Trending Kerala
June 8, 2025 at 08:29 AM
ലോകത്തിന്റെ നെറുകയില്‍ ഇന്ത്യയുടെ പേര് ഒരിക്കല്‍ കൂടി എഴുതിചേർക്കപ്പെട്ട ദിനമായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച.
ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ പാലമെന്ന വിശേഷണത്തോടെ ജമ്മു കശ്മീരില്‍ ചെനാബ് പാലം തലയുയർത്തി നില്‍ക്കുമ്ബോള്‍ അതിനു പിന്നില്‍ പ്രൊഫസർ മാധവി ലത എന്ന ബംഗളൂരുകാരിയുടെ 17 വർഷത്തെ കഠിനാധ്വാനം കൂടിയുണ്ട്.
ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിലെ പ്രൊഫസർ ആണ് മാധവി ലത കഴിഞ്ഞ 17 വർഷമായി പദ്ധതിയുടെ ജിയോടെക്‌നിക്കല്‍ കണ്‍സള്‍ട്ടൻറ് ആയി സജീവമാണ്. പദ്ധതിയുടെ പ്ലാനിങ് മുതല്‍ ഡിസൈൻ, നിർമാണം തുടങ്ങി എല്ലാ ഘട്ടങ്ങളിലും മാധവി ലത ഒപ്പമുണ്ടായിരുന്നു.
കഷ്ടപ്പാടിൻറെ ദിനങ്ങള്‍
പാലത്തിൻറെ ചെരിവ് സ്ഥിരത, അടിത്തറ രൂപകല്‍പ്പന എന്നിവ സംബന്ധിച്ച പ്ലാനിങ് ആയിരുന്നു മാധവി ലതയുടെ ഉത്തരവാദിത്തം. കുത്തനെയുള്ളതും സ്ഥിരതയില്ലാത്തതുമായ പാറകളുടെ ചരിവുകളിലാണ് പാലത്തിൻറെ പ്രത്യേകതയായ കൂറ്റൻ കമാനവും തൂണുകളും നിർമിച്ചിരിക്കുന്നത്. പഠനങ്ങളില്‍ നിന്നും പ്രതീക്ഷകളില്‍ നിന്നുമെല്ലാം വ്യത്യസ്തമായി ഖനനത്തിനിടെയാണ് പാറകളിലെ മറഞ്ഞിരിക്കുന്ന ദ്വാരങ്ങളും, പൊട്ടലുകളും ഉള്‍പ്പെടെ കണ്ടെത്തിയിരുന്നത്. അതു കൊണ്ട് തന്നെ ഡിസൈൻ ആസ് യു ഗോ എന്ന ആശയത്തിലാണ് മാധവിലത മുന്നോട്ടു പോയത്. അത് വിജയിക്കുകയും ചെയ്തു.
ഖനനത്തിനിടെ കണ്ടെത്തുന്ന പ്രശ്‌നങ്ങള്‍ക്ക് ആ സമയത്ത് പരിഹാരം കാണുക എന്നതായിരുന്നു അത്. പാറകളിലെ ദ്വാരങ്ങളില്‍ സിമൻറ് ഒഴിച്ച് ഉറപ്പു വരുത്തുന്നത് ഉള്‍പ്പെടെയുള്ള മാർഗങ്ങള്‍ ഈ ആശയത്തിൻറെ ഭാഗമായി സ്വീകരിച്ചിരുന്നു.272 കിലോമീറ്റർ നീണ്ടു കിടക്കുന്ന ഉധംപുർ- ശ്രീനഗർ-ബാരാമുള്ള റെയില്‍വേ ലിങ്കിൻറെ ഭാഗമാണ് ചെനാബ് പാലവും. 2003ലാണ് പദ്ധതിക്ക് അനുമതി ലഭിച്ചത്.
ചുറ്റും വെല്ലുവിളികള്‍ മാത്രം
കാലാവസ്ഥയായിരുന്നു ചെനാബ് പാലം നിർമാണത്തിലെ ഏറ്റവും വലിയ പ്രതിസന്ധി. പ്രതികൂല കാലാവസ്ഥയില്‍ ഉള്‍മേഖലയില്‍ പാലം നിർമിക്കുന്നത് വലിയ വെല്ലുവിളിയായി മാറി. ഈ പ്രദേശം ഭൂകമ്ബ സാധ്യത മേഖലയിലുള്ളതാണ്. അതിനാല്‍ നിർദ്ദിഷ്ട പാലത്തിന് റിക്ടർ സ്‌കെയിലില്‍ എട്ട് വരെ തീവ്രതയുള്ള ഭൂകമ്ബങ്ങളെ ചെറുക്കാനുള്ള ശേഷി ഉണ്ടായിരിക്കണം.പാലത്തിന് ശക്തമായ നിലം ഒരുക്കേതായിരുന്നു ആദ്യത്തെ വെല്ലുവിളിയെന്ന് മാധവിലത പറഞ്ഞു.
ഭൂമിശാസ്ത്രപരമായും വെല്ലുവിളി നിറഞ്ഞ സ്ഥലമാണ് പാലം നിർമിക്കുന്നതിന് കണ്ടെത്തിയത്. ഹിമാലയ പർവ്വതകളുടെ ഉത്ഭവ സ്ഥാനത്തോടെ ചേർന്നാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. ഇതും നിർമാണഘട്ടത്തില്‍ വെല്ലുവിളി ഉയർത്തിയെന്ന് മാധവി ലത പറയുന്നു.
ചെനാബ് എന്ന് അത്ഭുതം
വെല്ലുവിളികളെയും പ്രതികൂല കാലാവസ്ഥയെയും തരണം ചെയ്താണ് ചെനാബ് പാലം നിർമിച്ചതെന്ന് പറയുമ്ബോള്‍ മാധവി ലതയുടെ മുഖത്ത് ഇച്ഛാശക്തിയുടെയും ആത്മവിശ്വാസത്തിന്റെയും പുഞ്ചിരിയാണ്. ചെനാബ് റെയില്‍വേ പാലം നദീതീരത്തിന് കുറുകെ 1,315 മീറ്റർ നീളത്തില്‍ വ്യാപിച്ചുകിടക്കുന്ന സ്റ്റീല്‍-കോണ്‍ക്രീറ്റ് ഘടനയിലാണ് നിർമിച്ചിരിക്കുന്നത്.
ഇതില്‍ 530 മീറ്റർ നീളമുള്ള ഒരു അപ്രോച്ച് പാലവും 785 മീറ്റർ നീളമുള്ള ഒരു ഡെക്ക് ആർച്ച് പാലവും (വാഹനങ്ങള്‍ സഞ്ചരിക്കുന്ന ഭാഗം) ഉള്‍പ്പെടുന്നു.സ്റ്റീല്‍ ഘടനയ്ക്ക് 20 ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞ താപനില ഉള്‍പ്പെടെയുള്ള കഠിനമായ കാലാവസ്ഥയെ നേരിടാൻ കഴിയും. സൂപ്പർ സൈക്ലോണുമായി ബന്ധപ്പെട്ട കാറ്റിന് തുല്യമായ 220 കിലോമീറ്റർ (മണിക്കൂറില്‍) വേഗതയിലുള്ള കാറ്റിനെ നേരിടാനും ഇവയ്ക്ക് സാധിക്കും.
"കാലാവസ്ഥ പെട്ടെന്ന് പ്രതികൂലമാകുന്ന ഭൂപ്രകൃതിയാണ് അവിടെ. അതിനാല്‍ ചില ദിവസങ്ങളില്‍ 24 മണിക്കൂർ വരെ വിശ്രമമില്ലാതെ പണിയെടുക്കേണ്ടി വന്നിട്ടുണ്ട്. ലോകത്തിന് മുമ്ബില്‍ ചെനാബ് പാലം തലയുർത്തി നില്‍ക്കുമ്ബോള്‍ അഭിമാനമുണ്ട്"- മാധവി ലത പറഞ്ഞു.
നിലവില്‍ ഐഐഎസ്സിയിലെ എച്ച്‌എജി പ്രൊഫസർ ആണ് മാധവി ലത. 1992ല്‍ ജവഹർലാല്‍ നെഹ്‌റു ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡിസ്റ്റിങ്ഷനോട് ബിടെക് സിവില്‍ എൻജിനീയറിങ്ങില്‍ ബിരുദം നേടി. വാരാങ്കല്‍ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയില്‍ നിന്ന് എം ടെക്കില്‍ സ്വർണ മെഡലോടെയാണ് വിജയിച്ചത്. ജിയോടെക്‌നിക്കല്‍ എൻജിനീയറിങ്ങില്‍ ആണ് സ്‌പെഷ്യലൈസ് ചെയ്തിരുന്നത്
2000ത്തില്‍ ജിയോടെക്‌നിക്കല്‍ എൻജിനീയറിങ്ങില്‍ ഐഐടി മദ്രാസില്‍ നിന്ന് ഡോക്റ്ററേറ്റ് നേടി. ഇക്കാലഘട്ടത്തിനിടെ നിരവധി പുരസ്‌കാരങ്ങളും സ്വന്തമാക്കിയിട്ടുണഅട്. 2022ല്‍ സ്റ്റീം ഓഫ് ഇന്ത്യയുടെ മികച്ച 75 സ്ത്രീകളുടെ പട്ടികയില്‍ മാധവി ലത ഇടം പിടിച്ചിരുന്നു.

❤️
👍
❤
🫂
😗
19