CPIM Kerala

42.9K subscribers

Verified Channel
CPIM Kerala
June 21, 2025 at 04:05 AM
ഇ ഡി എല്ലാ പരിധികളെയും ലംഘിക്കുകയാണെന്ന് അടുത്തകാലത്ത് സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസിനുതന്നെ തുറന്നടിക്കേണ്ടതായി വന്നു. അത് സംശയാതീതമായ വസ്തുതയാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞ ഏതാനും വർഷത്തെ ഇ ഡിയുടെ കേരളത്തിലെ ചെയ്തികൾമാത്രം പരിശോധിച്ചാൽ മതി. എന്നാൽ കേരളത്തിൽ മാത്രമല്ല, ബിജെപിക്കെതിരായി നിലപാടെടുക്കുന്ന പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഇ ഡി ചെയ്തുകൊണ്ടിരിക്കുന്നത് ഏറെക്കുറെ ഇതുതന്നെയാണ്. കോടതികളിൽനിന്ന് നിരന്തരം തിരിച്ചടിയേറ്റിട്ടും കേന്ദ്ര സർക്കാരിനുവേണ്ടി വിടുപണി ചെയ്യുകയെന്ന നിയമവിരുദ്ധ ദൗത്യം തന്നെയാണ് മറ്റ് അനേ്വഷണ ഏജൻസികളെ പോലെ ഇ ഡിയും തുടരുന്നത്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് സുപ്രീം കോടതി ചീഫ് ജസ്റ്റസിനു തന്നെ മേൽപറഞ്ഞതുപോലുള്ള പ്രതികരണം നടത്തേണ്ടതായി വന്നത്. കേരളത്തിൽ ഇ ഡി നടത്തിയ ഏറ്റവും പുതിയ നീക്കമാണ് ‘‘പാർട്ടി പ്രതി, പാർട്ടി നേതാക്കളും’’ എന്ന മനോരമയുടെ തലക്കെട്ടിനു കീഴെ ചേർത്തിരിക്കുന്ന റിപ്പോർട്ടിൽ കാണുന്നത്. തൃശ്ശൂർ ജില്ലയിലെ കരുവന്നൂർ സഹകരണ സംഘവുമായി ബന്ധപ്പെട്ട കേസനേ്വഷണത്തിന്റെ ഒരു ഘട്ടത്തിലാണ് ഇ ഡിയുടെ പുതിയ നീക്കമുണ്ടായത‍്. കോടതിയിൽ ഇ ഡി കുറ്റപത്രം നൽകിയ സമയവും ശ്രദ്ധിക്കപ്പെടേണ്ടതാണ്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിനെ തുടർന്നായിരുന്നു ഇ ഡിയുടെ പുതിയ നീക്കം. ഇതിൽനിന്നുതന്നെ ഇ ഡിയുടെ ലക്ഷ്യമെന്തെന്ന് പകൽപോലെ വ്യക്തമാണ്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് സിപിഐ എമ്മിനെയും പാർട്ടി നേതാക്കളെയും പ്രതിചേർത്ത് കുറ്റപത്രം നൽകുകയെന്ന രാഷ്ട്രീയ ദൗത്യമാണ് ഇ ഡി നിർവഹിച്ചത്. അങ്ങനെ മനോരമയെപ്പോലെയുള്ള വലതുപക്ഷ മാധ്യമങ്ങൾക്ക് സിപിഐ എം വിരുദ്ധ തലക്കെട്ടുകൾ ചമയ്ക്കാനും ചർച്ചകൾ നടത്താനും തുടർന്ന് പ്രതിപക്ഷത്തിന് അത് പ്രചരണായുധമാക്കാനും