
Dr. Bahauddeen Muhammed Nadwi
June 3, 2025 at 04:38 PM
https://www.facebook.com/share/p/1DvaWNiCR6/
കഴിഞ്ഞ ദിവസ (ദുല്‍ഹിജ്ജഃ 5-ന് )മായിരുന്നു മര്‍ഹൂം ഉസ്താദ് കോട്ടുമല അബൂബക്ര് മുസ്ലിയാരുടെ ആണ്ടുദിനം.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ വൈസ് പ്രസിഡന്റും പട്ടിക്കാട് ജാമിഅഃനൂരിയ്യ പ്രിന്‍സിപ്പാളുമായിരുന്ന അദ്ദേഹം സമസ്തയുടെ വിവിധ പോഷക ഘടകങ്ങളുടെ രൂപീകരണത്തിലും വളര്‍ച്ചയിലും നിര്‍ണായക പങ്കുവഹിച്ച വ്യക്തിത്വമായിരുന്നു. 1951- ല്‍ വടകരയില്‍ നടന്ന സമസ്തയുടെ 19-ാം സമ്മേളനാനന്തരം രൂപീകരിച്ച വിദ്യാഭ്യസ ബോര്‍ഡിന്റെ പ്രഥമ സമിതിയുടെ അംഗത്വവും 1957- മുതല്‍ തന്റെ നിര്യാണം വരെ ബോര്‍ഡിന്റെ ജനറല്‍ സെക്രട്ടറി പദവിയും വഹിച്ചു.
1918- ല്‍ മലപ്പുറം ജില്ലയിലെ കാളമ്പാടിക്കടുത്ത പെരിങ്ങോട്ടുപുലത്ത് തറയില്‍ കുഞ്ഞാലി ഹാജി -ഫാത്വിമ ദമ്പതികളുടെ മകനായി ജനിച്ച ഉസ്താദിന്റെ പ്രാഥമിക പഠനം സ്വദേശത്തു തന്നെയായിരുന്നു.
പിന്നീട് പെരിന്തല്‍മണ്ണയിലെ കക്കൂത്ത് ദര്‍സിലും ശേഷം, പരപ്പനങ്ങാടി പനയത്തില്‍ പള്ളിയിലും പഠനം നടത്തി. പ്രഗത്ഭ പണ്ഡിതനായിരുന്ന മൗലാനാ അബ്ദുല്‍ അലി കോമു മുസ്ലി mയാരായിരുന്നു പ്രധാന ഗുരു. വിവിധ വിഷയങ്ങളില്‍ പ്രാവീണ്യവും അവഗാഹവുമുള്ള പണ്ഡിതനാകാന്‍ ഉസ്താദിനെ പ്രാപ്തനാക്കിയത് കോമു മുസ്ലിയാരായിരുന്നു. അദ്ദേഹത്തിനു കീഴിലെ ഏഴു വര്‍ഷ പഠനം ഉസ്താദിന്റെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തി. അവര്‍ക്കിടയിലെ ഗാഢമായ ഗുരു-ശിഷ്യ ബന്ധം തന്റെ മകളെ വിവാഹം ചെയ്തു കൊടുക്കുന്നതില്‍ വരെയെത്തി. പത്ത് വര്‍ഷത്തെ തന്റെ ദര്‍സ് ജീവിതത്തിനു ശേഷം വെല്ലൂര്‍ ബാഖിയാത്തിലായിരുന്നു ഉന്നത പഠനം.1943- ല്‍ ബാഖവി ബരുദം സ്വീകരിച്ചു കര്‍മഗോദയിലിറങ്ങി.
