Sayyid Ibraheemul Khaleel al Bukhari
June 13, 2025 at 12:56 AM
https://www.facebook.com/share/p/16WfFabk9k/
പ്രതീക്ഷകളാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്. അപ്രതീക്ഷിതമായുണ്ടാകുന്നതെന്തും നടുക്കമുണ്ടാക്കും. നിരന്തരം നടുക്കമുള്ള വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ നമ്മില്‍ ഒരു തരം മരവിപ്പ് രൂപപ്പെടും. അത്തരമൊരു മരവിപ്പിലാണ് കുറച്ച് കാലമായി നമ്മള്‍. അഹമ്മദാബാദിലെ വിമാനാപകട വാര്‍ത്ത കേട്ടപ്പോള്‍ ഇതേ മരവിപ്പാണ് ആദ്യമുണ്ടായത്. യുദ്ധസമാന സാഹചര്യങ്ങൾ, നിരന്തരമുള്ള കപ്പല്‍ അപകടങ്ങള്‍, ഇപ്പോൾ വിമാന അപകടവും സംഭവിച്ചിരിക്കുന്നു. ഒരാളൊഴികെ മുഴുവന്‍ യാത്രികരും മരണപ്പെട്ടുവെന്ന വാര്‍ത്തയാണ് അവസാനമായി കേട്ടത്. പതിച്ചത് ജനവാസ കേന്ദ്രത്തിലായതിനാല്‍ യാത്രികരല്ലാത്തവരും മരണപ്പെട്ടിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റവരുമുണ്ട്. അവരുടെ പെട്ടെന്നുള്ള സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു. മരണ സഖ്യ ഇനിയും കൂടാനാണ് സാധ്യത. പരേതരുടെ കുടുംബങ്ങളുടെയും ബന്ധപ്പെട്ടവരുടെയും വേദനയില്‍ പങ്കുചേരുന്നു.
എത്ര പെട്ടെന്നാണ് സന്തോഷങ്ങള്‍ ദുഃഖങ്ങളായി മാറുന്നത്. നൈമിഷകമാണ് നമ്മുടെ ആഢംബരങ്ങളെല്ലാം. സുരക്ഷിതരാണെന്നത് നാം സ്വയം വിശ്വസിക്കാനിഷ്ടപ്പെടുന്ന ഒരു മിഥ്യാധാരണയാണ്. കോട്ടകെട്ടി കാണാമറയത്തിരുന്നാലും മരണം നിങ്ങളെ തേടിവരിക തന്നെ ചെയ്യുമെന്നൊരാശയമുണ്ട് ഖുര്‍ആനില്‍. ആ ചിന്ത നമ്മെ കൂടുതല്‍ വിനീതപ്പെടുത്തും. 'എല്ലാ ശരീരവും മരണത്തെ രുചിക്കുമെന്ന' ഖുര്‍ആനിലെ ആശയം വരുന്ന സൂക്തം ദിവസവും രാത്രി ഉറങ്ങാന്‍ നേരം ഒരു പത്ത് തവണയെങ്കിലും ഞാനാവര്‍ത്തിച്ച് ചൊല്ലാറുണ്ടെന്ന് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ഒരിക്കലെന്നോട് പറഞ്ഞു. 'അത് അര്‍ത്ഥമറിഞ്ഞ് ചൊല്ലുമ്പോള്‍ ഞാന്‍ കൂടുതല്‍ വിനയപ്പെടുന്നു' എന്നാണ് അദ്ദേഹം അത് പതിവാക്കാനുള്ള കാരണമായി പറഞ്ഞത്.
പ്രിയപ്പെട്ടവരെ, പറഞ്ഞുവരുന്നത് പ്രതീക്ഷാ നിര്‍ഭരമാണ് ജീവിതമെന്ന് തന്നെയാണ്. എന്നാല്‍ അപ്രതീക്ഷിതമായതും സംഭവിക്കും. അതിനെ നേരിടാനുള്ള മനക്കരുത്ത് നാം ആര്‍ജിക്കേണ്ടതുണ്ട്. മരണം ഏത് സമയത്തും എന്നെ പിടികൂടാമെന്ന ചിന്ത അമിത പ്രതീക്ഷകളെ പ്രതിരോധിക്കാനുള്ള മറുമരുന്നാണ്. അതുകൊണ്ട് ആഗ്രഹങ്ങള്‍ക്ക് പിറകെ പോകുമ്പോൾ ഒരു നിമിഷമൊന്ന് ആലോചിക്കുക. ഇതുവരെ നമുക്ക് ദീര്‍ഘായുസ്സ് തന്നതിന് നന്ദിയുള്ളവരാവുക. പ്രാര്‍ത്ഥനകളിലേര്‍പ്പെടുക. പെട്ടെന്നുള്ള മരണങ്ങളില്‍ നിന്നും അപകടങ്ങളിൽ നിന്നും നമ്മെയും പ്രിയപ്പെട്ടവരെയും അല്ലാഹു കാത്തുരക്ഷിക്കട്ടെ. ആരോഗ്യത്തോടെയുള്ള ദീര്‍ഘായുസ്സ് അവന്‍ കനിഞ്ഞു നല്‍കട്ടെ.
Sayyid Ibraheemul Khaleel Al Bukhari
😢
🤲
❤️
👍
💔
🌷
😍
28