അവസരം നൽകൽ മാത്രമാണ് ഇ ഡിയുടെ ഇപ്പോഴത്തെ നീക്കത്തിന്റെ ലക്ഷ്യം. കരുവന്നൂർ കേസിൽ ഒരു വർഷം മുൻപു തന്നെ ഇ ഡി അനേ്വഷണം പൂർത്തീകരിച്ചതാണ്. എന്നാൽ ഇപ്പോഴാണ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. തക്കം നോക്കി ഇരിക്കുകയായിരുന്നുവെന്നു വേണം കരുതാൻ. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിനു മുൻപാണ് കിഫ്ബിയുടെ പേരിൽ എനിക്ക് സമൻസുകൾ അയച്ചത്. ഇപ്പോൾ തിരഞ്ഞെടുപ്പ് കഴിഞ്ഞ് വർഷം ഒന്നു കഴിഞ്ഞു. ഇതേവരെ ഒരനക്കവുമില്ല. ഇനി വന്നാലൊട്ട് വഴങ്ങാൻ തീരുമാനിച്ചിട്ടുമില്ല. കാരണം, വിഷയം കോടതിയുടെ മുൻപിലാണല്ലോ. കോടതി തീർപ്പാക്കട്ടെ. കോടതി ഉന്നയിച്ച ചോദ്യങ്ങൾക്ക് ഒന്നിനും ഇന്നേവരെ ഇ ഡി ഉത്തരം നൽകിയിട്ടില്ല. ശരിക്കും ഒളിച്ചോടുക തന്നെയായിരുന്നു ഇ ഡി. സമൻസ് അയച്ചത് എന്തു കുറ്റം ചെയ്തതിന്റെ പേരിൽ എന്ന കോടതിയുടെ ചോദ്യത്തിനു മുന്നിൽ ഉത്തരമില്ലാതെ നിന്ന ഇ ഡിയെയാണ് അന്നു നാം കണ്ടത്. വീണ്ടുമൊരു തിരഞ്ഞെടുപ്പുകാലമായപ്പോൾ ഇപ്പോൾ, കരുവന്നൂരിനെ കരുവാക്കിയാണ് ഇ ഡി അവതരിച്ചിരിക്കുന്നത്. സമാനമായ വിധത്തിൽ 193 കേസുകളാണ് മോദി അധികാരത്തിലെത്തിയശേഷം ഇ ഡി വിവിധ സംസ്ഥാനങ്ങളിലായി എടുത്തിട്ടുള്ളത്. മഹാഭൂരിപക്ഷവും ബിജെപിയുടെ എതിരാളികൾക്കുനേരെ തന്നെയാണ്. അതിനു പുറമെ ബിജെപിക്ക് സംഭാവന പിരിക്കാൻ സൗകര്യമൊരുക്കുന്നതിനുവേണ്ടി കമ്പനികളെ, അവയുടെ ഉടമകളെ പേടിപ്പിക്കുന്നതിനുവേണ്ടിയും ഇ ഡി രംഗത്തിറങ്ങിയിട്ടുണ്ട്. അങ്ങനെ ബിജെപിയുടെ ഫണ്ട് പിരിവ് ഏജൻസിയായി അധഃപതിച്ചിരിക്കുകയാണ് ഇ ഡി. ഇതിന്റെ സ്വാഭാവികമായ അനന്തരഫലമാണ് ഇ ഡി ഉദ്യോഗസ്ഥർ തന്നെ കൈക്കൂലി ആവശ്യപ്പെടുകയോ കൈക്കൂലി വാങ്ങുകയോ ചെയ്ത കേസുകളിൽ കാണുന്നത്. ഇതുമായി ബന്ധപ്പെട്ട് രണ്ടു കാര്യങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്. ഏജൻസിയിലെ അഴിമതിക്കാരായവരെ കണ്ടെത്തി അവരെ തങ്ങളുടെ ആജ്ഞാനുവർത്തികളായി മാറ്റുകയെന്ന ബിജെപിയുടെ രീതിയാണ് ഒന്ന്. മറ്റൊന്ന് തങ്ങളെക്കൊണ്ട് നിയമവിരുദ്ധ നടപടികളിലൂടെ ബിജെപി പണമുണ്ടാക്കാൻ ശ്രമിക്കുമ്പോൾ സ്വന്തം നിലയിൽ ഇത്തരം കളികൾ കളിച്ച് സ്വന്തമായി പണമുണ്ടാക്കിയാലോ എന്ന ചിന്തയിൽ സ്വാഭാവികമായി എത്തിച്ചേരാനിടയുള്ള ഉദ്യോഗസ്ഥരുമുണ്ടാവും എന്നതാണ്. എന്തായാലും അഴിമതി തടയുന്നതിനുള്ള ഏജൻസിയെ തന്നെ ബിജെപി ഭരണത്തിൽ അഴിമതി ഏജൻസിയാക്കി മാറ്റിയിരിക്കുകയാണ്. ഒരുപക്ഷേ ചരിത്രത്തിൽതന്നെ ആദ്യമായാണ് ഒരു രാഷ്ട്രീയ പാർട്ടിയെ നെ പ്രതിചേർത്ത് അനേ്വഷണ ഏജൻസി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നത്. ഇ ഡി ഈ അപൂർവ വിശേഷണവും കൂടി സ്വന്തം തൊപ്പിയിലെ തൂവലാക്കിയിരിക്കുന്നു. കരുവന്നൂർ സഹകരണ ബാങ്കിൽ പാർട്ടിക്കുവേണ്ടി വെട്ടിപ്പു നടത്തിയെന്നത്രെ ഇ ഡിയുടെ കേസ്. ഇതിൽനിന്നുതന്നെ ഇ ഡിയുടെ രാഷ്ട്രീയ ഉന്നം വ്യക്തമാവുകയാണ്. എന്താണ് സത്യമെന്നത് എല്ലാവർക്കും അറിയാവുന്നതാണ്. എങ്കിലും ചില കാര്യങ്ങൾ മാത്രമൊന്നു നോക്കൂ. കരുവന്നൂർ ബാങ്കിൽ നടന്ന വെട്ടിപ്പുകൾ സംബന്ധിച്ച ആരോപണമോ പരാതിയോ പൊതുസമൂഹത്തിൽ ഉയർന്നുവന്നതല്ല. യഥാർഥത്തിൽ ഇതു സംബന്ധിച്ച ആക്ഷേപങ്ങൾ ഉയർന്നത് പാർട്ടിക്കുള്ളിൽ തന്നെയാണ്. അതിനെക്കുറിച്ച് സമഗ്രമായ അനേ്വഷണം നടത്താൻ അപ്പോൾതന്നെ പാർട്ടി തീരുമാനിച്ചു. എന്നാൽ 2019ലെ ലോക്സഭ തിരഞ്ഞെടുപ്പുമൂലം അനേ്വഷണ റിപ്പോർട്ട് വൈകി. ഉയർന്നുവന്ന ആരോപണങ്ങൾ അനധികൃതമായി വായ്പ നൽകുക തുടങ്ങിയ കുറ്റങ്ങൾ ബാങ്കിലെ സെക്രട്ടറിയടക്കമുള്ള ജീവനക്കാർ നടത്തിയതായാണ് കണ്ടെത്തൽ. ഇത് തടയുന്നതിൽ വീഴ്ച വരുത്തിയ പാർട്ടി നേതാക്കൾക്കെതിരെയെല്ലാം പാർട്ടി തലത്തിൽ നടപടിയും സ്വീകരിച്ചു. ചിലർ നടത്തിയ ക്രമക്കേടുകൾ ൃമൂലം സഹകാരികൾക്കു നഷ്ടം ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സർക്കാരും കൈക്കൊണ്ടു. പാർട്ടി തലത്തിലുള്ള അന്വേഷണത്തിലും നടപടിയിലും മാത്രം ഒതുങ്ങുകയായിരുന്നില്ല പാർട്ടി ചെയ്തത്. മറിച്ച് ഇക്കാര്യത്തിൽ നിയമനടപടികൾ സ്വീകരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. സംസ്ഥാന ഗവൺമെന്റിന്റെ കർശന നിർദേശത്തിന്റെ അടിസ്ഥാനത്തിൽ 2019–20 കാലത്തുതന്നെ ക്രൈം ബ്രാഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തു. സർക്കാർ തലത്തിലെ അനേ്വഷണ നടപടികൾ കരുവന്നൂർ ബാങ്കിൽ മാത്രം ഒതുങ്ങിയില്ല. കരുവന്നൂർ കേസിന്റെ അനേ്വഷണം ആരംഭിച്ചപ്പോൾതന്നെ മറ്റു നിരവധി സഹകരണബാങ്കുകളിൽ സമാനമായ കാര്യങ്ങൾ നടക്കുന്നതായി സഹകാരികളിൽനിന്നും പരാതികൾ ഉയർന്നുവന്നു. കോൺഗ്രസ് നേതൃത്വത്തിലുള്ള വയനാട് പുൽപ്പള്ളി സഹകരണബാങ്ക്, പത്തനംതിട്ട മൈലപ്ര സഹകരണബാങ്ക്, തൃശ്ശൂർ പുത്തൂർ സഹകരണബാങ്ക്, അടാട്ട് ഫാർമേഴ്സ് സർവീസ് സഹകരണബാങ്ക് എന്നിങ്ങനെ പല ബാങ്കുകളിലും പല തരത്തിലുള്ള ക്രമക്കേടുകളും തിരിമറികളും സഹകരണവകുപ്പിന്റെ ഓഡിറ്റ് വിഭാഗം കണ്ടെത്തുകയും കൂടുതൽ അനേ്വഷണത്തിനും നിയമനടപടികൾക്കുമായി ക്രൈംബ്രാഞ്ചിനു കൈമാറുകയും ചെയ്തു. കരുവന്നൂർ ഉൾപ്പെടെ ക്രമക്കേടുനടന്ന സ്ഥാപനങ്ങളിലെല്ലാം അതിലെ ഉദ്യോഗസ്ഥരെ മാത്രം ശിക്ഷിക്കുന്ന പഴയരീതി മാറുകയും ഭരണം നടത്തിയിരുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ ഉത്തരവാദിത്വങ്ങളെക്കുറിച്ചു കൂടി അനേ്വഷണം നീളുകയും അവരിൽ കുറ്റക്കാരാണെന്നു കണ്ടെത്തിയ പലർക്കുമെതിരെ ക്രൈംബ്രാഞ്ച് കേസെടുക്കുകയും നിയമനടപടികൾക്ക് വിധേയമാക്കുകയും ചെയ്തു. ഈ ഘട്ടത്തിലാണ് കരുവന്നൂർ കേസിൽ ഇ ഡി പ്രത്യക്ഷപ്പെടുന്നത്. തുടക്കംമുതൽതന്നെ ഇ ഡിയുടെ വരവിന്റെ രാഷ്ട്രീയലക്ഷ്യം വ്യക്തമായിരുന്നു. ക്രൈംബ്രാഞ്ച് അനേ്വഷണം പൂർത്തിയാക്കിയ ഘട്ടത്തിലായിരുന്നു ഇ ഡി വരുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കുറ്റവാളികളായി കണ്ടെത്തിയവരിലോ ആ സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ഏതെങ്കിലും വിധത്തിൽ ബന്ധമുള്ളവരിലോ മാത്രം ഒതുങ്ങിനിന്നില്ല ഇ ഡി; മറിച്ച് മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത വിധം മുഖ്യ കുറ്റവാളികളെ മാപ്പുസാക്ഷികളാക്കി സിപിഐ എം നേതാക്കൾക്കെതിരെ മൊഴി പറയിച്ച് അവരെ കേസിൽ കുടുക്കാനുള്ള ആസൂത്രിത നീക്കമാണ് നടത്തിയത്. അതിന്റെ പര്യവസാനമാണ് തൃശ്ശൂർ ജില്ലയിലെ മുൻ സിപിഐ എം സെക്രട്ടറിമാർക്കെല്ലാമെതിരെയും പാർട്ടിക്കെതിരെയും കോടതിയിൽ ഇ ഡി കുറ്റപത്രം