Dr. Bahauddeen Muhammed Nadwi
June 10, 2025 at 02:04 PM
https://www.facebook.com/share/p/1ARthJkhZu/
ഉത്തരാഫ്രിക്കയിലെ പ്രധാന മുസ്‌ലിം രാജ്യമായ മൊറോക്കോവില ഇക്കഴിഞ്ഞ ബലിപെരുന്നാളോടനുബന്ധിച്ച് മൃഗബലി (ഉള്ഹിയ്യത്ത്) നിരോധിച്ചത്, ഇവിടെ കേരളത്തിൽ സംഘ്പരിവാര്‍ അനുകൂലികളും കമ്മ്യൂണിസ്റ്റ്-ലിബറല്‍ ചിന്താഗതിക്കാരും വലിയ ആഘോഷമാക്കിയിരിക്കുന്നു.
മൃഗബലി നിരോധനത്തിന്റെ വസ്തുതയും നിജസ്ഥിതിയും അന്വേഷിക്കാതെ ഇസ്‌ലാം വിദ്വേഷവും മത വിശ്വാസ-ആദര്‍ശ നിഷ്ഠകള്‍ക്കെതിരെയുള്ള അവഹേളനവും തെറിയഭിഷേകവുമാണ് സാമൂഹിക മാധ്യമങ്ങള്‍ വഴി പലരും നടത്തിയത്.
മുസ്‌ലിം രാഷ്ട്രമായ മൊറോക്കോവില്‍, പൗരന്മാര്‍ ഇസ്‌ലാമിക കര്‍മങ്ങള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കും ഏറെ പ്രധാന്യം നല്‍കുന്നവരാണ്. ഈദുല്‍ ഫിഥ്‌റിനേക്കാള്‍ ഈദുല്‍ അദ്ഹാ (ബലിപെരുന്നാള്‍)യും അനുബന്ധ ചടങ്ങുകളും ഏറെ ആഘോഷപൂര്‍വം കൊണ്ടാടുന്നവരാണ് തദ്ദേശീയര്‍. ധനിക-ദരിദ്രരെന്ന വ്യത്യാസമില്ലാതെ സര്‍വരും മതത്തിലെ നിര്‍ബന്ധിതാനുഷ്ഠാനത്തിന് സമാനമായി ബലിപെരുന്നാളോടനുബന്ധിച്ച് മൃഗബലി നടത്താറുമുണ്ട്.
എന്നാല്‍, ഇത്തവണ ഭരണകൂടം എന്ത് കൊണ്ടാണ് മൃഗബലി നിരോധിച്ചത്? ഇസ്‌ലാമിക മതാനുഷ്ഠാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയോ? വ്യാപകമായ ആഘോഷങ്ങള്‍ക്കു നിലവിലെ രാജ്യത്തെ സാമ്പത്തിക- സാമൂഹിക ചുറ്റുപാടുകള്‍ ഒട്ടും ശുഭകരമല്ല എന്നതാണ് അതിനുത്തരം. കഴിഞ്ഞ നാലഞ്ചുവര്‍ഷമായി, മഴ ലഭ്യതക്കുറവ് മൂലമുള്ള കഠിനമായ ക്ഷാമവും വരള്‍ച്ചയും സാമ്പത്തിക പ്രതിസന്ധിയും സമൂലമാം വിധം സമസ്ത മേഖലകളിലും ഗ്രസിച്ചിട്ടുണ്ട്. രാജ്യത്ത് മതിയായ കാലിയുത്പാദനമില്ല. ലഭ്യമായവക്ക് തന്നെ 450 മുതല്‍ 700 യൂറോ വരെ വിലയുണ്ട്. സാധാരണക്കാര്‍ക്ക് സ്വപ്നം കാണാന്‍ പോലും കഴിയാത്തവിധം വിലക്കയറ്റമാണിപ്പോള്‍. ഈയൊരു പ്രതികൂല സാഹചര്യം മുതലെടുത്ത് യൂറോപ്പില്‍ നിന്നു, കൊള്ളലാഭം പ്രതീക്ഷിച്ചു ആടുകളുമായി വിപണനത്തിനെത്തുന്നവരുമുണ്ട്.
