CPIM Kerala

42.9K subscribers

Verified Channel
CPIM Kerala
June 21, 2025 at 05:19 AM
കേരളത്തിലെ കർഷകരിൽനിന്ന്‌ കേന്ദ്രസർക്കാർ നേരിട്ട് നെല്ല് സംഭരിക്കുന്നതിന് നടപടി സ്വീകരിക്കുന്നതായി വാർത്ത ശ്രദ്ധയിൽപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ ദൂരീകരിച്ച്‌, യഥാർഥ വസ്തുത ജനങ്ങളെ അറിയിക്കുകയും ചെയ്യേണ്ടതുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ഫെഡറൽ സഹകരണം ലംഘിച്ചുള്ള നീക്കമാണെങ്കിൽ പ്രതിഷേധാർഹമാണ്. മാധ്യമവാർത്തകൾ പ്രകാരം എൻസിസിഎഫ് (നാഷണൽ കോ–ഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷൻ) മുഖേന പാലക്കാട്, തൃശൂർ ജില്ലകളിൽനിന്ന്‌ നെല്ല് സംഭരിക്കുന്നതിനുവേണ്ടി ഫെഡറേഷൻ സമ്മതപത്രം വാങ്ങിയിട്ടുണ്ട്. സംസ്ഥാന ബിജെപി നേതൃത്വത്തിന്റെ അഭ്യർഥന പ്രകാരമാണത്രേ ഇത്‌. സപ്ലൈകോ നോഡൽ ഏജൻസിയായി നടന്നുവരുന്ന നെല്ല് സംഭരണത്തിൽനിന്ന്‌ വ്യത്യസ്തമായി കച്ചവടതാൽപ്പര്യത്തോടെയാണ് എൻസിസിഎഫ് നീങ്ങുന്നത്‌. സപ്ലൈകോ മുഖേനയുള്ള നെല്ല് സംഭരണം കർഷകരെ സഹായിച്ച്‌, പൊതുവിതരണ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമാണ്. കേന്ദ്ര– സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ നടത്തപ്പെടുന്ന വികേന്ദ്രീകൃത ധാന്യസംഭരണ പദ്ധതിയുടെ ഭാഗമായാണ് കേരളത്തിലും നെല്ല് സംഭരണം. കർഷകർക്ക് താങ്ങുവില നിശ്ചയിക്കുന്നതും നൽകേണ്ടതും കേന്ദ്രമാണ്. കഴിഞ്ഞ സംഭരണവർഷംവരെ കിലോയ്‌ക്ക്‌ 23 രൂപയാണ് കേന്ദ്രം നിശ്ചയിച്ചു നൽകിയ താങ്ങുവില. കേരളത്തെ സംബന്ധിച്ച് ഇത് അപര്യാപ്തമാണ്. ഉൽപ്പാദനച്ചെലവിന്റെ ഒന്നര മടങ്ങ് എങ്കിലും താങ്ങുവില നൽകണമെന്നും ഇതിനായി വ്യവസ്ഥ കൊണ്ടുവരണമെന്നും രാജ്യവ്യാപകമായി കർഷക സംഘടനകൾ ആവശ്യപ്പെടുന്നു. ഈ നിലപാടിനോടാണ് കേരള സർക്കാരിന് യോജിപ്പ്. കൂലി നിരക്കുകളടക്കമുള്ള ഘടകങ്ങൾ പരിഗണിച്ച്‌ സംസ്ഥാനാടിസ്ഥാനത്തിൽ വ്യത്യസ്ത താങ്ങുവിലകൾ പ്രഖ്യാപിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സർക്കാരിനു കീഴിലുള്ള ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ നിശ്ചയിച്ചിട്ടുള്ള ഗുണമേന്മ മാനദണ്ഡമായ എഫ്എക്യു (ഫെയർ ആവറേജ് ക്വാളിറ്റി) പ്രകാരം കേരളത്തിലെ കർഷകർ ഉൽപ്പാദിപ്പിക്കുന്ന നെല്ല് പൂർണമായും സംഭരണയോഗ്യമല്ല. ഇത് കർഷകരുടെ കുറ്റമല്ല. ഭൂമിശാസ്ത്ര–- കാലാവസ്ഥാപരവുമായ കാരണങ്ങളുടെ ഫലമാണ്. കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള ഔട്ട്ടേൺ റേഷ്യോ ആയ 68 ശതമാനം കേരളത്തിൽ പ്രായോഗികമല്ലെന്ന നിലപാടിലാണ് മില്ലുകാർ കർഷകരിൽനിന്ന് കിഴിവ് ആവശ്യപ്പെടുന്നത്. കർഷകരെ സഹായിക്കാനായി ഇത് 64.5 ശതമാനമായി കുറയ്ക്കാൻ അനുവദിക്കണമെന്നുള്ള സംസ്ഥാനത്തിന്റെ ആവശ്യവും പരിഗണിക്കപ്പെട്ടില്ല. കർഷകന് ലഭിക്കേണ്ട 1108 കോടി രൂപയാണ് കേന്ദ്രം തടഞ്ഞുവച്ചിരിക്കുന്നത്. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട മൗലികപ്രശ്നങ്ങളിലൊന്നും സഹായനിലപാട് എടുക്കാത്ത കേന്ദ്രം എൻസിസിഎഫ് മുഖേന അരിക്കച്ചവടം നടത്തുന്നതിന് കേരളത്തിൽനിന്ന്‌ നെല്ലെടുക്കാൻ ഒരുങ്ങുന്നത് പരിഹാസ്യമാണ്‌. നിലവിൽ നെല്ലിന്റേത് കുത്തക സംഭരണമല്ല. പൊതുവിപണിയിൽ നെല്ല് വിൽക്കുന്നതിനോ സ്വകാര്യ കമ്പനികൾക്ക് സംസ്കരിച്ച് അരിയാക്കി വിപണനം നടത്തുന്നതിനോ തടസ്സമൊന്നുമില്ല‍. കുറഞ്ഞ വിലയ്ക്ക് നെല്ലെടുക്കുകയും അരിയാക്കി കൂടിയ വിലയ്ക്ക് വിറ്റഴിക്കുകയുമാണല്ലോ വിപണിയുടെ സ്വാഭാവിക രീതി. ഇതിന്റെ ഗുണം ലഭിക്കുക കർഷകനല്ല. ഇടനിലക്കാരനാണ്. ഈ ദുഃസ്ഥിതിക്ക്‌ അറുതി വരുത്തുന്നതിനാണ് ഒരു അടിസ്ഥാനവില നൽകി സംഭരണ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. ഇത് വിപണിയുടെ നീതിയല്ല. മറിച്ച് ക്ഷേമരാഷ്ട്ര സങ്കൽപ്പത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. സ്വകാര്യ കമ്പനികൾ സംഭരിച്ചാലും എൻസിസിഎഫ് സംഭരിച്ചാലും ലാഭമെടുത്ത് വിറ്റഴിക്കാൻ കഴിയുന്നതു മാത്രമേ കർഷകരിൽനിന്ന് സ്വീകരിക്കുകയുള്ളൂ. അത് സർക്കാർ പദ്ധതിയല്ല. കേരളത്തിൽ കർഷകർ ഉൽപ്പാദിപ്പിക്കുന്ന മുഴുവൻ നെല്ലും സപ്ലൈകോ സംഭരിക്കുന്നു. അത് വിപണിയിൽ വിറ്റ് ലാഭമുണ്ടാക്കാനല്ല, റേഷൻകടവഴി സൗജന്യമായോ ന്യായവിലയ്ക്കോ നൽകാനാണ്. അതിന്റെ വിൽപ്പന വിലയിൽനിന്ന് കർഷകർക്ക് കൊടുക്കാനുള്ള സംഭരണവില ലഭിക്കുകയില്ല. അതുകൊണ്ട് സർക്കാർ താങ്ങുവില നൽകേണ്ടിവരുന്നു. കേന്ദ്രസർക്കാർ നൽകുന്ന താങ്ങുവില അപര്യാപ്തമായതുകൊണ്ടാണ് കേരളം പ്രോത്സാഹന ബോണസ് ചേർത്തുനൽകുന്നത്. ഒട്ടനവധി പ്രയാസങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ചാണ് നെല്ല് സംഭരണം. ഇവയിൽ മിക്കതും കേന്ദ്രനിലപാടുകൾമൂലം സൃഷ്ടിക്കപ്പെടുന്നതാണ്. ഇത്‌ മറച്ചുവച്ചും കർഷകരെ സഹായിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുന്ന സംസ്ഥാന സർക്കാരിനെ താറടിക്കുന്നതിനും വേണ്ടിയുള്ള നിരന്തര പരിശ്രമങ്ങൾ പല കോണുകളിൽനിന്നും ഉയരുന്നു. കർഷകരെക്കൊണ്ട് പിആർഎസ് വായ്‌പ എടുപ്പിക്കുന്നത് അന്യായമാണെന്നാണ് മറ്റൊരു കണ്ടെത്തൽ. സംഭരിച്ച നെല്ല് അരിയാക്കി റേഷൻകടകൾ വഴി വിതരണം ചെയ്തശേഷമേ താങ്ങുവിലയുടെ ക്ലെയിം കേന്ദ്രം സ്വീകരിക്കുകയുള്ളൂ. ഈ കാലതാമസം ഒഴിവാക്കാനാണ് പിആ‍ർഎസ് വായ്പ പദ്ധതി. അതിൽ ദേശസാൽകൃതബാങ്കുകളുടെ സമീപനം കർഷകാനുകൂലം അല്ലെന്ന് പരക്കെ വിമർശമുണ്ട്. ഇപ്രകാരമുള്ള പ്രശ്നങ്ങളൊന്നും പരിഹരിക്കുന്നതിന് അടിസ്ഥാനപരമായ ഒരു സഹായവും കേന്ദ്രത്തിൽനിന്നില്ല. യഥാസമയം പണം അനുവദിക്കുന്നതിനോ ന്യായമായ എംഎസ്‌പി വർധന വരുത്തുന്നതിനോ ഒടിആറിൽ മാറ്റം വരുത്തുന്നതിനോ ഒന്നും തയ്യാറാകാത്ത കേന്ദ്രം ഒരു ഏജൻസിയെക്കൊണ്ട് സംസ്ഥാനത്ത് ഉൽപ്പാദിപ്പിക്കുന്ന നെല്ലിന്റെ വളരെ ചെറിയ അംശംമാത്രം വാണിജ്യാവശ്യാർഥം സംഭരിക്കുന്നത് വികേന്ദ്രീകൃത ധാന്യസംഭരണ പദ്ധതിയെ ദുർബലപ്പെടുത്തും. സ. ജി ആർ അനിൽ ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി
👍 😮 3

Comments