന്റേഷന് കമ്മറ്റി, ഫ്രൈഡേ ഫോറം എന്നിവയുടെ സ്ഥാപകാംഗമാണ്.
ഇത്തിഹാദുൽ ഉലമാ കേരള പ്രവർത്തക സമിതി അംഗം, ജനറൽ സെക്രട്ടറി, ബോധനം പത്രാധിപസമിതി അംഗം, താനൂർ ബസ് സ്റ്റാന്റ് മസ്ജിദ്, മലപ്പുറം മസ്ജിദുൽ ഫത്ഹ് ഖത്വീബ് തുടങ്ങിയ ചുമതലകൾ വഹിച്ചിരുന്നു. പ്രബോധനം, മാധ്യമം, ചന്ദ്രിക, കുവൈത്ത് ടൈംസ് തുടങ്ങിയ ആനുകാലികങ്ങളില്‍ ലേഖനങ്ങളെഴുതിയിരുന്നു.
ആത്മ സംസ്കരണത്തിന്റെ രാജപാത, ചരിത്രത്തിന്റെ താരാപഥങ്ങളില്‍, നവോത്ഥാന ശില്പികൾ, ഇസ്ലാം: സന്തുലിതമതം എന്നിവയാണ് സ്വതന്ത്ര കൃതികൾ. സ്വർഗ്ഗം പൂക്കുന്ന കുടുംബം, വസന്തം വിരിയുന്ന വീടകം, കുടുംബം: സ്നേഹ സാഗരം എന്നിവ വിവർത്തനങ്ങളാണ്. സുഊദി അറേബ്യ, ഖത്വർ, ഒമാൻ, യു.എ.ഇ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചു.
ഭാര്യ: പി.ഇ.റുഖിയ, മക്കൾ: പി.കെ.സാജിദ്, പി.കെ.യാസിർ, പി.കെ.ശാകിർ,ഷഹ്നാസ്
സർവശക്തനായ അല്ലാഹു അദ്ദേഹത്തിൻ്റെ പാരത്രിക ജീവിതം
അനുഗ്രഹ പൂർണമാക്കട്ടെ
😢
🙏
2