RJ IYER HARICHANDHANAMADOM
June 14, 2025 at 02:56 AM
ഉണ്ണികൃഷ്ണനെ വധിക്കാൻ വേണ്ടി കംസൻ നിയോഗിച്ച അസുരന്മാർ.
ദേവകിയും വസുദേവരും തമ്മിലുള്ള വിവാഹഘോഷയാത്രസമയത്ത് ദേവകിയുടെ എട്ടാമത്തെ പുത്രൻ കൊല്ലുമെന്ന അശരീരി കേട്ട കംസൻ ദേവകിയേയും ഭർത്താവ് വസുദേവരേയും തടവിലാക്കുന്നു. തുടർന്ന് ദേവകി പ്രസവിച്ച എട്ട് കുട്ടികളേയും കംസൻ നിഷ്കരുണം വധിക്കുന്നു. ഏഴാമത്തെ പുത്രനായ ബലരാമൻറെ ഗർഭം ദേവകിയുടെ ഉദരത്തിൽ നിന്നും രോഹിണിയിലേക്ക് മാറ്റപ്പെടുകയാണുണ്ടായത്. ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി നാളിലാണ് ശ്രീകൃഷ്ണൻറെ ജനനമെന്നാണ് ഐതിഹ്യം. അലറി പെയ്യുന്ന പേമാരിയും, അഗ്നിത്തൂണുകൾപ്പോലെ പ്രകമ്പനംകൊണ്ട ഭൂമിയും, അരിച്ചിറങ്ങുന്ന കോടമഞ്ഞും, ആടിത്തിമർക്കുന്ന കൊടുംകാറ്റും കൂടിയ ഒരു ഘോരരാത്രിയിലാണ് ദേവകിവസുദേവന്മാരുടെ പുത്രനായി ഭഗവാൻ മഹാവിഷ്ണു സമ്പൂർണ്ണാവതാരമായി കൃഷ്ണൻറെ രൂപത്തിൽ പിറവി കൊണ്ടത്.
ജനിച്ചയുടനെതന്നെ ശ്രീകൃഷ്ണനെ വസുദേവർ നന്ദഗോപരുടെ ഗൃഹത്തിലാക്കി. നന്ദഗോപരുടെ പത്നിയായ യശോദ പ്രസവിച്ച പെണ്കുിഞ്ഞിനെ തിരികെക്കൊണ്ട് കിടത്തി. സാക്ഷാൽ മായാദേവി തന്നെയായ ആ ശിശുവിനെ വധിക്കുവാൻ വേണ്ടി കംസൻ തുനിഞ്ഞു. ആ സമയത്ത് ബാലിക ആകാശത്തിലേക്കുയർന്ന് നിന്റെ അന്തകനായിരിക്കുന്നവൻ ഭൂമിയിൽ ജനിച്ചിരിക്കുന്നു എന്നുപറഞ്ഞു. ഇതുകേട്ടതോടുകൂടി അത്യധികം ഭയചകിതനായ കംസൻ ആയിടയ്ക്ക് ജനിച്ച ശിശുക്കളെയെല്ലാം നിഗ്രഹിക്കുന്നതിനായി പൂതന എന്ന രാക്ഷസിയെ അയച്ചു. നന്ദഗോപ ഗൃഹത്തിലെത്തിയ പൂതന അവിടെ വളരുന്ന ശ്രീകൃഷ്ണന് വിഷം പുരട്ടിയ സ്തന്യത്തെ നൽകി. ശ്രീകൃഷ്ണനാകട്ടെ, സ്തന്യത്തോടുകൂടി പൂതനയുടെ പ്രാണനെയും വലിച്ചെടുത്തു. അങ്ങനെ പൂതന ജീവൻ വെടിഞ്ഞ് ഭൂമിയിൽ പതിച്ചു.
ഇതിനുശേഷം കംസൻ തൃണാർത്തൻ എന്ന അസുരനെ കൃഷ്ണനെ നിഗ്രഹിക്കാനായി പറഞ്ഞയച്ചു. അമ്പാടിയിലെത്തിയ തൃണാവർത്തൻ ചുഴലിക്കാറ്റായി വന്ന് ശ്രീകൃഷ്ണനെ എടുത്തുകൊണ്ട് ആകാശത്തിലേക്ക് ഉയർന്നു. ശ്രീകൃഷ്ണൻ അസുരന്റെ കഴുത്തിൽ ഞെക്കിപ്പിടിച്ച് അവനെ കൊന്നുകളഞ്ഞു.
പിന്നെ ശകടൻ എന്നൊരു അസുരൻ ശകടമായി വന്ന് കൃഷ്ണനെ വധിക്കുവാൻ നോക്കി. കൃഷ്ണൻ തന്റെ കുഞ്ഞിക്കാലുകൾകൊണ്ട് മെല്ലെ തട്ടിയതോടുകൂടി ശകടാസുരൻ മരിച്ചുവീണു. വൽസൻ എന്നൊരു അസുരൻ പശുവായി വന്ന് കൃഷ്ണനെ വധിക്കുവാൻ നോക്കി. കൃഷ്ണൻ അതിന്റെ വാലും, കാലും കൂട്ടിപ്പിടിച്ച് ദൂരത്തേക്ക് വലിച്ചെറിഞ്ഞു. അങ്ങനെ അവനും മരിച്ചുവീണു.
ആതിനുശേഷം കംസൻ, പൂതനയുടെ സഹോദരനായ ബകനെ കൃഷ്ണവധത്തിനായി നിയോഗിച്ചു. അവൻ ഒരു വലിയ പക്ഷിയുടെ രൂപം ധരിച്ച് ശ്രീകൃഷ്ണനെ വിഴുങ്ങി. കൃഷ്ണസ്പർശംകൊണ്ട് അവന്റെ ഉദരം ദഹിക്കുവാൻ തുടങ്ങി. അങ്ങനെ അവൻ മരിച്ചുവീണു.ഇതിന് ശേഷം വന്നത് അഘൻ എന്ന അസുരനായിരുന്നു. അവൻ ഒരു പെരുമ്പാമ്പിന്റെ രൂപം പൂണ്ട് രാമകൃഷ്ണന്മാരെയും ഗോപാലന്മാരെയും വിഴുങ്ങി. ശ്രീകൃഷ്ണൻ അവന്റെ ഉദരത്തെ ദഹിപ്പിച്ച് അവനെ കൊന്നുകളയുകയും, ബലരാമനോടും ഗോപാലന്മാരോടുമൊപ്പം പുറത്തുചാടുകയും ചെയ്തു. ശ്രീകൃഷ്ണന്റെ ബാല്യലീലകൾ ഏവർക്കും ആനന്ദത്തെ പ്രദാനം ചെയ്യുന്നതായിരുന്നു.
ശ്രീകൃഷ്ണനെതിരെയുള്ള എല്ലാ നീക്കങ്ങളും പരാജയപ്പെട്ടപ്പോൾ കംസൻ ധനുർയാഗം നടത്തുവാൻ തീരുമാനിച്ചു. ആ സന്ദർഭത്തിൽ കൃഷ്ണനെ ഇല്ലാതാക്കാനായിരുൻ കംസൻ ശ്രമിച്ചു. കംസന്റെ ക്ഷണം സ്വീകരിച്ച് രാമകൃഷ്ണൻമാർ മധുരാപുരിയിൽ എത്തിച്ചേർന്നു. രാമകൃഷ്ണൻമാർ യാഗവേദിയിൽ പ്രവേശിച്ച് പൂജിച്ച് വച്ചിരുന്ന വില്ല് മുറിച്ചുകളഞ്ഞു. എതിരിടാൻ വന്നവരെയെല്ലാം അവർ അടിച്ചുകൊന്നു. അടുത്ത ദിവസം കംസൻ മല്ലയുദ്ധരംഗം സജ്ജീകരിച്ചു. യുദ്ധവേദിയിലേക്ക് പ്രവേശിക്കുന്നിടത്ത് കംസൻ കുവലയാപീഢൻ എന്നൊരു കൊലയാനയെ നിറുത്തിയിരുന്നു. രാമകൃഷ്ണൻമാർ ആ ആനയെ വധിച്ച് യുദ്ധവേദിയിലേക്ക് പ്രവേശിച്ചു. അവിടെ അവരെ എതിരേറ്റത് ചാണുതൻ, മുഷ്ടികൻ എന്നീ രണ്ടുമല്ലന്മാരായിരുന്നു. കൃഷ്ണൻ ചാണൂരനെയും ബലരാമൻ മുഷ്ടികനെയും മല്ലയുദ്ധം ചെയ്ത് വധിച്ചുകളഞ്ഞു. തുടർന്നും അനവധി മല്ലന്മാർ രാമകൃഷ്ണന്മാരോട് എതിരിടാൻ വന്നു. അവരും കാലതാമസം കൂടാതെ യമപുരിയെ പ്രാപിച്ചു. ഇതിനുശേഷം കൃഷ്ണൻ കംസനെ വധിച്ചു. പിന്നെ ഭഗവാൻ വസുദേവർ, ദേവകി, ഉഗ്രസേനൻ തുടങ്ങിയവരെ കാരാഗൃഹത്തിൽ നിന്ന് മോചിപ്പിക്കുകയും, ഉഗ്രസേനനെ മധുരയിലെ രാജാവായി വാഴിക്കുകയും ചെയ്തു.
ഓം നമോ ഭഗവതേ വാസുദേവായ
ശ്രീ ഗുരുവായൂരപ്പൻ
🙏
👍
❤️
21