സമർപ്പിച്ചത്. അഴിമതിക്കേസിലെ മുഖ്യപ്രതികളെ കേസിൽ നിന്നൊഴിവാക്കി മാപ്പുസാക്ഷിയാക്കുന്നതുതന്നെ കേട്ടുകേൾവിയില്ലാത്ത നടപടിയാണ്. യഥാർഥത്തിൽ, അതുവഴി ഇ ഡി അഴിമതിക്കാരെ രക്ഷിക്കുകയാണ് ചെയ്തത്. അഴിമതി നടത്തിയവരുടെ മൊഴിയെ ആധാരമാക്കി, കേസുമായോ ആ ബാങ്കുമായോ ഒരു ബന്ധവുമില്ലാത്ത പാർട്ടി നേതാക്കളെ കേസിൽ കുടുക്കുന്നതിലൂടെ യഥാർഥത്തിൽ ഇ ഡി സ്വന്തം വിശ്വാസ്യതയ്ക്കൊപ്പം കേസിന്റെ വിശ്വാസ്യതയെതന്നെയും സംശയത്തിന്റെ നിഴലിലാക്കിയിരിക്കുകയാണ്. മാത്രമല്ല, നിയമസംവിധാനത്തെതന്നെ ഇ ഡി സ്വന്തം രാഷ്ട്രീയ യജമാനന്മാർക്കായി ബലി കഴിക്കുന്നതായാണ് ഇവിടെ കാണുന്നത്. ശരിക്കും വിശ്വാസ്യത നഷ്ടപ്പെട്ട ഒരനേ്വഷണ ഏജൻസി തന്നെയാണ് ഇ ഡി. എടുക്കുന്ന കേസുകളിൽ രണ്ടു ശതമാനത്തിൽ പോലും കുറ്റം തെളിയിക്കാനോ ശിക്ഷ ഉറപ്പാക്കാനോ ഇ ഡിക്ക് ഇന്നേവരെ കഴിഞ്ഞിട്ടില്ല. 2005നുശേഷം ഇ ഡി രജിസ്റ്റർ ചെയ്ത 5906 കേസുകളിൽ വിചാരണ പൂർത്തിയായത് വെറും 25 എണ്ണത്തിൽ മാത്രമാണ്; അതിൽ തന്നെ ശിക്ഷിക്കപ്പെട്ടത് വിരലിലെണ്ണാവുന്നവർ മാത്രമാണ്. കാരണം രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെ മാത്രമാണ് ഇ ഡി കേസെടുക്കുന്നത്. ശരിക്കും ശാസ്ത്രീയമായ അന്വേഷണമോ പരിശോധനയോ തെളിവുശേഖരണമോ ഒന്നുംനടത്താതെ തങ്ങളുടെ രാഷ്ട്രീയ യജമാനന്മാരുടെ ലക്ഷ്യം നേടുന്നതിനായും രാഷ്ട്രീയ പ്രചരണത്തിനായും മാത്രം കേസെടുക്കുകയും കുറ്റപത്രം നൽകുകയും ചെയ്യുന്നതു മൂലമാണ് ഇ ഡിക്ക് നിരന്തരം കോടതികളിൽ തലകുനിച്ച് നിൽക്കേണ്ടതായി വരുന്നത്. കരുവന്നൂരിൽ സിപിഐ എം നേതാക്കൾക്കും ജനപ്രതിനിധികൾക്കുമെതിരെ വ്യാജ ആരോപണങ്ങളിന്മേൽ അനേ്വഷണം നടത്തി കേസെടുക്കുന്ന ഇ ഡി അതേസമയം ബിജെപി നേതാക്കൾക്കെതിരായ കൊടകര കുഴൽപ്പണക്കേസിൽ പ്രതികളെ വെള്ളപൂശാനുള്ള ശ്രമമാണ് നടത്തിയത്. കുഴൽപ്പണക്കേസിൽ ബിജെപി നേതാക്കളെ കുറ്റവിമുക്തരാക്കി റിപ്പോർട്ട് നൽകിയ ഇ ഡി ഉദ്യോഗസ്ഥൻ തന്നെയാണ് ഇപ്പോൾ കൈക്കൂലിക്കേസിൽ കുടുങ്ങിക്കിടക്കുന്നത്. സ. ടി എം തോമസ് ഐസക് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം
👍 🤦‍♂ 2

Comments