RJ IYER HARICHANDHANAMADOM
June 15, 2025 at 02:29 AM
മഹാവിഷ്ണുവിന്റെ അവതാരങ്ങളില്‍ പ്രധാനപ്പെട്ടതെല്ലാം അടങ്ങിയ ദശാവതാരങ്ങളേ കുറിച്ച് നമ്മള്‍ ഒന്ന് സ്മരിച്ചു കഴിഞ്ഞു. "മത്സ്യഃ കൂർമ്മോ വരാഹശ്ച നാരസിംഹശ്ച വാമനഃ രാമോ രാമശ്ച രാമശ്ച കൃഷ്ണഃ കൽക്കിർ ജനാർദ്ദനഃ" എന്നാല്‍ കേവലം അതില്‍ ഒതുങ്ങുന്നതാണോ ആ സര്‍വാത്മ ചൈതന്യം?? ശ്രീമാന്‍ നാരായണന്ടെ പൂര്‍ണ പുണ്യ അവതാരം ഭഗവാന്‍ ശ്രീകൃഷ്ണനാണ്. എന്നാല്‍ നാരായണന്‍ വിശ്വനിര്‍മ്മിതിയുടെ ദിവ്യലക്ഷ്യം പൂര്‍ണ്ണമാക്കാന്‍ പലതവണ സ്വയം ഇറങ്ങി വന്നതായി ശ്രീമദ് ഭാഗവതത്തില്‍ പറയുന്നു.... അങ്ങിനെയുളള 24 അവതാരങ്ങളെക്കുറിച്ചു പ്രഥമ സ്കന്ധത്തിലെ തൃതീയ അധ്യായത്തില്‍ വര്‍ണ്ണിക്കുന്നത്... (പിന്നീട് പല ദിക്കിലും ഇത് കാണാം... ഉദാഹരണത്തിന് നാരായണ കവചോപദേശ സമയം...) "സനത്കുമാരന്മ‍ാര്‍" (പരമാര്‍ത്ഥബോധമാര്‍ജ്ജിച്ച 4 സഹോദരന്മ‍ാര്‍), ഭൂമിയെ രക്ഷിച്ചുപൊന്തിച്ച ദിവ്യനായ യജ്ഞ "വരാഹമൂര്‍ത്തി", നാരദന്‍ (ഭക്തിസൂത്രകര്‍ത്താവായ സന്യാസിവര്യന്‍), ദിവ്യ തപസ്സിന്റെ പ്രണേതാക്കളായ "നരനാരായണന്മ‍ാര്‍", ആദ്യത്തെ ഭൗതികശാസ്ത്രജ്ഞനായ "കപിലമുനി", ആത്മജ്ഞാനവിജ്ഞാനത്തിന്റെ ആദിവ്യാഖ്യാതാവായ "ദത്താത്രേയ" മഹര്‍ഷി, ശ്രേഷ്ടരായ പരമഹംസാചാര്യന്മ‍ാരില്‍ അഗ്രഗണ്യനായ "ഋഷഭദേവന്‍", ഭൂമിയെ ഫലപുഷ്പങ്ങള്‍കൊണ്ട് നിറച്ച "പൃഥു" മഹാരാജാവ്, ഭൂമിയെ പ്രളയത്തില്‍നിന്നും കരകയറ്റിയ "മത്സ്യാവതാരം", ദിവ്യാമൃതിന്റെ നിര്‍മ്മിതിക്കുസഹായിച്ച "കൂര്‍മ്മാവതാരം", ആ ദിവ്യാമൃതുമായി പ്രത്യക്ഷനായ "ധന്വന്തരിമുനി", അസുരന്മ‍ാരില്‍നിന്നും അമൃതുരക്ഷിച്ചു ദേവകള്‍ക്കുനല്‍കിയ "മോഹിനി", ഹിരണ്യകശിപുവിനെ ഹിംസിച്ച "നരസിംഹാവതാരം", വടുവായി വന്ന് മഹാബലിക്ക് മോക്ഷം നല്‍കിയ "വാമനാവതാരം", ദുഷ്ടരാജാക്കന്‍മാരെ കൊന്ന് ധര്‍മ്മരക്ഷ നല്‍കിയ "പരശുരാമാവതാരം", വേദപുരാണേതിഹാസങ്ങളുടെ കര്‍ത്താവായ സാക്ഷാല്‍ "വേദവ്യാസഭഗവാന്‍", മര്യാദാപുരുഷോത്തമനായ "ശ്രീരാമചന്ദ്രന്‍", ധര്‍മ്മസംസ്ഥാപകരായ "ശ്രീകൃഷ്ണനും ബലരാമനും", ദിവ്യബോധോദയം കൈവരിച്ച "ബുദ്ധഭഗവാന്‍".... എന്നിവരും കലിയുഗാന്ത്യത്തില്‍ വരാന്‍ പോവുന്ന "കല്‍ക്കി"യും ഭഗവാന്റെ അവതാരങ്ങളത്രേ. ഇവരെക്കൂടാതെ അസംഖ്യം ഋഷിമുനിമാരും ഭഗവാന്റെ അവതാരങ്ങള്‍തന്നെ. ഇവയെല്ല‍ാം ആ ദിവ്യ സത്തിന്റെ പ്രകാശകണികകള്‍ മാത്രമത്രെ.എന്നാല്‍ ശ്രീകൃഷ്ണനാകട്ടെ ആ പരമാത്മാവുതന്നെയാണ്‌. "അവതാരോ ഹ്യസംഖ്യേയോ ഹരേ: സത്ത്വനിധേര്‍ദ്വിജാ:! യഥാവിദാസിന: കുല്യാ സരസസ്സ്യു: സഹസ്രശ:" എന്ന് ശ്രീമദ് ഭാഗവതം.(1-3-26) അങ്ങനെയുള്ള ഒട്ടനവധി അവതാരങ്ങള്‍ എടുത്ത ആ പരാത്മതത്വത്തെ അറിയാന്‍ നമ്മുടെ ഈ കേവല മനുഷ്യജന്മം കൊണ്ട് സാധ്യമാണോ?? നമ്മുടെ പരിമിതികള്‍ വച്ച് നമുക്ക് ശ്രമിക്കാം
🙏 👍 ❤️ 🌹 🎉 33

Comments