Dr. Bahauddeen Muhammed Nadwi
Dr. Bahauddeen Muhammed Nadwi
June 11, 2025 at 06:43 AM
https://www.facebook.com/share/1ZXkHm2BQY/ ഇന്ന്, ഹിജ്‌റ വര്‍ഷം 1446 - ദുല്‍ഹിജ്ജ 14. 102 വര്‍ഷം മുമ്പ് ഇതേ പോലുള്ള ഒരു സുദിനത്തിലാണ് (1344 ദുല്‍ഹിജ്ജ 14 ന് ) കോഴിക്കോട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ രൂപീകൃതമായത്. വിവിധ സ്ഥലങ്ങളില്‍ മുദര്‍രിസുമാരായിരുന്ന ആ പണ്ഡിതശ്രേഷ്ഠര്‍ ദര്‍സുകള്‍ക്ക് മുടക്കം വരാതിരിക്കാനാണ് വലിയ പെരുന്നാള്‍ ലീവിനിടക്ക് തന്നെ യോഗം ചേരാന്‍ തീരുമാനിച്ചത്. 1925 ല്‍ വലിയ ജുമുഅ മസ്ജിദില്‍ പണ്ഡിതന്മാര്‍ ചേര്‍ന്നു രൂപീകരിച്ചിരുന്ന സംഘടന കൂടുതല്‍ ഉലമാക്കളെ വ്യത്യസ്ത പ്രദേശങ്ങളിലും മേഖലകളിലും നിന്നു പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു ഈ വിപുലമായ യോഗം. ടൗണ്‍ഹാളില്‍ അസ്സയ്യിദ് ഹാശിം ചെറു കുഞ്ഞിക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ വരക്കല്‍ അബ്ദുറഹ്‌മാന്‍ മുല്ലക്കോയ തങ്ങള്‍ ബാഅലവിയുടെ പ്രാര്‍ത്ഥനയോടെയായിരുന്നു തുടക്കം. പ്രഥമ പ്രസിഡന്റ് ആയി വരക്കല്‍ തങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. മൗലാനാ പാങ്ങില്‍ അഹ്‌മദ് കുട്ടി മുസ്‌ലിയാര്‍, മൗലാനാ മുഹമ്മദ് അബ്ദുല്‍ ബാരി (വാളക്കുളം), മൗലാനാ അബ്ദുല്‍ ഖാദിര്‍ ഫദ്ഫരി, കെ.പി മുഹമ്മദ് മീരാന്‍ മുസ്‌ലിയാര്‍ ( വൈസ് പ്രസിഡന്റുമാര്‍), പള്ളി വീട്ടില്‍ മുഹമ്മദ് മൗലവി (ജനറല്‍ സെക്രട്ടറി), വി.കെ അഹ്‌മദ് മൗലവി, ജര്‍മന്‍ അഹ്‌മദ് മുസ്‌ലിയാര്‍ (ജോ.സെ)എന്നിവരായിരുന്നു മറ്റു ഭാരവാഹികള്‍. ഈ സംഘത്തിന്റെ ക്രമ പ്രവൃദ്ധവും വ്യവസ്ഥാപിതവും ആനുകാലികവും ഉമ്മത്തിന്റെ പുരോഗതിക്കുമാത്രമായി ഇഖ്ലാസോടെ ആവിഷ്‌കരിക്കപ്പെട്ടതുമായ ബഹുമുഖ പ്രവര്‍ത്തനങ്ങളാണ് കേരളീയ മുസ്‌ലിംകള്‍ക്ക്‌ അന്തസ്സാര്‍ന്ന അസ്തിത്വം കൈവരിച്ചു കൊടുത്തത്. 1934-ല്‍ 1-ാം നമ്പറായി ഗവണ്‍മെന്റില്‍ രജിസ്റ്റര്‍ ചെയ്തു. ഇന്ന് 12 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് മദ്രസകളിലൂടെ വ്യവസ്ഥാപിത മത വിദ്യാഭ്യാസം നല്‍കുന്നു. 10992 മദ്രസകള്‍, ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി, ജാമിഅ നൂരിയ്യ തുടങ്ങി ഒട്ടേറെ ഉപരിപഠന സ്ഥാപനങ്ങള്‍, ബോഡിങ് മദ്രസകള്‍, യതീംഖാനകള്‍, കേരളത്തിനകത്തും പുറത്തുമായുള്ള നിരവധി ഇസ്‌ലാമിക സ്ഥാപനങ്ങളും സംരംഭങ്ങളും, നമ്മുടെ സ്റ്റേറ്റിനു പുറത്തുള്ള ധാരാളം 'കേരള മോഡല്‍' വിജ്ഞാന കേന്ദ്രങ്ങള്‍... ഇവയൊക്കെ നമ്മുടെ അഭിമാന കേന്ദ്രങ്ങളാണ്. വിദ്യാഭ്യാസ ബോര്‍ഡ്, സുന്നി യുവജന സംഘം, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, സുന്നി വിദ്യാര്‍ത്ഥി സംഘടന, സുന്നി മഹല്ല് ഫെഡറേഷന്‍ തുടങ്ങി പതിനഞ്ചോളം ഘടകങ്ങള്‍ ഇന്നു സമസ്തക്കുണ്ട്. പൂര്‍വിക മഹത്തുക്കളുടെ ഇഖ്ലാസ്വിന്റെ പാതയിലൂടെ മുന്നോട്ടുപോകാന്‍ മുഴുവന്‍ സംഘടനകള്‍ക്കും അല്ലാഹു തൗഫീഖ് ചെയ്യട്ടെ. 2026- ല്‍ ആഘോഷിക്കാന്‍ പോകുന്ന നൂറാം വാര്‍ഷികം ഹിജ്‌റ കലണ്ടര്‍ അനുസരിച്ചല്ല, ഗ്രിഗോറിയന്‍ ആണ്. അതിന്റെ സമ്പൂര്‍ണ വിജയത്തിനായി സര്‍വ പ്രവര്‍ത്തകരും രംഗത്തിറങ്ങണം. സര്‍വശക്തന്‍ തൗഫീഖ് ചെയ്യട്ടെ. Dr. Bahauddeen Muhammed Nadwi
❤️ 👍 6

Comments