ഊരകം പഞ്ചായത്തിലെ കോട്ടുമലയിലാണ് അധ്യാപനമാരംഭിച്ചത്. മൂന്ന് വിദ്യാര്‍ത്ഥികളെ ചേര്‍ത്തു തുടങ്ങിയ ദര്സില്, ഉസ്താദിന്റെ പാണ്ഡിത്യഗരിമ തിരിച്ചറിഞ്ഞതോടെ നിരവധി വിദ്യാര്‍ത്ഥികളാല്‍ ദര്‍സ് സമ്പന്നമായി. കോട്ടുമല എന്ന മറുപേരും ലഭിച്ചു. മൗലാനാ എം. എം ബശീര്‍ മുസ്ലിയാര്, ഇ.കെ ഹസന് മുസ്ലിയാര് തുടങ്ങിയവര്‍ കോട്ടുമല ദര്‍സിന്റെ സന്തതികളാണ്. പരപ്പനങ്ങാടി പനയത്തില്‍ പള്ളിയിലും മുദര്‍രിസായി. 1963- ല്‍ ജാമിഅഃ നൂരിയ്യ സ്ഥാപിതമായപ്പോള്‍ അവിടെ അധ്യാപകനായി നിയമിക്കപ്പെട്ടു. 1977- മുതല്‍ മരണം വരെ ജാമിഅഃയുടെ പ്രിന്‍സിപ്പാള്‍ പദവിയും അലങ്കരിച്ചു.
സമസ്തയിലെ വിഘടനത്തിനു രണ്ട് വര്‍ഷം മുന്‍പാണ് ഉസ്താദിന്റെ വിയോഗം. എന്നാല്‍, ആ സാത്വിക പണ്ഡിതനു വിഭജനത്തിന്റെ കാലുഷ്യങ്ങള്‍ നിരവധി തവണ അനുഭവിക്കേണ്ടിവന്നു. 1983-ല്‍ മലപ്പുറത്ത് നടന്ന സമസ്ത സമ്മേളനം തൊട്ടേ, പിളര്‍പ്പിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു. തിരസ്കരണവും അവഗണനയുമൊക്കെ ഉസ്താദിനു നേരിടേണ്ടിവന്നു.
സമസ്തയിലെ കോഴിക്കോടന്‍ ലോബിയായിരുന്നു 89- ലെ ഛിദ്രതയുടെ പ്രധാന ആസൂത്രകര്‍. അനാദരപൂര്വമായ ചില സമീപനങ്ങളും ചിറ്റമ്മ നയങ്ങളുമെല്ലാം പണ്ഡിത കേസരിയും നിരവധി ഫൈസി ഉലമാഇന്റെ ഗുരുശ്രേഷ്ഠനുമായ ശൈഖുനായെ വലയം ചെയ്തു.
ഉസ്താദുമായുള്ള എന്റെ ആത്മബന്ധം തുടങ്ങിയത് ജാമിഅഃയില്‍ നിന്നായിരുന്നു. എന്റെ പ്രവേശന പരീക്ഷ നടത്തിയതും ഉസ്താദാണ്. തഫ്സീറുല്‍ ബൈളാവി വായിപ്പിച്ചയിരുന്നു ഇന്റര്‍വ്യൂ നടത്തിയത്.
നൂറുല്‍ ഉലമായുടെ നേതൃരംഗത്തുണ്ടായതിനാല് ഉസ്താദുമായി പലപ്പോഴും സംഘടനാപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും നിരന്തരം സന്ധിക്കാനും അവസരമുണ്ടായി. നിരവധി യാത്രകളില്‍ ഉസ്താദിനെ അനുഗമിക്കാനും പരിപാടികളില്‍ പങ്കെടുക്കാനും ഭാഗ്യവുമുണ്ടായിട്ടുണ്ട്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ നിര്‍മാണത്മക പ്രവര്‍ത്തങ്ങളില്‍ നേതൃപരമായ പങ്കുവഹിച്ച ഉസ്താദിനു നിരവധി ശിഷ്യഗണങ്ങളെ സമ്പാദിക്കാനും സൗഭാഗ്യം ലഭിച്ചു. 1987 ജൂലൈ 31 (1407 ദുല്‍ഹിജ്ജഃ 5)നായിരുന്നു വിയോഗം.
അഭിവന്ദ്യ ഗുരുവിന്റെ പാത പിന്തുടരാനും മാതൃകകള്‍ പിന്പറ്റാനും സര്വശക്തന് അനുഗ്രഹിക്കട്ടെ. ഉസ്താദിന്റെ പാരത്രിക പദവി നാഥന് ഉയര്‍ത്തട്ടെ. ആമീന്‍.
Dr. Bahauddeen Muhammed Nadwi
❤️
🤲
❤
👍
11