ഏറെ സങ്കീര്‍ണവും പ്രയാസകരവുമായ വര്‍ത്തമാന സ്ഥിതിഗതികള്‍ നിരീക്ഷിച്ചാണ് രാജാവ് മുഹമ്മദ് ആറാമന്‍, എല്ലാവരും തുല്യരാണെന്നും ഇത്തവണ ആരും ബലിയറുക്കേണ്ടതില്ലെന്നും പ്രഖ്യാപനം നടത്തിയത്. പകരം, തന്റെ കൊട്ടാരത്തില്‍ അദ്ദേഹം രണ്ടാടുകളെ അറുത്തു. ഒന്ന്, സ്വന്തം പേരിലും മറ്റൊന്ന് രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്ക് വേണ്ടിയും.
പ്രവാചകന്‍ തിരുനബി (സ്വ) ഇങ്ങനെ ചെയ്തതായി ഹദീസിലുണ്ടല്ലോ:
ജാബിര്‍ ബിന്‍ അബ്ദില്ലാഹ് നിവേദനം ചെയ്ത ഹദീസ് ഇങ്ങനെയാണ്: ഞാന്‍ ബലിപെരുന്നാള്‍ ദിനം തിരുനബിയോടൊപ്പമായിരുന്നു. പെരുന്നാള്‍ ഖുഥ്ബ നിര്‍വഹിച്ച് പുറത്തേക്കിറങ്ങിയ നബിയുടെ അടുത്തേക്ക് ഒരാടിനെ കൊണ്ടുവന്നു. പ്രവാചകന്‍ തന്നെ അതിനെ ബലിയറുത്തു. ശേഷം ഇങ്ങനെ പ്രതികരിച്ചു: അല്ലാഹുവിന്റെ നാമത്തില്‍, അല്ലാഹുവാണ് ഉന്നതന്‍. ഈ ആട് എനിക്കും എന്റെ സമൂഹത്തിലെ ബലയറുക്കാത്തവര്‍ക്കും വേണ്ടിയാണ്. (അബൂദാവൂദ്, തുര്‍മുദി, അഹ്‌മദ്).
കഴിഞ്ഞ ഫെബ്രുവരിയില്‍, രാജ്യത്തെ മതകാര്യവകുപ്പ് മന്ത്രി ഡോ. അഹ്‌മദ് തൗഫീഖ് ഒരു ടി.വി ചാനലിന് നല്‍കിയ അഭിമുഖത്തില്‍, രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയും ആടുകളുടെ ദൗര്‍ലഭ്യതയും വിശദമായി പ്രതിപാദിച്ചിരുന്നു.
മൊറോക്കോവില്‍ ഇതാദ്യമല്ല ബലി നിരോധനം. 1963, 1981, 1996 വര്‍ഷങ്ങളിലായി മൂന്ന് തവണ, വരള്‍ച്ച, ക്ഷാമം തുടങ്ങിയ സമാന സാഹചര്യങ്ങള്‍ മൂലം അന്നത്തെ രാജാവ് ഹസന്‍ രണ്ടാമന്‍ നിരോധനമേര്‍പെടുത്തിയിരുന്നു.
ഇസ്‌ലാമില്‍ ഏറെ പവിത്ര (സുന്നത്ത്)മായ ഒരു കര്‍മം, മുസ്‌ലിം രാജാവ്, അടിയന്തര സാഹചര്യം പരിഗണിച്ചും തന്റെ രാഷ്ട്രത്തിന്റേയും പൗരജനങ്ങളുടെയും ക്ഷേമം കണക്കിലെടുത്തും നിരോധിക്കുകയാണെങ്കില്‍ അതിനെ അംഗീകരിക്കണമെന്നാണ് മത നിയമം. കാരണം, ജനങ്ങള്‍ക്ക് പ്രയാസകരമാവുന്ന ഒന്നും ഇസ്‌ലാം കല്‍പിക്കുന്നില്ല. മതകാര്യത്തില്‍ കഴിവിനപ്പുറം ചെയ്യാന്‍ അല്ലാഹു നിര്‍ബന്ധിക്കയില്ല എന്നതാണല്ലോ ഖുര്‍ആനിക ഭാഷ്യം. എന്നാല്‍, മൊറോക്കോവിലെ ബലിനിരോധനം അടിസ്ഥാനമാക്കി ഇസ്‌ലാമിന്റെ അനുഷ്ഠാനകര്‍മങ്ങള്‍ ദുര്‍വഹമാണെന്ന് പ്രചരിപ്പിക്കുന്ന സ്വതന്ത്ര-സംഘ്പരിവാര്‍ വക്താക്കള്‍ ചരിത്രവും വര്‍ത്തമാന യാഥാര്‍ഥ്യവും വ്യക്തമായി പഠിക്കുകയാണ് ചെയ്യേണ്ടത്.
Dr. Bahauddeen Muhammed Nadwi
❤️
👍
❤
👏
🩶
26