ADHYAPAKAKKOOTTAM
June 10, 2025 at 05:40 PM
ശ്രേഷ്ഠഭാഷ – 34. സന്ധിവികാരം തുടരുന്നു.... ആദേശസന്ധിയുടെ നിയമങ്ങൾ 3. പിന്നാലെ വരുന്നത് അനുനാസികമാണെങ്കിൽ ലകാരം നകാരമാകും. ഉദാ: നല്+മ=നന്മ, നല്+നൂൽ=നന്നൂൽ, കട്ടില്+മേൽ=കട്ടിന്മേൽ, നെല്+മണി=നെന്മണി, നാല്+മറ=നാന്മറ, കല്+മഴ=കന്മഴ, കല്+മതിൽ=കന്മതിൽ, കല്+മദം=കന്മദം. 4. പ്രത്യയമായി ഉപയോഗിക്കുന്ന മ പിന്നാലെ വരുന്നുണ്ടങ്കിൽ ളകാരം ണകാരമായി മാറും. ഉദാ: വെള്+മ=വെണ്മ, ഉള്+മ=ഉണ്മ 5. ളകാരത്തിനു പിന്നാലെ ഏതു വ്യഞ്ജനം വന്നാലും ളകാരം അതതിന്‍റെ അനുനാസികമായിമാറും. വെൾ+തിങ്കൾ=വെൺതിങ്കൾ (പണ്ട് വെണ്ടിങ്കൾ എന്നായിരുന്നു), വെൾ+കായം=വെങ്കായം, വെൾ+ചാമരം=വെഞ്ചാമരം, വെൾ+താമര=വെൺതാമര, വെൾ+നിലാവ്=വെൺനിലാവ് (അതു പിന്നീടു വെണ്ണിലാവ് എന്നു വരും) 6. മുൻ, പിൻ, പൊൻ എന്നിവയിലെ നകാരം ഒരു ഖരം പിന്നാലേ വരുമ്പോൾ ലകാരമായിമാറും. ഉദാ: പൊൻ+കതിർ=പൊല്ക്കതിർ, പിൻ+കാലം-പില്‌ക്കാലം, തിരുമുൻ+കാഴ്ച=തിരുമുല്ക്കാഴ്ച. (പൊൻകുഞ്ഞ്, പൊൻകുടം, മുൻകാലം പൊൻകതിർ എന്നൊക്കെ മാത്രമേ ഇപ്പോൾ പ്രയോഗമുള്ളൂ) 7. കൾ എന്ന പ്രത്യയം പിന്നാലെ വരുന്നുവെങ്കിൽ നകാരം ങകാരമായി മാറും. താൻ+കൾ=താങ്+കൾ=താങ്കൾ, നിൻ+കൾ=നിങ്+കൾ=നിങ്ങൾ. കായ് പിന്നാലെ വന്നാലും ഇതുപോലെ ങകാരം ആദേശം വരുന്നുണ്ട്. തെൻ(തേൻ)+കായ്>തേങ്+കായ്>തേങ്കായ്>തേങ്ങ, മാ(വിൻ)കായ്>മാങ്+കായ്>മാങ്കായ്=മാങ്ങ, മത്തൻ+കായ്>മത്തങ്+കായ്=മത്തങ്ങ, പടവലം+കായ്>പടവലങ്+കായ്>പടവലങ്കായ്=പടവലങ്ങ (അനുനാസികാതിപ്രസരം മൂലം ങ്ക ങ്ങ ആയി) 8. താലവ്യസ്വരത്തിനു പിന്നാലേ തുപ്രത്യയം വന്നാൽ ചകാരം ആദേശം വരും ദ്വിത്വവും വരും. കടി+തു=കടിച്ചു, പിടി+തു=പിടിച്ചു, കുടി+തു=കുടിച്ചു, അടി+തു=അടിച്ചു. 9. ലകാരത്തിനു പിന്നാലേ തകാരം വന്നാൽ റ്റ കാരം ആദേശമാകും. വില്+തു=വിറ്റു, അകല്+തുന്നു=അകറ്റുന്നു, വഴല്+തുന്നു=വഴറ്റുന്നു. 10. ളകാരത്തിനു പരമായി തകാരം വന്നാൽ ടകാരം ആദേശം ചെയ്യും. നീള്+തി=നീട്ടി, നീള്+തു=നീണ്ടു, കേള്+തു=കേട്ടു, വേള്+തു=വേട്ടു. 11. ഴകാരത്തിനു പിന്നാലേ തകാരം വന്നാൽ ഇങ്ങനെയൊക്കെ വരും : പൂഴ്+തു>പൂൺ+തു=പൂണ്ടു, ആഴ്+തു>ആൺ+തു=ആണ്ടു, കേഴ്+തു=കേട്ടു, വാഴ്+തു=വാണു, വീഴ്+തു=വീണു, നൂഴ്+തു=നൂണു. 12. തിരു എന്ന വിശേഷണത്തിനു പിന്നാലേ ദൃഢങ്ങൾ വന്നാൽ തിരു എന്നതു തൃ എന്നാകും. ഉദാ: തിരു+കാൽ=തൃക്കാൽ, തിരു+കൈ=തൃക്കൈ, തിരു+പാദം=തൃപ്പാദം, തിരു+ചേവടി=തൃച്ചേവടി, തിരു+കണ്ണ്=തൃക്കണ്ണ്, തിരു+പൂണിത്തുറ=തൃപ്പൂണിത്തുറ, തിരു+കാല്ക്കര=തൃക്കാക്കര. അതിൻപ്രകാരം തിരു+പിറവി=തൃപ്പിറവി എന്നു വന്നിരിക്കണം. (എന്നാൽ തിരു എന്ന ഭേദകത്തിനു ശേഷം സ്വരങ്ങളോ ശിഥിലങ്ങളോ മൃദുക്കളോ ആണ് വരുന്നതെങ്കിൽ ഈ ആദേശം ഉണ്ടാവില്ല. തിരുമുൽക്കാഴ്ച, തിരുമേനി, തിരുമെയ്യ്‌, തിരുനാൾ, തിരുശേഷിപ്പ്, തിരുമുഖം, തിരുവേഗപ്പുറം, തിരുവനന്തപുരം, തിരുവൈരാണിക്കുളം, തിരുവഞ്ചിക്കുളം, തിരുനാവായ, തിരുമാന്ധാംകുന്ന്, തിരുമൂലപുരം, തിരുമൂഴിക്കുളം, തിരുനക്കര) തിരുക്കുടുംബം, തിരുപ്പിറവി എന്നിവ ക്രിസ്ത്യാനികള്‍ തെറ്റായി പ്രയോഗിക്കുന്ന വാക്കുകള്‍. തുടരും ...
👍 1

Comments